ഓസീസ് റണ്‍മല; വിന്‍ഡീസ് തകരുന്നു

മെല്‍ബണ്‍: നാലുപേരുടെ സെഞ്ച്വറിയുമായി പടുത്തുയര്‍ത്തിയ ഓസീസ് റണ്‍മലക്കു നടുവില്‍ വിന്‍ഡീസ് കുഴങ്ങുന്നു. ജോ ബേണ്‍സും (128) ഉസ്മാന്‍ ഖവാജയും (144) ഒന്നാം ദിനത്തില്‍ തുടങ്ങിയ റണ്‍വേട്ട രണ്ടാം ദിനത്തില്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും (134 നോട്ടൗട്ട്), ആഡം വോഗ്സും (106 നോട്ടൗട്ട്) ഏറ്റെടുത്തതോടെ കങ്കാരുപ്പട റണ്‍മലയേറി. മൂന്നിന് 551 റണ്‍സെന്ന നിലയില്‍ എതിരാളിയെ വരിഞ്ഞുകെട്ടിയ ആസ്ട്രേലിയ, ഉച്ചകഴിഞ്ഞ് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു.
മറുപടി ബാറ്റിങ്ങാരംഭിച്ച വെസ്റ്റിന്‍ഡീസിനാവട്ടെ, ജെയിംസ് പാറ്റിന്‍സണും പീറ്റര്‍ സിഡലും വാണ പിച്ചില്‍ നിലയുറപ്പിക്കാനുമായില്ല. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 43 ഓവര്‍ മാത്രം നേരിട്ട വിന്‍ഡീസ് ആറിന് 91 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയിലാണ്. ഡാരന്‍ ബ്രാവോ (13), കാര്‍ലോസ് ബ്രാത്വൈറ്റ് (3) എന്നിവരാണ് ക്രീസില്‍. പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, പീറ്റര്‍ സിഡല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി ആതിഥേയരുടെ നടുവൊടിച്ചു. ഓപണര്‍ ക്രെയ്ഗ് ബ്രാത്വൈറ്റ് (17), രാജേന്ദ്ര ചന്ദ്രിക (25), മര്‍ലോണ്‍ സാമുവല്‍സ് (0), ജര്‍മയ്ന്‍ ബ്ളാക്വുഡ് (28), ദിനേഷ് രാംദിന്‍ (0), ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. മൂന്നിന് 345 റണ്‍സെന്ന നിലയിലാണ് ഓസീസ് ഞായറാഴ്ച കളി തുടങ്ങിയത്. ബ്രാത്വൈറ്റ്മാരും ജെറോം ടെയ്ലറും നയിച്ച വിന്‍ഡീസ് ബൗളിങ്ങിന് ഒരവസരംപോലും നല്‍കാതെ വോഗ്സും സ്മിത്തും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഓസീസ് ഷോ രണ്ടാം ദിനവും തടസ്സമില്ലാതെ തുടര്‍ന്നു. വര്‍ഷത്തെ മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആദ്യ കളിക്കിറങ്ങിയ സ്മിത്തിന്‍െറ ബാറ്റിനായിരുന്നു ചൂട് കൂടുതല്‍. ഉച്ചഭക്ഷണത്തിനുമുമ്പ് ഇരുവരും സെഞ്ച്വറിയുടെ പടിവാതില്‍ക്കലത്തെി. ഉച്ചകഴിഞ്ഞ് 153ാം പന്തില്‍ സ്മിത്ത് വര്‍ഷത്തെ ആറാമത്തെയും കരിയറിലെ 13ാമത്തെയും സെഞ്ച്വറിയും കുറിച്ചു.
തൊട്ടുപിന്നാലെ വോഗ്സ് മൂന്നക്കം കടന്നതോടെ ഒന്നാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. അഞ്ചുവര്‍ഷത്തിനുശേഷമാണ് ഒരു ഇന്നിങ്സില്‍ നാല് ആസ്ട്രേലിയന്‍ താരങ്ങള്‍ സെഞ്ച്വറി നേടുന്നത്. 2009ല്‍ ഇംഗ്ളണ്ടിനെതിരെ കാഡിഫിലായിരുന്നു സമാന പ്രകടനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.