•ഇന്ത്യ 321/6 (50)
•ലങ്ക 322/3 (48.4)
ലണ്ടൻ: റൺമഴ പെയ്ത ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് ബി മത്സരത്തിൽ ശ്രീലങ്കക്ക് ഗംഭീര വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും 300 റൺസിനുമുകളിൽ അടിച്ചുകൂട്ടി ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യം തകർപ്പൻ ബാറ്റിങ്ങിലുടെ മറികടന്ന മരതകദ്വീപുകാർ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി.
ശിഖർ ധവാെൻറ ഉജ്ജ്വല സെഞ്ച്വറിയുടെ (128) മികവിൽ ഇന്ത്യ 50 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തപ്പോൾ ലങ്ക എട്ടു പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയംകണ്ടു. കുശാൽ മെൻഡിസ് (89), ധനുഷ്ക ഗുണതിലക (76), ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് (52 നോട്ടൗട്ട്), കുശാൽ പെരേര (47 റിട്ടയേർഡ്), അസേല ഗുണരത്നെ (34 നോട്ടൗട്ട്) എന്നിവരുടെ മികവാണ് ലങ്കക്ക് വിജയം സമ്മാനിച്ചത്.
നേരത്തേ ധവാനുപുറമെ രോഹിത് ശർമ (78), മഹേന്ദ്ര സിങ് ധോണി (63) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യൻ സ്കോറിന് മിഴിവേകി. ഏകദിന കരിയറിലെ പത്താം ശതകം കുറിച്ച ധവാെൻറ ഇന്നിങ്സായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിെൻറ ഹൈലൈറ്റ്. ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാെൻറ മൂന്നാമത്തെ സെഞ്ച്വറിയാണിത്. കഴിഞ്ഞതവണ മാൻ ഒാഫ് ദ ടൂർണമെൻറായ ശിഖർ രണ്ടുവട്ടം നൂറുകടന്നിരുന്നു. തുടർച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി പാർട്ണർഷിപ് പടുത്തുയർത്തിയ ധവാൻ-രോഹിത് ഒാപണിങ് ജോടിയാണ് ഇന്ത്യൻ സ്കോറിന് ബലമുള്ള അടിത്തറ പാകിയത്.
ഇരുവരും ആദ്യ വിക്കറ്റിന് 25 ഒാവറിൽ 138 റൺസ് ചേർത്തു. പതിവുപോലെ പതിയെ തുടങ്ങി പിന്നീട് കത്തിക്കയറവെയാണ് രോഹിത് മടങ്ങിയത്. 79 പന്തിൽ മൂന്നു സിക്സും ആറു ബൗണ്ടറിയും പായിച്ച രോഹിത് മുംബൈ ഇന്ത്യൻസിലെ സഹതാരം ലസിത് മലിംഗയുടെ പന്തിൽ തിസാര പെരേരക്ക് പിടിെകാടുത്താണ് പുറത്തായത്.
പിന്നാലെയെത്തിയ നായകൻ വിരാട് കോഹ്ലി അഞ്ചു പന്ത് നേരിട്ട് സ്കോർബോർഡിൽ അക്കം കുറിക്കാനാവാതെ നുവാൻ പ്രദീപിെൻറ പന്തിൽ നിരോഷൻ ഡിക്ക്വെല്ലക്ക് ക്യാച്ച് കൊടുത്ത് തിരിച്ചുകയറി. കഴിഞ്ഞ കളിയിലെ ഹീറോ യുവരാജ് സിങ്ങിനും പ്രകടനം ആവർത്തിക്കാനായില്ല. താളം കിട്ടാതെ കുഴങ്ങിയ യുവരാജ് 18 പന്തിൽ ഏഴു റൺസ് മാത്രമെടുത്ത് ഗുണരത്നെയുടെ പന്ത് വിക്കറ്റിലേക്ക് ഗതിമാറ്റി മടങ്ങി.
മൂന്നിന് 179 എന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റിന് 82 റൺസ് കൂട്ടുകെട്ടുയർത്തിയ ധവാൻ-ധോണി ജോടിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. സെഞ്ച്വറി തികച്ചതോടെ ബാറ്റിങ് വേഗം കൂട്ടിയ ധവാൻ ഒടുവിൽ 45ാം ഒാവറിൽ ഒൗട്ടാവുേമ്പാൾ 128 പന്തിൽ ഒരു സിക്സും 15 ഫോറും പായിച്ചിരുന്നു. മലിംഗയെ അതിർത്തി കടത്താനുള്ള ഇടൈങ്കയെൻറ ശ്രമം കുശാൽ മെൻഡിസിെൻറ കൈകളിൽ അവസാനിക്കുകയായിരുന്നു. പിന്നീടെത്തിയ ഹർദിക് പാണ്ഡ്യ (ഒമ്പത്) ഒരു സിക്സടിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അവസാനഘട്ടത്തിൽ ആഞ്ഞടിച്ച ധോണിയും കേദാർ ജാദവുമാണ് സ്കോർ 321ലെത്തിച്ചത്. ധോണി 52 പന്തിൽ രണ്ടു സിക്സും ഏഴു ഫോറും അടിച്ചപ്പോൾ ജാദവ് 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സുമടക്കമാണ് 25 റൺസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.