കോഴിക്കോട്: മേടസൂര്യൻ നടക്കാവ് സ്കൂൾ മൈതാനത്തിന് മുകളിൽ കത്തിജ്വലിച്ചുകൊണ്ടിരുന്നു. അതൊന്നും വകവെക്കാതെ മൈതാനത്തിനുചുറ്റും നൂറുകണക്കിന് വിദ്യാർഥികളും കായികപ്രേമികളും കാത്തുനിൽക്കുന്നു. ഇവർക്കിടയിലേക്കാണ് ഉച്ചവെയിലിെൻറ കാഠിന്യത്തിൽ പതറാതെ വിടർന്ന പുഞ്ചിരിയോടെ ആ പ്രതിഭ വന്നിറങ്ങിയത്; ലോകം കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളർമാരിലൊരാളായ ആസ്ട്രേലിയൻ താരം ബ്രെറ്റ് ലീ.
ആദ്യം സ്കൂളിലെ ഫുട്ബാൾ താരങ്ങളെ പരിചയപ്പെട്ടു. പിന്നീട് ഒരു െപനാൽറ്റി ഷൂട്ടൗട്ട്. ആദ്യം ഗോളിയായി പത്തോളം കിക്കുകളിൽ മൂന്നോ നാലോ എണ്ണം സേവ് ചെയ്തു. പിന്നെ എതിർ പോസ്റ്റിൽനിന്ന് കിടിലൻ കിക്കുകൾ സമ്മാനിച്ചു. ഓരോ തവണയും ആവേശത്തിെൻറ ആരവമുയരുകയായിരുന്നു ചുറ്റും. ‘ലീഡർഷിപും സ്പോർട്സും’ എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കാനാണ് ലോകോത്തര താരം ബ്രെറ്റ് ലീ നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസിലെത്തിയത്. താരത്തെ സ്വാഗതംചെയ്യാൻ വിദ്യാർഥികൾ ഒരുക്കിയ സാംബ നൃത്തം കൈയടിച്ചും ഫോണിൽ പകർത്തിയും അദ്ദേഹം ആസ്വദിച്ചു. പിന്നീട് നടന്ന സംവാദത്തിൽ സ്കൂളിെൻറ വികസനത്തിനായി മുന്നിൽനിൽക്കുന്ന ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ചെയർമാൻ ഫൈസല്‍ കൊട്ടിക്കൊള്ളോൻ, കെഫ് ഹോള്‍ഡിങ്സ് പ്രോജക്ട് മാനേജര്‍ സോഫിയ ഫൈസൽ, സി.ഇ.ഒ റിച്ചാര്‍ഡ് പാറ്റ്ൽ എന്നിവരും പങ്കെടുത്തു.
ശുഭപ്രതീക്ഷയും ലക്ഷ്യബോധവും നിര്‍ഭയത്വവുമാണ് സ്പോര്‍ട്സിലായാലും ജീവിതത്തിലായാലും ആവശ്യമായ നേതൃഗുണങ്ങളെന്ന് ബ്രെറ്റ് ലീ പറഞ്ഞു. 16ാം വയസ്സില്‍ പുറത്തെ എല്ലൊടിഞ്ഞപ്പോള്‍ ചികിത്സിച്ച ഇന്ത്യന്‍ ഡോക്ടര്‍ പറഞ്ഞത് ഇനി ഒരിക്കലും കളിക്കരുതെന്നാണ്. പിന്നീട് 1999ലെ ആദ്യ ടെസ്റ്റിെൻറ പ്രവേശന ടിക്കറ്റുകള്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. ഒരിക്കലും നിശ്ചയദാര്‍ഢ്യം കൈവിടരുതെന്നാണ് ജീവിതത്തിൽനിന്ന് പഠിച്ചതെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.സ്കൂളിനായി ക്രിക്കറ്റ് ബാറ്റുകളിൽ ഒപ്പിട്ടുനൽകിയ ബ്രെറ്റ് ലീ ആരാധകരോടൊപ്പം സെൽഫിയെടുക്കാനും ഫോട്ടോക്ക് പോസ് ചെയ്യാനും ഏറെ സമയം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.