52ാം വയസ്സില്‍ ഒളിമ്പിക് മോഹവുമായി പവല്‍ വരുന്നു

ബംഗളൂരു: വയസ്സ് 52 ആയെങ്കിലും പഴയ 28കാരന്‍െറ ചുറുചുറുക്കില്‍ സാക്ഷാല്‍ മൈക് പവല്‍ പറയുന്നു റിയോ ഒളിമ്പിക്സ് ലോങ് ജംപ് പിറ്റില്‍ താനുമുണ്ടാവുമെന്ന്. ലോങ്ജംപില്‍ 25 വര്‍ഷമായി ഇളക്കമില്ലാതെ നിലനില്‍ക്കുന്ന ലോകറെക്കോഡിനുടമയായ മൈക് പവലിന്‍െറ വാക്കുകളെ അങ്ങനെയങ്ങ് തള്ളിക്കളയണ്ട. 1991ല്‍ 8.95 മീറ്റര്‍ ചാടിയ അമേരിക്കന്‍ ചാട്ടക്കാരന്‍െറ പേരിലാണ് ഇന്നും ലോകറെക്കോഡ്. റിയോ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ 8.15 മീറ്റര്‍ ഇപ്പോഴും ചാടാന്‍ തനിക്കാവുമെന്നും രണ്ട് തവണ ലോകചാമ്പ്യനും രണ്ട് ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവുമായ പവല്‍ വ്യക്തമാക്കുമ്പോള്‍ അത്ലറ്റിക്സ് ലോകവും ഞെട്ടി. ടി.സി.എസ് ലോക മാരത്തണ്‍ അംബാസഡറായി ബംഗളൂരുവിലത്തെിയപ്പോഴായിരുന്നു പവലിന്‍െറ പ്രഖ്യാപനം. മേയ് 15നാണ് മാരത്തണ്‍.റിയോയില്‍ മത്സരിക്കുകയാണെങ്കില്‍ തനിക്കാവും ഒളിമ്പിക്സ് മെഡലെന്നതില്‍ പവലിന് സംശയമില്ല. ജൂണോടെ ഒളിമ്പിക്സ് യോഗ്യത നേടാനാണ് ശ്രമം. യോഗ്യതാ മാര്‍ക്ക് കടക്കാന്‍ നിലവിലെ ശാരീരികക്ഷമതയില്‍ തനിക്കാവുമെന്നും ലോകറെക്കോഡ് ഉടമയുടെ വെളിപ്പെടുത്തല്‍.

ഒരു രാത്രികൊണ്ടുണ്ടായതല്ല തന്‍െറ തീരുമാനം. 2013ല്‍ ജപ്പാനില്‍ നടന്ന സെലിബ്രിറ്റി ലോങ്ജംപ് മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ രാജ്യാന്തര മത്സരത്തിലേക്ക് ഒരു തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇപ്പോള്‍ ശരിയായ സമയമാണെന്ന് തോന്നി -പവല്‍ പറഞ്ഞു. നിലവിലെ ലോങ്ജംപ് മത്സരത്തിന്‍െറ നിലവാരത്തകര്‍ച്ചയെ കുറിച്ചും പവല്‍ ആശങ്ക പ്രകടിപ്പിച്ചു. മറ്റേതൊരു അത്ലറ്റിക് ഇനത്തെക്കാളും ദയനീയമാണ് ലോങ്ജംപിലെ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. 1988 സോള്‍ ഒളിമ്പിക്സിലും 1992 ബാഴ്സലോണ ഒളിമ്പിക്സിലും വെള്ളി നേടിയ പവല്‍ 1991, 1993 ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ലോങ് ജംപില്‍ സ്വര്‍ണമണിഞ്ഞു. 1991 ടോക്യോ ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു ലോകറെക്കോഡ് പ്രകടനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.