ഡുമിനിക്കും (141) എല്‍ഗറിനും (127) സെഞ്ച്വറി; ദക്ഷിണാഫ്രിക്ക ആറിന് 390

പെര്‍ത്ത്: ആദ്യവട്ടം ബാറ്റിങ്ങില്‍ കാട്ടിയ പിഴവിന് രണ്ടാം ഇന്നിങ്സില്‍ ജെ.പി. ഡുമിനിയും ഡീന്‍ എല്‍ഗറും ബാറ്റുകൊണ്ടുനടത്തിയ പ്രായശ്ചിത്തം ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് കരുത്തുപകര്‍ന്നു.  രണ്ട് റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ വാക്ക മൈതാനത്ത് കുറിച്ചത് ആറിന് 390 റണ്‍സ്. ക്വിന്‍റണ്‍ ഡികോക്കും (16) വെര്‍ണന്‍ ഫിലാന്‍ററുമാണ് (23) സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. ഓസീസിനായി ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

രണ്ടിന് 45 എന്ന നിലയില്‍ ടീം പരുങ്ങുമ്പോള്‍ ഒത്തുചേര്‍ന്ന ഡുമിനിയും (141) എല്‍ഗറും (127) കളംനിറഞ്ഞു വാണ സെഞ്ച്വറി പ്രകടനത്തിന്‍െറ തേരിലേറിയാണ് ദക്ഷിണാഫ്രിക്ക സുരക്ഷിതമായ നിലയിലത്തെിയത്. ഇരുവരും പടുത്തുയര്‍ത്തിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 250 റണ്‍സാണ് പിറന്നത്. ആസ്ട്രേലിയന്‍ ബൗളര്‍മാര്‍ കൈ കഴക്കും വരെ പന്തെറിഞ്ഞിട്ടും വിക്കറ്റുമാത്രം വീഴാതെ പുരോഗമിച്ച കളിയില്‍ സ്കോര്‍ 295 എത്തിയപ്പോഴാണ് വിക്കറ്റ് ക്ഷാമത്തിന് വിരാമമായത്. 
 



സിഡിലിന്‍െറ പന്തില്‍ വിക്കറ്റിനുപിറകില്‍ പീറ്റര്‍ നെവിലിന് പിടികൊടുത്താണ് ഡുമിനി മടങ്ങിയത്. അധികം വൈകാതെ എല്‍ഡറിനെ ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ കൈയിലത്തെിച്ചു. ഡുമിനി 225 പന്തുകളില്‍നിന്ന് 20 ബൗണ്ടറികളും ഒരു സിക്സും പറത്തിയപ്പോള്‍ എല്‍ഗര്‍ 316 പന്തുകളില്‍ 17 ബൗണ്ടറികളും ഒരു സിക്സും പായിച്ചു. 

ഇരുവരും പുറത്തായതിനുപിന്നാലെ സന്ദര്‍ശകര്‍ക്ക് രണ്ടു വിക്കറ്റുകൂടി എളുപ്പം നഷ്ടമായി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളെസി (32), ടെംബ ബവുമ (എട്ട്) എന്നിവരാണ് മടങ്ങിയത്. ഡുപ്ളെസിയെ സ്റ്റാര്‍ക്കിന്‍െറ പന്തില്‍ നെവില്ലും ബൗമയെ മിച്ചല്‍ മാര്‍ഷിന്‍െറ പന്തില്‍ ഉസ്മാന്‍ ഖ്വാജയും പിടികൂടി. എന്നാല്‍, പിന്നീട് ഒത്തുചേര്‍ന്ന ഡികോക്കും ഫിലാന്‍ഡറും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ടുനയിച്ചു. രണ്ടുദിനം ശേഷിക്കെ നാലു വിക്കറ്റ് കൈയിലുള്ള ദക്ഷിണാഫ്രിക്കക്ക് 388 റണ്‍സ് ലീഡുണ്ട്. 

Tags:    
News Summary - Australia vs South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.