ബോക്സിങ് ഫെഡറേഷന് രാജ്യാന്തര അസോസിയേഷന്‍െറ അംഗീകാരം

നാലു വര്‍ഷമായി ഇന്ത്യന്‍ ബോക്സിങ്ങില്‍ തുടരുന്ന അനിശ്ചിതാവസ്ഥക്കാണ് ഇതോടെ പരിഹാരമാവുന്നത്
ന്യൂഡല്‍ഹി: ഇന്ത്യക്ക് രാജ്യാന്തര ബോക്സിങ് രംഗത്തേക്ക് തിരിച്ചുവരവ്. പുതുതായി രൂപംകൊണ്ട ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് (ബി.എഫ്.ഐ) അംഗീകാരം നല്‍കാന്‍ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ (ഐ.എ.ബി.എ) തീരുമാനിച്ചതോടെയാണിത്. സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രിയോയില്‍ നടക്കുന്ന 70ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഇന്ത്യന്‍ ഫെഡറേഷന് അംഗീകാരം നല്‍കാന്‍ ഐ.എ.ബി.എ തീരുമാനിച്ചതെന്ന് ബി.എഫ്.ഐയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത പ്രസിഡന്‍റ് അജയ് സിങ് അറിയിച്ചു.

നാലു വര്‍ഷമായി ഇന്ത്യന്‍ ബോക്സിങ്ങില്‍ തുടരുന്ന അനിശ്ചിതാവസ്ഥക്കാണ് ഇതോടെ പരിഹാരമാവുന്നത്. 2012ല്‍ അമച്വര്‍ ബോക്സിങ് ഫെഡറേഷന് (എ.ഐ.ബി.എഫ്) രാജ്യാന്തര അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തുന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പകരം 2014ല്‍ ബോക്സിങ് ഇന്ത്യ എന്ന സംഘടന നിലവില്‍വന്നെങ്കിലും ഒരുവര്‍ഷത്തിനുശേഷം അതിനും അന്ത്യമായി. തുടര്‍ന്ന് ഈവര്‍ഷം സെപ്റ്റംബറില്‍ ഐ.എ.ബി.എ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് കായിക മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപവത്കരിച്ചത്.

പ്രതിനിധാനം ചെയ്യാന്‍ സംഘടനയില്ലാത്തത് ഇന്ത്യന്‍ ബോക്സിങ്ങിനെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. 2012 ഒളിമ്പിക്സില്‍ എട്ടു ബോക്സിങ് താരങ്ങള്‍ പങ്കെടുത്ത സ്ഥാനത്ത് റിയോ ഒളിമ്പിക്സില്‍ മൂന്നു പേര്‍ മാത്രമാണ് യോഗ്യത നേടിയത്. രാജ്യാന്തര അസോസിയേഷന്‍െറ അംഗീകാരമുള്ള അസോസിയേഷന്‍െറ അഭാവത്തില്‍ ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും രാജ്യാന്തര മത്സര പരിചയം നേടുന്നതിനും തടസ്സങ്ങള്‍ നേരിട്ടു. ഫെഡറേഷന് അംഗീകാരമായതോടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ഇന്ത്യന്‍ ബോക്സിങ് താരങ്ങള്‍ക്ക് ഇടിച്ച് മുന്നേറാനാവും.

Tags:    
News Summary - Boxing Federation of India now an AIBA full member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.