സേവനക്കൂട്ടത്തിന് വലിയൊരു ‘ഒബ്രിഗാദ’

ഈ ‘മഞ്ഞക്കിളി’കളാണ് റിയോ ഒളിമ്പിക്സിലെ യഥാര്‍ഥ വിജയ ശില്‍പികള്‍. അരലക്ഷത്തിലേറെ വരും അവര്‍. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. റിയോ ഒളിമ്പിക്സ് അവസാന ദിവസങ്ങളിലേക്ക് വിജയകരമായി കടക്കുമ്പോള്‍ നല്ലവാക്കുകള്‍ മാത്രം ചൊരിയാവുന്ന വിഭാഗം. ഈ ഗെയിംസിനെ അവിസ്മരണീയ അനുഭവമാക്കുന്നതില്‍ 70,000ത്തോളം വരുന്ന വളന്‍റിയര്‍ സഘത്തിന്‍െറ പങ്ക് ചെറുതല്ല.

എവിടത്തെിരിഞ്ഞു നോക്കിയാലും പുഞ്ചിരിച്ച് അവരുണ്ട്. ഏതു പ്രശ്നത്തിനും സമീപിക്കാം. നിയമത്തിലും ചട്ടത്തിലും കണിശക്കാരാണെങ്കിലും ഹൃദ്യമായ പെരുമാറ്റത്തിലൂടെ ആരെയും തോല്‍പിക്കും. വഴിയറിയാതെയും വിവരങ്ങള്‍ ലഭിക്കാതെയും വിഷമിക്കുമ്പോള്‍ വളന്‍റിയര്‍മാരെ കണ്ടാല്‍ ആശ്വാസമായി. ഇംഗ്ളീഷ് അറിയാത്തവരാണെങ്കിലേ പ്രശ്നമുള്ളൂ. ഭാഷ തടസ്സമായാലും കഴിവിന്‍െറ പരമാവധി സഹായം ചെയ്തുതരും. കഴിഞ്ഞദിവസം ഫോണിലെ ബാലന്‍സ് അറിയാനുള്ള നമ്പര്‍ ചോദിച്ച് ഒരാളെ സമീപിച്ചു. നാലു സുഹൃത്തുക്കളോട് സ്വന്തം ഫോണില്‍ നിന്ന് വിളിച്ചുചോദിച്ചാണ് എനിക്ക് ഉത്തരം കണ്ടത്തെിയത്.
ജോലി ചെയ്യാന്‍ ഇവര്‍ക്കൊരു മടുപ്പുമില്ല. ദിവസവും പത്തും 12ഉം മണിക്കൂര്‍ നിര്‍ത്താതെ പ്രസന്നവദനരായി പണിയെടുക്കാന്‍ ഇക്കാലത്ത് വേറെ ആരെക്കിട്ടും. അതും തീര്‍ത്തും സൗജന്യമായി. രാത്രി 12 മണിക്കുശേഷവും റെയില്‍വേ സ്റ്റേഷനില്‍ ഒളിമ്പിക്സിനത്തെിയവരെ മക്കളെപോലെ സഹായിക്കുന്ന ഒരു വൃദ്ധയെക്കണ്ടു. വിദ്യാര്‍ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ ഒരേ മനസ്സോടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. വളന്‍റിയര്‍മാര്‍ മോശമായി പെരുമാറി എന്ന പരാതി ഇതുവരെ എവിടെനിന്നും കേട്ടിട്ടില്ല. തെക്കേ അമേരിക്കയില്‍ ആദ്യമായത്തെിയ ലോക കായികമേള വിജയിപ്പിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് സേവന സംഘത്തിന്‍െറ പ്രവര്‍ത്തനം.

അതിന് ലോകമെങ്ങുനിന്നും ആളുകള്‍ സ്വമേധയാ എത്തി. പലരും ജോലിയില്‍നിന്ന് അവധിയെടുത്തും ബിസിനസ് നിര്‍ത്തിവെച്ചുമെല്ലാമാണ് മഹത്തായ കായിക സംസ്കാരത്തിന്‍െറ ഭാഗമാകുന്നത്. അതിരുകളില്ലായ്മയാണല്ളോ ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന സന്ദേശം തന്നെ. എനിക്കും ഒളിമ്പിക് വളന്‍റിയറാകണമെന്ന് പറഞ്ഞുവന്നവരെയെല്ലാം എന്നാ വാ എന്നുപറഞ്ഞ് യൂനിഫോം കൊടുക്കുകയായിരുന്നില്ല. അഭിമുഖവും കൂട്ടചര്‍ച്ചയും സ്പോര്‍ട്സിലുള്ള താല്‍പര്യവും ഭാഷാശേഷിയും അളക്കലുമെല്ലാം നടത്തി തൃപ്തികരമായവരെ മാത്രമാണ് എടുത്തത്. വിദേശികള്‍ക്കുമുണ്ടായിരുന്നു ഓണ്‍ലൈനിലൂടെ ഇത്തരം കടമ്പകള്‍. വളന്‍റിയര്‍മാരാകാന്‍ സന്നദ്ധരായവരില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്നോട്ടുവന്നത് 191 രാജ്യങ്ങളില്‍ നിന്ന് 2.40 ലക്ഷം പേരാണ്. വിമാനടിക്കറ്റിനും താമസത്തിനും ഉള്‍പ്പെടെ സ്വന്തം കൈയില്‍ നിന്ന് കാശുചെലവാക്കണം. സംഘാടകരില്‍ നിന്ന് ലഭിക്കുക ഡ്യൂട്ടി സമയത്തെ ഭക്ഷണവും യൂനിഫോമും മാത്രം. എന്നിട്ടാണ് ഈ തള്ള്.

