?????? ?????????? ??????? ????????? ???? ?????.???.???. ???

പറളി; മാറ്റത്തിന്‍െറ പാലക്കാടന്‍ കാറ്റ്

കോഴിക്കോട്: കായികകരുത്തിന്‍െറ കാറ്റ് മാറിവീശിയപ്പോള്‍ കരിമ്പനകളുടെ നാട്ടുകാര്‍ പൊന്നുവിളയിച്ചു. സംസ്ഥാന സ്കൂള്‍ കായികമേളയിലെ ബഹുഭൂരിഭാഗം മെഡലുകളും ചാമ്പ്യന്‍പട്ടവും കുത്തകയാക്കിവെച്ചിരുന്ന എറണാകുളം കോതമംഗലത്തെ രണ്ട് സ്കൂളുകളില്‍ ഒന്നിനെ നിലംപരിശാക്കിയും മറ്റൊന്നിന് ഇഞ്ചോടിഞ്ച് വെല്ലുവിളി ഉയര്‍ത്തിയും പാലക്കാട് പറളി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊയ്തത് കണ്ണഞ്ചിക്കുന്ന നേട്ടം. ചരിത്രത്തിലാദ്യമായി 80ലധികം പോയന്‍റും രണ്ടാം സ്ഥാനവും സ്വന്തമാക്കി പറളി സംഘം മടങ്ങുമ്പോള്‍ ഇക്കൊല്ലം സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്ന ഏക സ്കൂളും ഇതുതന്നെ.
12 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമാണ് പി.ജി. മനോജും കുട്ടികളും കൊണ്ടുപോകുന്നത്. 86 പോയന്‍റാണ് നേട്ടം. ഒന്നാം സ്ഥാനക്കാരായ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസുമായി വ്യത്യാസം അഞ്ചു പോയന്‍റ് മാത്രം. അവര്‍ക്ക് പക്ഷേ ഒമ്പത് സ്വര്‍ണം മാത്രമേയുള്ളൂ. ഒരു സ്വര്‍ണമെഡല്‍കൂടി പറളി അധികം കരസ്ഥമാക്കിയിരുന്നെങ്കില്‍ 2015ലെ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രം മറ്റൊന്നായേനെ. കഴിഞ്ഞ വര്‍ഷം 75 പോയന്‍റുമായി മൂന്നാം സ്ഥാനത്തായിരുന്ന സ്കൂളാണ് ഇത്തവണ അവസാന നിമിഷം മുന്നില്‍നിന്നശേഷം ഒരു മത്സര ഇനത്തിന്‍െറ ഫലംകൊണ്ട് നേരിയ വ്യത്യാസത്തില്‍ റണ്ണര്‍അപ്പായത്. 2013ല്‍ 59 പോയന്‍േറാടെ നാലാം സ്ഥാനത്തായിരുന്ന പറളി രേഖപ്പെടുത്തിയിരിക്കുന്നത് ഘട്ടം ഘട്ടമായ കുതിപ്പാണ്.
സീനിയര്‍ ബോയ്സ്, ഗേള്‍സ്, ജൂനിയര്‍ ബോയ്സ് 5 കി.മീ. നടത്തം, സീനിയര്‍ ഗേള്‍സിന്‍െറയും സബ് ജൂനിയര്‍ ഗേള്‍സിന്‍െറയും ഹൈജംപ്, സീനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോ, ജൂനിയര്‍ ബോയ്സ് 100, 200, 1500, 3000, ട്രിപ്ള്‍ ജംപ്, സീനിയര്‍ ബോയ്സ് ഹാമര്‍ ത്രോ എന്നിവയിലാണ് പറളിക്ക് സ്വര്‍ണം. ജൂനിയര്‍ ബോയ്സ് ഹ്രസ്വദൂരത്തില്‍ ടി.പി. അമലും ദീര്‍ഘദൂരത്തില്‍ പി.എന്‍. അജിത്തും ഇരട്ട സ്വര്‍ണം സ്വന്തമാക്കി. 100 മീറ്ററിലും 200ലും ഇവര്‍ മേധാവിത്വം പുലര്‍ത്തുന്നതും പുതുമയുള്ള വാര്‍ത്ത. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് സീനിയര്‍ വിഭാഗക്കാരായിരുന്ന മുഹമ്മദ് അഫ്സലും എം.വി. വര്‍ഷയും ദീര്‍ഘദൂര ഇനങ്ങളില്‍ മാത്രം നേടിയത് ആറ് സ്വര്‍ണമാണ്. ഇവര്‍ മീറ്റിനോട് വിടപറഞ്ഞിട്ടും 10 ഒന്നാം സ്ഥാനങ്ങളില്‍ നിന്ന് 12ലേക്ക് ഉയരാന്‍ പറളിക്കായി. ഇക്കുറി 33 കുട്ടികളുമായാണ് സ്കൂള്‍ ടീം എത്തിയത്. 10 പേര്‍ ഒഴിച്ചുള്ളവരെല്ലാം മെഡലുകളുമായി മടങ്ങുന്നു. കോതമംഗലത്തെ രണ്ട് പ്രമുഖ സ്കൂളുകളെ അപേക്ഷിച്ച് പരിശീലനസൗകര്യങ്ങള്‍ കുറവാണെങ്കിലും കഠിനാധ്വാനമാണ് ഇവരുടെ കൈമുതല്‍. മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ തേടിപ്പിടിച്ച് മെഡലുണ്ടാക്കുന്നവരില്‍നിന്ന് വ്യത്യസ്തമാണ് പറളിയെന്ന് കായികാധ്യാപകനായ മനോജ് സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലെ കുട്ടികള്‍ക്കും അതുവഴി അവരുടെ കുടുംബത്തിനും ശോഭനമായ ഭാവി ഉണ്ടാക്കുകയെന്ന ലക്ഷ്യംകൂടിയുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.