െബർമിങ്ഹാം: ആറു കളികളിൽ അപരാജിതരായി മുന്നേറി സെമിയുടെ പടിവാതിൽക്കൽ എത്തിനി ൽക്കുന്ന ടീം ഇന്ത്യക്ക് ഞായറാഴ്ച ഇംഗ്ലീഷ് പരീക്ഷ. ചരിത്രത്തിൽ ആദ്യമായി എവേ ജഴ്സി യിൽ കളിക്കാനിറങ്ങുന്നു എന്ന പ്രേത്യകതകൂടി മത്സരത്തിനുണ്ട്. ഒരു മത്സരംകൂടി ജയി ച്ചാൽ സെമി ഉറപ്പിക്കാൻ സാധിക്കുന്ന ഇന്ത്യയും ഒരു തോൽവിപോലും പുറത്തേക്കുള്ള വാതിൽ തുറക്കുന്ന ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യയുെട ജയം ഇന്ത്യയെക്കാൾ ആഗ്രഹിക്കുന്ന ടീം ചിരവൈരികളായ പാകിസ്താനാണ്. ഇംഗ്ലണ്ട് തോറ്റാൽ മാത്രമേ പാകിസ്താന് സെമി പ്രതീക്ഷ വെച്ചുപുലർത്താനൊക്കൂ. സമീപകാല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുമായി വന്ന ഇംഗ്ലീഷുകാർ ഏഴു മത്സരങ്ങളിൽനിന്ന് എട്ടു പോയൻറുമായി സെമിയിലെത്താൻ പെടാപ്പാടുപെടുകയാണിപ്പോൾ. ഇന്ന് ഇന്ത്യക്കെതിരെയും ബുധനാഴ്ച ന്യൂസിലൻഡിനെതിരെയും ജയം അനിവാര്യമാണ്.
മധ്യനിര തലവേദനതന്നെ
ടോപ് ഒാർഡർ ബാറ്റ്സ്മാൻമാരുടെ കളിമികവിനെ പിന്തുടർന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യൻ മുന്നേറ്റം. ഒാപണർമാരായ രോഹിത് ശർമ, ലോകേഷ് രാഹുൽ വൺഡൗണിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ പുറത്തായാൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ബാറ്റ്സ്മാൻമാർ ഇല്ലെന്നതാണ് വാസ്തവം. അഞ്ചുമത്സരങ്ങളിൽ ഇന്ത്യ സ്കോർ ചെയ്ത 1410ൽ 914 റൺസും ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരുടെ സംഭാവനയായിരുന്നു. ടോപ് ഒാർഡറിനെ ഇത്രയധികം ആശ്രയിക്കേണ്ടിവരുന്നതാണ് കൂടുതൽ ഉത്തരവാദിത്തം ധോണിയുടെ ചുമലിൽ എത്താൻ കാരണം. ശിഖർ ധവാന് പരിക്കേറ്റതോടെ രാഹുൽ ഒാപണറായി പോയതും വിജയ് ശങ്കറിെൻറ ഫോമില്ലായ്മയുമാണ് നാലാം നമ്പർ തലവേദന ഇന്നും ഇന്ത്യയെ വിട്ടുമാറാതിരിക്കാൻ കാരണം. വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ, ടീം ഗെയിമിൽ വിശ്വസിക്കുന്ന കോഹ്ലി ശങ്കറിന് ഒരവസരംകൂടി നൽകിയാലും അത്ഭുതപ്പെടാനില്ല.
കരുത്ത് കാട്ടുന്ന ബൗളർമാർ
മികച്ച ഫോമിലുള്ള ബൗളർമാരാണ് അവസാന രണ്ട് മത്സരത്തിൽ ബാറ്റിങ്ങിലെ പോരായ്മകൾ പരിഹരിച്ച് ടീമിനെ വിജയത്തിലെത്തിച്ചത്. ജസ്പ്രീത് ബൂംറയും പകരക്കാരെൻറ റോളിലെത്തി ഹീറോയായി മിന്നുന്ന മുഹമ്മദ് ഷമിയും ഉൾപ്പെടുന്ന ബൗളിങ് നിര കുറഞ്ഞ സ്കോർ വരെ പ്രതിരോധിക്കാൻ കെൽപുള്ളവരാണെന്നത് കോഹ്ലിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അഞ്ചു മത്സരങ്ങളിൽ നിന്നായി ഇന്ത്യൻ ബൗളർമാർ 45 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഇന്ത്യൻ ബൗളിങ്ങിനെ വേറിട്ട് നിർത്തുന്ന ൈകക്കുഴ സ്പിന്നർമാർ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും മധ്യ ഒാവറുകളിൽ നന്നായി പന്തെറിയുന്നതും പാർട്ട്ടൈം ബൗളറുടെ റോൾ ഹാർദിക് പാണ്ഡ്യ നാന്നായി നിറവേറ്റുന്നതും ഇന്ത്യക്ക് മുതൽക്കൂട്ടാണ്. പരിക്കേറ്റ ബാറ്റ്സ്മാൻ ജേസൺ റോയ് പരിശീലനത്തിനിറങ്ങിയത് ഇംഗ്ലണ്ടിന് ശുഭസൂചനയാണ്. നിറംമങ്ങിയ ബാറ്റിങ്നിരയുടെ മൂർച്ചകൂട്ടാൻ റോയിയുടെ തിരിച്ചുവരവിനാകും. കഴിഞ്ഞ വർഷം ഇന്ത്യ പര്യടനത്തിനെത്തിയപ്പോൾ 2-1ന് തോൽപിച്ചതും അവർക്ക് ആത്മവിശ്വാസമേകുന്നു. പരിക്കിനെത്തുടർന്ന് പേസ് ബൗളർ ജോഫ്ര ആർച്ചർ പരിശീലനത്തിനിറങ്ങാത്തത് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.