ന്യൂഡൽഹി: ട്വൻറി20 ലോകകപ്പ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ. കോവിഡ് കാരണം പ്രതിസന്ധിയിലായ ടൂർണമെൻറ് ഈവർഷം നടത്തുമോ അതോ മാറ്റിവെക്കുേമാ എന്നതിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ബുധനാഴ്ച ഐ.സി.സി യോഗം ചേരാനിരിക്കെയാണ് ബി.സി.സി.ഐ സമ്മർദവുമായിറങ്ങിയത്. അന്തിമ തീരുമാനം അനിശ്ചിതമായി നീളുന്നത് ക്രിക്കറ്റ് ലോകത്തിന് പ്രയാസമാകുമെന്നാണ് ഇന്ത്യൻ നിലപാട്.
മറ്റുകാര്യങ്ങളിൽ തീരുമാനമെടുക്കാൻ ലോകകപ്പ് സംബന്ധിച്ച് വ്യക്തത ആവശ്യമാണെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ സിങ് ധുമൽ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ‘ലോകകപ്പ് ഈ വർഷം നടക്കുമോ ഇല്ലയോ എന്ന് ആദ്യം പ്രഖ്യാപിക്കണം. ശേഷംമാത്രമേ അടുത്ത നടപടികൾ ആരംഭിക്കാനാവൂ’ -അരുൺ സിങ് പറഞ്ഞു.
ഒക്ടോബർ-നവംബറിൽ ലോകകപ്പ് നടത്തുന്നത് അപകടകരമാവുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തലവൻ കെവിൻ റോബർട്സ് മുന്നറിയിപ്പ് നൽകിയിരുന്നു. 2021ൽ ഇന്ത്യയിൽ മറ്റൊരു ലോകകപ്പ് നടക്കുന്നതിനാൽ ഈ വർഷത്തേത് 2022ലേക്ക് മാറ്റിവെക്കാനാണ് സാധ്യത. ലോകകപ്പ് മാറ്റിവെക്കുന്ന ഇടവേളയിൽ ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ പദ്ധതി. അതിനായി ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.