???? ?????????????????????? ??????????????? ????????? ?????????? ????

വോളിബാള്‍: മാലദ്വീപിനെ മുക്കി വിജയത്തുടക്കം

ഗുവാഹതി: മലയാളിത്തിളക്കത്തില്‍ ദക്ഷിണേഷ്യന്‍ ഗെയിംസ് വനിതാ വോളിബാളില്‍ ഇന്ത്യക്ക് ഗംഭീര വിജയത്തുടക്കം. ഗ്രൂപ് എയിലെ പോരാട്ടത്തില്‍ ദുര്‍ബലരായ മാലദ്വീപിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആതിഥേയ വനിതകള്‍ മുക്കിയത്. സ്കോര്‍: 25-9, 25-9, 25-10. ഇന്ത്യന്‍ സംഘത്തിന് സ്വന്തം പിഴവുകളില്‍ എതിരാളികള്‍ക്ക് പോയന്‍റ് സമ്മാനിക്കേണ്ടി വന്നതൊഴിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു. റെയില്‍വേ താരവും കോഴിക്കോട് വടകര സ്വദേശിയുമായ എം.എസ്. പൂര്‍ണിമ നയിച്ച ടീമില്‍ കെ.എസ്.ഇ.ബിയുടെ ടിജി രാജു, എസ്. രേഖ, റെയില്‍വേ താരമായ ടെറിന്‍ ആന്‍റണി എന്നിവരും അണിനിരന്നു. അയിഷത്ത് ഷഫയുടെ നേതൃത്വത്തിലിറങ്ങിയ മാലദ്വീപ് ടീമിന് ഒരുഘട്ടത്തിലും ആധിപത്യം പുലര്‍ത്താനായില്ല.
ആദ്യസെറ്റില്‍ ക്യാപ്റ്റന്‍ പൂര്‍ണിമയുടെ സ്മാഷിലൂടെ കുതിപ്പ് തുടങ്ങിയ ഇന്ത്യ അതിവേഗം പോയന്‍റുകള്‍ വാരിക്കൂട്ടി. ടെറിന്‍െറ ലിഫ്റ്റുകളും ടിജിയുടെയും രേഖയുടെയും സ്മാഷുകള്‍ക്കും എതിര്‍താരങ്ങള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. രാജ്യത്തെ മികച്ച താരമെന്ന വിശേഷണമുള്ള നിര്‍മല്‍ മാത്രമാണ് അല്‍പം നിറംമങ്ങിയത്. ലിബറോ പ്രിയങ്ക ഖേദ്കര്‍ക്ക് കാര്യമായ ജോലിയുണ്ടായിരുന്നില്ല. 11-4ലും 21-6ലും എത്തിയ ഇന്ത്യ പൂര്‍ണിമയുടെ സ്മാഷോടെയാണ് ആദ്യസെറ്റ് അവസാനിപ്പിച്ചതും.
രണ്ടാം സെറ്റ് മാലദ്വീപിന്‍െറ പോയന്‍റ് നേട്ടത്തോടെയാണ് തുടങ്ങിയത്. മത്സരത്തിലെ ടീമിന്‍െറ ഏക ലീഡ്. എന്നാല്‍, പൂര്‍ണിമയും നിര്‍മലും ടിജിയും എതിര്‍കോര്‍ട്ടില്‍ എളുപ്പം പന്ത് പായിച്ചതോടെ ആദ്യസെറ്റിന്‍െറ തനിയാവര്‍ത്തനമായി രണ്ടാംസെറ്റും. നെറ്റിനരികില്‍ ടെറിനും അനുശ്രീയും തീര്‍ത്ത പ്രതിരോധകോട്ടയും സഹായമേകി.
മൂന്നാം സെറ്റില്‍ രേഖയുടെ തുടരന്‍ സര്‍വിസുകളിലൂടെ ഇന്ത്യന്‍ പെണ്ണുങ്ങള്‍ മുന്നേറി. ഓരോ പോയന്‍റും ആഘോഷിച്ച മാലദ്വീപുകാര്‍ തളര്‍ന്നതും കളി ഇന്ത്യയുടെ വഴിക്കാക്കി. ക്യാപ്റ്റന്‍ തന്നെ സ്മാഷുതിര്‍ത്താണ് ഇന്ത്യ സെറ്റും മത്സരവും കൈയിലാക്കിയത്. നാളെ പാകിസ്താനെതിരെയാണ് രണ്ടാം മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.