ഡി.ആര്‍.എസിന് വഴങ്ങി ഇന്ത്യ

മുംബൈ: ഏറെക്കാലം മസിലുപിടിച്ച് എതിര്‍ത്തുനിന്ന ഡി.ആര്‍.എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) സമ്പ്രദായം അടുത്ത ഇംഗ്ളണ്ട് പര്യടനത്തില്‍ പരീക്ഷണാര്‍ഥം നടപ്പാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. അമ്പയറുടെ തീരുമാനം പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരംനല്‍കുന്ന സമ്പ്രദായം നടപ്പാക്കുന്നതിനെതിരെ ഏറെക്കാലമായി ഇന്ത്യ എതിരുനില്‍ക്കുകയായിരുന്നു.

എല്‍.ബി.ഡബ്ള്യു വിധിക്കുമ്പോള്‍ സാങ്കേതികവിദ്യയില്‍ ഉണ്ടാകാവുന്ന പിഴവില്‍ ആശങ്കയുള്ളതിനാല്‍ ഈ പരിഷ്കാരം നടപ്പാക്കാനാവില്ളെന്ന നിലപാടായിരുന്നു ഇന്ത്യക്ക്. എന്നാല്‍, മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹായത്തോടെ പരമാവധി പിഴവുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സാങ്കേതികവിദ്യയുടെ സൂത്രധാരരായ ഹാക്ഐ ടെക്നോളജീസ് അറിയിച്ചതെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍ അറിയിച്ചു.

നവംബര്‍ ഒമ്പതുമുതല്‍ ആരംഭിക്കുന്ന ഇംഗ്ളണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനമെന്നും വിജയകരമായാല്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അനുരാഗ് ഠാകുര്‍ പറഞ്ഞു. 2008ല്‍ നടന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ഡി.ആര്‍.എസ് സമ്പ്രദായം പരീക്ഷിച്ചെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണിയാണ് ഈ പരിഷ്കാരത്തിന് മുഖ്യമായും എതിരുനിന്നത്. ടെസ്റ്റ് ടീമിന്‍െറ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കോച്ച് അനില്‍ കുംബ്ളെയും ഡി.ആര്‍.എസിന് അനുകൂലമായതോടെയാണ് പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനമായത്.

 

Tags:    
News Summary - DRS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.