ബ്രസീല്‍ x അര്‍ജന്‍റീന ലോകകപ്പ് യോഗ്യത മത്സരം വെള്ളിയാഴ്ച

ബെലെഹൊറിസോണ്ടോ: ട്രോളര്‍മാരും സാമൂഹിക മാധ്യമങ്ങളും കളംനിറയുന്ന കാലത്തെ ഒരു ബ്രസീല്‍ x അര്‍ജന്‍റീന ഫുട്ബാള്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പില്‍ ആരാധക ലോകം.  നെയ്മര്‍ പടനയിക്കുന്ന ബ്രസീലും ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയും 2018 ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യത മത്സരത്തിന്‍െറ 11ാം റൗണ്ടിന് ബെലെഹൊറിസോണ്ടയില്‍ മുഖാമുഖമത്തെും മുമ്പേ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകയുദ്ധവും തുടങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5.15നാണ് കായികലോകത്തെ വീറുറ്റ അങ്കം. കളിയിലും കരുത്തിലും പാരമ്പര്യത്തിലും താരനിരയിലും തുല്യശക്തികളായ രണ്ടുപേര്‍ നൂറ്റാണ്ട് പഴക്കമുള്ള വൈരത്തിന്‍െറ പുതുതാളവുമായി വീണ്ടുമിറങ്ങും. ഇക്കുറി ബ്രസീലാണ് വേദി. കൃത്യം ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരും പരസ്പരം മത്സരിച്ചത്. അതും ഇതേ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍. അര്‍ജന്‍റീന തലസ്ഥാനമായ ബ്വേനസ് എയ്റിസിലെ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ബാഴ്സലോണയില്‍ ഒരു മെയ്യും മനസ്സുമായി കളിക്കുന്ന മെസ്സിയും നെയ്മറും രാജ്യാഭിമാനപ്പോരില്‍ മുഖാമുഖം പടവെട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. യൂറോപ്യന്‍ ക്ളബ് ഫുട്ബാളിന്‍െറ തിരക്ക് കഴിഞ്ഞ് ഇരു ടീമുകളും നേരത്തേ ബ്രസീല്‍ മണ്ണില്‍ ഒന്നിച്ചു. 

ലയണല്‍ മെസ്സിയുടെ തിരിച്ചുവരവാണ് അര്‍ജന്‍റീന നിരയിലെ സന്തോഷവാര്‍ത്ത. പരിക്ക് കാരണം കഴിഞ്ഞ മൂന്ന് കളിയിലും മെസ്സിയുണ്ടായിരുന്നില്ല. പരഗ്വേയോട് തോറ്റപ്പോള്‍ പെറുവിനോടും വെനിസ്വേലയോടും സമനില വഴങ്ങി. അതേസമയം, തുടര്‍ച്ചയായി നാല് ജയവുമായി പോയന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതാണ്.
1914ല്‍ തുടങ്ങിയതാണ് പാരമ്പര്യ വൈരികളുടെ പോരാട്ടക്കഥകള്‍. ഒരു നൂറ്റാണ്ട് കടന്നപ്പോള്‍ 102 കളി പൂര്‍ത്തിയാക്കി. വിജയക്കണക്കുകളില്‍ നേരിയ മുന്‍തൂക്കം ബ്രസീലിനാണ്. 39 ജയം. അര്‍ജന്‍റീനക്ക് 37 ജയവും. 26 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഇരുവരും അടിച്ചുകൂട്ടിയത് 159 വീതം ഗോളുകള്‍. 2010ന് ശേഷം എട്ടുമത്സരം കളിച്ചപ്പോള്‍ ഇരുവരും മൂന്ന് വീതം കളി ജയിച്ചു. രണ്ട് സമനിലയും.
Tags:    
News Summary - brazil vs argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.