ലോഡ്സ്: മഴയും വിക്കറ്റ് വീഴ്ചയുമെല്ലാം ആദ്യ രണ്ടു ദിനംകൊണ്ട് അവസാനിച്ചു. ആകാശം തെളിഞ്ഞ ലോഡ്സിലെ പിച്ചിൽ മൂന്നാം ദിനം നിലയുറപ്പിച്ച് ഇംഗ്ലണ്ട് ബാറ്റുവീശുന്നു. രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 107 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ ലീഡ് പിടിച്ച് ഇരട്ടശതകവും കടന്ന് കുതിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുേമ്പാൾ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസെന്ന നിലയിലാണ് ആതിഥേയർ.
അർധസെഞ്ച്വറിയുമായി ജോണി ബെയർസ്റ്റോയും (54 നോട്ടൗട്ട്) 29 റൺസുമായി ക്രിസ് വോക്സുമാണ് ക്രീസിൽ. ആദ്യ ദിനം പൂർണമായും മഴയെടുത്തതിനു പിന്നാലെ വെള്ളിയാഴ്ചയാണ് കളി തുടങ്ങിയത്. ഇടക്കു പെയ്ത മഴക്കിടയിലും ഇന്ത്യയെ 35 ഒാവറിനുള്ളിൽ ഒാൾഒൗട്ടാക്കിയ ഇംഗ്ലണ്ട് ശനിയാഴ്ചയാണ് ബാറ്റിങ് ആരംഭിച്ചത്. തലേ ദിനം ജെയിംസ് ആൻഡേഴ്സൻ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പിച്ചിൽ ഇന്ത്യൻ ബൗളർമാരും മോശമാക്കിയില്ല.
ആതിഥേയ സ്കോർ 28ൽ എത്തിയപ്പോൾ ഒാപണർ കീറ്റൺ ജെന്നിങ്സിനെ (11) നഷ്ടമായി. മുഹമ്മദ് ഷമി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. നാലു റൺസുകൂടി ചേർത്തപ്പോഴേക്കും അലസ്റ്റർ കുക്കും (21) പവിലിയനിലേക്ക് മടങ്ങി. ഇശാന്ത് ശർമക്കായിരുന്നു വിക്കറ്റ്. പിന്നാലെ അരങ്ങേറ്റക്കാരൻ ഒലി പോപ്പെയും ക്യാപ്റ്റൻ ജോ റൂട്ടും ടീമിനെ മുന്നോട്ടുനയിക്കാൻ തുടങ്ങി. 28 റൺസെടുത്ത പോപ്പെയെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് റൂട്ടും (19) എളുപ്പം മടങ്ങി.
പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ജോണി ബെയർസ്റ്റോയും ജോസ് ബട്ലറും ചേർന്ന് ഇംഗ്ലണ്ടിന് ലീഡ് നൽകി. ഇംഗ്ലീഷ് സ്കോർ 131ൽ എത്തിനിൽക്കെ ബട്ലറെയും ഷമി മടക്കിയയച്ചു. വോക്സിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ഇംഗ്ലണ്ടിനെ സധൈര്യം മുന്നോട്ടുനയിക്കുകയാണ്. ഇന്ത്യക്കായി ഷമി മൂന്നും ഇശാന്ത്, പാണ്ഡ്യ എന്നിവർ ഒാരോ വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.