ഉന്നംപിഴക്കാതെ ഉഷയുടെ അബിതാസ്ത്രം

കോഴിക്കോട്: ഒളിമ്പിക്സോളം വളര്‍ന്ന ടിന്‍റു ലൂക്കക്കൊരു പിന്‍ഗാമിയായി ഉഷ സ്കൂളില്‍ നിന്നൊരു താരപ്പിറവി. 800 മീറ്റര്‍ ട്രാക്കിലേക്ക് കാത്തുവെച്ച മാണിക്യക്കല്ലിനെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ഇനംമാറ്റി പി.ടി. ഉഷ പരീക്ഷിച്ചപ്പോള്‍ കണക്കുകൂട്ടലുകളും പിഴച്ചില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മെഡലുറപ്പിച്ച കല്ലടി എച്ച്.എസ്.എസിന്‍െറ സി. ബബിതയെ അട്ടിമറിച്ച് ഒളിമ്പ്യന്‍െറ പുത്തന്‍ ആയുധം അബിത മേരി മാനുവല്‍ റെക്കോഡ് നേട്ടത്തോടെ ഫിനിഷ് ചെയ്തത് സുവര്‍ണ നേട്ടത്തിലേക്ക്. പി.യു. ചിത്ര 2013ല്‍ സ്ഥാപിച്ച ദേശീയ സ്കൂള്‍ മീറ്റ് റെക്കോഡിനേക്കാള്‍ (4 മിനിറ്റ് 35.72 സെ) മികച്ചപ്രകടനമായി പൂവമ്പായി എ.എം.എച്ച്.എസ് വിദ്യാര്‍ഥിനിയുടേത്. എന്നാല്‍, ചിത്രയുടെതന്നെ പേരിലുള്ള സംസ്ഥാന റെക്കോഡിന് ഇളക്കമില്ല.
4 മിനിറ്റ് 29.97 സെക്കന്‍ഡില്‍ ഒന്നാമതത്തെിയപ്പോള്‍ ഇരട്ട സ്വര്‍ണത്തിനിറങ്ങിയ ബബിതക്ക് രണ്ടാംസ്ഥാനം (4.31.72മി) കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 3000 മീറ്ററില്‍ ബബിത ഒന്നാമതത്തെിയിരുന്നു. കോഴിക്കോട് കുളത്തുവയല്‍ സെന്‍റ് ജോര്‍ജ്സ് എച്ച്.എസ്.എസിലെ അനഘടോം മൂന്നാംസ്ഥാനം നേടി. ഉഷ സ്കൂളില്‍ പരിശീലിക്കുന്ന അബിതയെ 800 മീറ്ററിലെ ഭാവിതാരമായി വിശേഷിപ്പിക്കുന്നതിനിടെയാണ് മധ്യദൂരത്തിലേക്കുള്ള ഈ ചുവടുമാറ്റം. ദീര്‍ഘദൂര ഓട്ടം അവളെക്കൊണ്ട് സാധ്യമാകുമെന്ന് മനസ്സിലാക്കിയാണ് 1500ല്‍ മത്സരിപ്പിച്ചതെന്ന് ഉഷ ‘മാധ്യമ’ ത്തോട് പറഞ്ഞു. ടിന്‍റു, ജെസി എന്നിവരുടെ പിന്‍ഗാമിയായി അബിത വരും. കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റില്‍ റെക്കോഡ് നേട്ടം കൈവരിച്ചതിലൂടെ അവള്‍ അത് തെളിയിച്ചിട്ടുണ്ട്. 800 മീറ്ററില്‍ മികച്ച സമയത്തോടെ അബിത ഫിനിഷ് ചെയ്യുമെന്നും ഉഷ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.