????????? ??????? ????? ?? ?????? ???? ?????????? ???????? ?????????? ????????????????

റിയോ കൺതുറക്കാൻ ഇനി 100 നാൾ

ലോകം കാത്തിരിക്കുന്ന കായിക ഉത്സവത്തിലേക്ക് ബ്രസീല്‍ നഗരമായ റിയോ ഡെ ജനീറോ കണ്‍തുറക്കാന്‍ ഇനി 100 നാളുകള്‍ മാത്രം. 206 രാജ്യങ്ങളില്‍നിന്ന് 10,500ല്‍ ഏറെ കായികപ്രതിഭകളും നാലര ലക്ഷത്തോളം സഞ്ചാരികളും സമ്മേളിക്കുന്ന ഒളിമ്പിക്സ് മാമാങ്കത്തിനായി ബ്രസീല്‍ അവസാനവട്ട തയാറെടുപ്പിന്‍െറ തിരക്കിലേക്ക്. ട്രാക്കിലും ഫീല്‍ഡിലും കോര്‍ട്ടിലുമായി പോരടിക്കാനൊരുങ്ങുന്ന കായികതാരങ്ങള്‍ക്ക് ശേഷിക്കുന്നത് വിശ്രമമില്ലാത്ത പരിശീലനത്തിന്‍െറ ചുരുങ്ങിയ നാളുകളും. പങ്കാളികളാവുന്ന രാജ്യങ്ങളില്‍നിന്നുള്ള അത്ലറ്റുകളെല്ലാം യോഗ്യതാമാര്‍ക്ക് ഏറക്കുറെ കടന്ന്, പരിശീലനത്തിരക്കില്‍ മുഴുകിക്കഴിഞ്ഞു. യോഗ്യത ഇനിയും സ്വന്തമാക്കാത്തവര്‍ ശേഷിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളിലെ പോരാട്ടച്ചൂടിലും. ആഗസ്റ്റ് അഞ്ചു മുതല്‍ 21 വരെയാണ് ബ്രസീലിന്‍െറ തലയെടുപ്പായ റിയോ ഡെ ജനീറോ നഗരം 31ാമത് ഒളിമ്പിക്സ് ഉത്സവത്തിന് വേദിയാവുന്നത്.

2014 ലോകകപ്പ് ഫുട്ബാള്‍ വിജയകരമായി സംഘടിപ്പിച്ചതിന്‍െറ തുടര്‍ച്ചയായി ഒളിമ്പിക്സിനെ വരവേല്‍ക്കുന്ന ബ്രസീല്‍ അടിസ്ഥാനസൗകര്യം മുതല്‍ സ്റ്റേഡിയവും ഗെയിംസ് വില്ളേജുമായി ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയങ്ങളുടെ നിര്‍മാണം 98 ശതമാനവും പൂര്‍ത്തിയായതായി ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാഹ് വ്യക്തമാക്കി. വരാനിരിക്കുന്നത് അവിസ്മരണീയ ഒളിമ്പിക്സായിരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അടിമുടി പ്രതിസന്ധി കുറ്റമറ്റരീതിയില്‍ ഒളിമ്പിക്സിനൊരുങ്ങുമ്പോഴും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരാവസ്ഥയാണ് ലോകകായികമേളക്ക് മങ്ങലേല്‍പിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് മാറക്കാനയിലെ മുഖ്യവേദിയില്‍ ഒളിമ്പിക്സ് പ്രഖ്യാപനം നടത്താന്‍ ബ്രസീല്‍ പ്രസിഡന്‍റ് കസേരയില്‍ ദില്‍മ റൂസഫ് ഉണ്ടാവുമോയെന്നാണ് പ്രധാന ചോദ്യം.
ബജറ്റ് തിരിമറി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ദില്‍മ റൂസഫ് കുറ്റവിചാരണ നേരിടുന്നതാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്.

