ന്യൂഡൽഹി: വനിത ട്വൻറി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യക്ക് മത്സരം നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് നേടിയത്. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താൻ 16 ഓവറിൽ ആറ് വിക്കറ്റിന് 77 റൺസെടുത്തുനിൽക്കുന്നതിനിടെയാണ് മഴ പെയ്തത്.
97 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. 15ാം ഓവറിൽ പാകിസ്താൻെറ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരുമെന്ന് തോന്നിച്ച സമയത്താണ് മഴ എത്തിയത്. 24 പന്തിൽ 20 റൺസായിരുന്നു പാകിസ്താന് ഈ സമയത്ത് വേണ്ടിയിരുന്നത്. ഇതോടെ ഡെക്വർക്ക് ലൂയിസ് നിയമപ്രകാരം മത്സരഫലം നിർണയിച്ചപ്പോൾ രണ്ട് റൺസിന് പാകിസ്താൻ ജയിക്കുകയായിരുന്നു. 26 റൺസെടുത്ത ഓപണർ സിദ്റ അമീൻ ആണ് പാക് ബാറ്റിങ് നിരയിലെ ടോപ്സ്കോറർ. നാഹിദ ഖാൻ 14 റൺലസെടുത്ത് പുറത്തായി. മുനീബ അലി 12 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി രാജേശ്വരി ഗെയ്ക് വാദ്, ശിഖ പാണ്ഡെ, ജൂലാൻ ഗോസ്വാമി, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ നിശ്ചിത 20 ഓവറിൽ 96 റൺസിനാണ് ഇന്ത്യയെ പാകിസ്താൻ ചുരുട്ടിക്കെട്ടിയത്. ആറ് വിക്കറ്റേ ഇന്ത്യക്ക് നഷ്ടമായുള്ളൂവെങ്കിലും റൺസ് നൽകാൻ പിശുക്കുകാട്ടിയാണ് കൂടുതൽ റൺസെടുക്കന്നതിൽ നിന്ന് ഇന്ത്യയെ പാകിസ്താൻ തടഞ്ഞത്.
24 റൺസെടുത്ത വേദ കൃഷ്ണമൂർത്തിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 19 പന്തിൽ മൂന്ന് ഫോറുകളുടെ അകമ്പടിയോടെയാണ് വേദയുടെ നേട്ടം. ടീമിലെ വേറെ ആർക്കും 20ന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റനും ഓപണറുമായ മിഥാലി രാജ് 35 പന്തിൽ 16 റൺസെടുത്ത് പുറത്തായി. സഹ ഓപണർ വെല്ലസ്വാമി വനിത രണ്ട് റൺസെടുത്തും മൂന്നാമതായി ഇറങ്ങിയ സ്മൃതി മന്ദന ഒരു റൺസും എടുത്ത് പുറത്തായി. ഹർമൻപ്രീത് കൗർ 16 റൺസെടുത്തു. 10 റൺസ് എക്സ്ട്രാ റൺസാണ് പാകിസ്താൻെറ സംഭാവന.
പാക് നിരയിൽ പന്തെറിഞ്ഞ ആറിൽ അഞ്ച് പേരും ഒരോ വിക്കറ്റ് വീതം നേടി. അനം അമീനാണ് ഏറ്റവും കുറവ് റൺസ് വിട്ടുകൊടുത്തത്. അനം എറിഞ്ഞ നാലോവറിൽ വെറും ഒമ്പത് റൺസാണ് ഇന്ത്യക്ക് നേടാനായത്.
ഇന്ത്യക്കുവേണ്ടി രാജേശ്വരി ഗെയ്ക് വാദ്, ശിഖ പാണ്ഡെ, ജൂലാൻ ഗോസ്വാമി, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.