കുറഞ്ഞദിവസം കൊണ്ട് ലോകത്തെ ശരിക്കും അറിയാനുള്ള അവസരമാണിതെന്ന് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം തവനൂര്‍ സ്വദേശി ജ്യോതിഷ്  ‘മാധ്യമ’ത്തോട് പറഞ്ഞു. കേരള അത്ലറ്റിക്സ് ഫെഡറേഷന്‍ മുന്‍ സെക്രട്ടറി വേലായുധന്‍കുട്ടിയുടെ മകനാണ് ജ്യോതിഷ്. ഇത്തവണ ഇന്ത്യയില്‍ നിന്ന് 40ഓളം വളന്‍റിയര്‍മാരുണ്ട്. മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജര്‍ വേറെ. വളന്‍റിയര്‍മാരില്‍ 60 ശതമാനം പേര്‍ ബ്രസീലുകാരാണ്. എല്ലാവരെയും ഓണ്‍ലൈനില്‍ ഒരുവര്‍ഷത്തോളം ഇംഗ്ളീഷ് പഠിപ്പിച്ചു. കായിക താരങ്ങളും വിദേശികളും സ്വദേശികളുമായ കാണികളും മാധ്യമപ്രവര്‍ത്തകരും ഒഫീഷ്യലുകളുമെല്ലാം ബ്രസീലിന്‍െറ ആതിഥേയത്തില്‍ വീണുപോയില്ളെങ്കിലേ അദ്ഭുതമുള്ളൂ. കഴിഞ്ഞദിവസം രാത്രി വാര്‍ത്തകളെല്ലാം അയച്ചശേഷം തിരിച്ചു റൂമിലേക്ക് പോകുമ്പോള്‍ ബാഹയിലെ അതിവേഗ ബസ്സ്റ്റേഷനിലുണ്ട് പാട്ടും നൃത്തവുമെല്ലാമായി കുറച്ചു വളന്‍റിയര്‍മാര്‍. ബസിന് ക്യൂ നിന്ന് ആര്‍ക്കെങ്കിലും ബോറടിച്ചാലോ എന്നു കരുതിയുള്ള വിനോദപരിപാടിയാണ്.

ഇവരുടെ യൂനിഫോം കാണാന്‍ തന്നെ നല്ല ചന്തമുണ്ട്. മാസങ്ങളെടുത്ത് പ്രത്യേകം ഡിസൈന്‍ ചെയ്തതാണിവ. ഡിസൈന്‍ ഒന്നെങ്കിലും പ്രധാന നിറത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന വിഭാഗത്തിനനുസരിച്ച്  മാറ്റമുണ്ട്. മഞ്ഞയാണ് മത്സര വേദികളിലും മീഡിയ സെന്‍ററുകളിലുമെല്ലാം കാണുക. ഇവരാണ് കൂടുതല്‍. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നവര്‍ ബ്രസീലിന്‍െറ പ്രകൃതിരമണീയത ആവാഹിച്ച പച്ച യൂനിഫോമിലാണ്. ചുവപ്പ് വൈദ്യസേവന സംഘത്തിന്. നീല ഗെയിംസിന്‍െറ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക്. എല്ലാവര്‍ക്കും കാക്കി പാന്‍റ്സ്. ഇത് ബര്‍മുഡയുമാക്കാം. കാല്‍മുട്ടിനടുത്തുവരുന്ന സിബ് അഴിച്ചു മാറ്റിയാല്‍ മതി. ചൈനയില്‍ നിന്നാണ് വളന്‍റിയര്‍മാര്‍ക്കും ഗെയിംസ് ജീവനക്കാര്‍ക്കുമുള്ള യൂനിഫോമും മറ്റും 58 കണ്ടെയ്നറുകളിലായി കൊണ്ടുവന്നത്. ലോകമേള വിജയിപ്പിക്കുന്നതില്‍ വളന്‍റിയര്‍മാര്‍ക്കുള്ള പങ്ക് മനസ്സിലാക്കിയ സംഘാടകര്‍ക്കും ഒരു വലിയ സല്യൂട്ട്. കൂറ്റന്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനെക്കാള്‍ ജാഗ്രതയിലും ആസൂത്രണത്തിലുമാണ് പതിനായിരക്കണക്കിന് വളന്‍റിയര്‍മാരെ ഒരുക്കിയെടുത്തത്.   ഏതായാലും ഇവരോടെല്ലാം ‘ഒബ്രിഗാദ‘ (നന്ദി) പറഞ്ഞ് നമ്മള്‍ മടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.