ഇംപീച്ച്മെന്‍റ് നടപടികള്‍ കഴിഞ്ഞദിവസം പാര്‍ലമെന്‍റ് സമിതി ശരിവെച്ചു. പ്രമേയത്തെ ചോദ്യംചെയ്തുള്ള ഹരജി സുപ്രീംകോടതി തള്ളിയതോടെ പ്രസിഡന്‍റ് കസേരയില്‍നിന്ന് ബ്രസീലിന്‍െറ ഉരുക്കുവനിത പടിയിറങ്ങാനുള്ള സാധ്യതയും കൂടി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്ക് പ്രസിഡന്‍റിന് നേതൃത്വം വഹിക്കാനും കഴിയുന്നില്ല. മുമ്പെങ്ങുമില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബ്രസീല്‍ നേരിടുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഒളിമ്പിക്സ് കൂടി കഴിയുന്നതോടെ തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്തെ കടുത്ത അരക്ഷിതത്വത്തിലേക്ക് നയിക്കുമെന്നും ആരോപണമുയരുന്നു. തൊഴിലില്ലായ്മ 10.2 ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തികഞെരുക്കം കാരണം ഒളിമ്പിക്സ് ബജറ്റും വെട്ടിക്കുറച്ചു. 

വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ ഒളിമ്പിക്സിന്‍െറ സുരക്ഷ സംബന്ധിച്ചും ആശങ്ക സൃഷ്ടിക്കുന്നു. പിടിച്ചുപറിയും മോഷണവും വര്‍ധിച്ചതിനു പുറമെ, പാരിസ് മോഡല്‍ ഭീകരാക്രമണഭീതിയും ഒളിമ്പിക്സ് തയാറെടുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. പൊലീസും സൈന്യവും അടക്കം 85,000 പേരെ ഒളിമ്പിക്സ് സുരക്ഷക്കായി നിയോഗിക്കും. 2012 ലണ്ടന്‍ ഒളിമ്പിക്സിനെക്കാള്‍ രണ്ടുമടങ്ങാണിത്. തെക്കന്‍ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുന്ന സിക വൈറസ് ഭീഷണിയാണ് മറ്റൊന്ന്. 

സ്റ്റേഡിയം മുതല്‍ മെട്രോ വരെ
സ്റ്റേഡിയങ്ങള്‍ 98 ശതമാനവും സജ്ജമായെന്നാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തലവന്‍ ആവര്‍ത്തിക്കുന്നതെങ്കിലും ഉദ്ഘാടനത്തിന് ഏതാനും ദിവസം മുമ്പ് മാത്രമേ മുഖ്യവേദി അടക്കമുള്ളവയുടെ ഉദ്ഘാടനം നടക്കൂവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാള്‍ പോലെ അവസാന മിനിറ്റില്‍ എല്ലാം ശരിയാക്കി ബ്രസീല്‍ വിസ്മയിപ്പിക്കുമെന്നതില്‍ വിശ്വസിക്കുകയാണ് ലോകം. ഒളിമ്പിക്സ് നാളിലെ പ്രധാന പാതകളിലൊന്നായ സൗത് റിയോ-ബാരാ തിജുക മെട്രോ ജൂലൈ ഒന്നിന് ഓടിത്തുടങ്ങുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. തിരക്കുപിടിച്ച് പണിതീര്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണ സൈക്കിള്‍ ബ്രിഡ്ജ് പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതേ എന്ന ഭീതിയിലുമാണ് ഒളിമ്പിക്സ് സംഘാടകര്‍. 

അരയും തലയും മുറുക്കി ഇന്ത്യ
ജമ്പോ സംഘവുമായി പറന്ന് റിയോ ഒളിമ്പിക്സോടെ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ലണ്ടന്‍ ഒളിമ്പിക്സില്‍ 83 അത്ലറ്റുകളാണ് പങ്കെടുത്തതെങ്കില്‍ ഇന്ത്യയില്‍നിന്ന് ഇപ്പോള്‍ തന്നെ 77 പേര്‍ യോഗ്യത നേടിക്കഴിഞ്ഞു. അത്ലറ്റിക്സ്, ഷൂട്ടിങ്, ഗുസ്തി വിഭാഗങ്ങളില്‍ ഇനിയും യോഗ്യത ഉറപ്പിക്കാന്‍ അവസരവുമുണ്ട്. റിയോക്ക് തുല്യമായ കാലാവസ്ഥയില്‍ തുര്‍ക്കിയില്‍ പരിശീലിച്ചാണ് അത്ലറ്റിക്സ് സംഘത്തിന്‍െറ തയാറെടുപ്പ്. ഒളിമ്പിക്സ് സ്വപ്നവുമായി തിരുവനന്തപുരം എല്‍.എന്‍.സി.പിയിലും ഇന്ത്യന്‍ അത്ലറ്റുകള്‍ കഠിന പരിശീലനത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.