റാഞ്ചി: ആദ്യ ദിനത്തിൽ തന്നിഷ്ടം കാണിച്ച റാഞ്ചിയിലെ പിച്ച് അച്ചടക്കം പഠിച്ചുതുടങ്ങിയെന്ന് പറയാം. പക്ഷേ, അത് ഇന്ത്യക്ക് എങ്ങനെ ഗുണകരമാവുമെന്നത് കണ്ടറിയേണ്ട സത്യം. എന്തായാലും ടോസിെൻറ ആനുകൂല്യത്തിൽ രണ്ട് തകർപ്പൻ സെഞ്ച്വറിയോടെ 451 റൺസിെൻറ മികച്ച ടോട്ടൽ പടുത്തുയർത്തിയ ആസ്ട്രേലിയക്ക് തന്നെയാണ് രണ്ടാം ദിനം സ്റ്റംപെടുക്കുേമ്പാഴും മുൻതൂക്കം. അതിനിടെ, പ്രതീക്ഷയുടെ ഇത്തിരി വെട്ടമായി ഇന്ത്യയുടെ ചെറുത്തുനിൽപും. രണ്ടാം ദിനം 40 ഒാവർ ബാറ്റ്ചെയ്ത ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. ലോകേഷ് രാഹുലിെൻറ (67) വിക്കറ്റ് നഷ്ടമായപ്പോൾ, മുരളി വിജയും (42), ചേതേശ്വർ പുജാരയുമാണ് (10) ക്രീസിൽ. ഇപ്പോഴും, ഇന്ത്യ 331 റൺസിന് പിന്നിൽ.
ഇന്ത്യൻ ഒാൾറൗണ്ട്
വ്യാഴാഴ്ച കണ്ടതായിരുന്നില്ല, വെള്ളിയാഴ്ചത്തെ കാഴ്ചകൾ. പിച്ച് സ്വഭാവം മാറിയപ്പോൾ കളിയും മാറി. നായകൻ വിരാട് കോഹ്ലി തോളിലെ പരിക്കുമായി ബാൽക്കണിയിൽ കാഴ് ചക്കാരനായപ്പോൾ മൈതാനത്ത് ഇന്ത്യയുടെ പോരാട്ടവീര്യം പേറിയത് അജിൻക്യ രഹാനെയായിരുന്നു. ന്യൂ ബാളെടുത്തത് മുതൽ ആക്രമണാത്മക ഫീൽഡ് ഒരുക്കിയും നിർണായക ബൗളിങ് ചേഞ്ച് വരുത്തിയും രഹാനെ ഒരുദിനം മുഴുവൻ നിറഞ്ഞുനിന്നു.
ആസ്ട്രേലിയയാവെട്ട തലേദിനം അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങാനുള്ള മൂഡിലായിരുന്നു. നാലിന് 299 റൺസെന്ന നിലയിൽ സ്കോർ 500കടത്താനുള്ള മനക്കോട്ടയുമായാണ് ക്യാപ്റ്റൻ സ്മിത്തും കൂട്ടുകാരൻ ഗ്ലെൻ മാക്സ്വെല്ലുമെത്തിയത്. മാക്സ്വെല്ലിെൻറ കന്നി ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഒാസീസിെൻറ ആദ്യ ലക്ഷ്യം. ഉമേഷ് യാദവെറിഞ്ഞ ഒമ്പതാം ഒാവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി മാക്സ്വെൽ അത് സ്വന്തമാക്കി. ടീമിൽ പകരക്കാരനായെത്തി തുടക്കം അതിഗംഭീരം. പക്ഷേ, രണ്ട് ഒാവറിനുള്ളിൽ മാക്സ്വെൽ പുറത്തായി. ഇശാന്തിെൻറ ഒാവറിൽ സ്മിത്തിനെ റണ്ണൗട്ടാക്കാനുള്ള അവസരം കളഞ്ഞതിനു പിന്നാലെ, ജദേജയെറിഞ്ഞ ഒാവറിൽ സാഹ മാക്സ്വെല്ലിനെ (104) പിടിച്ചു പുറത്താക്കി.
അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 191 റൺസിെൻറ ഉജ്ജ്വല കൂട്ടുകെട്ട് മുറിഞ്ഞതോടെ ഒാസീസ് റൺവേട്ടയുടെ ഗ്രാഫ് താഴോട്ടായി. ഒരു തലക്കൽ സ്മിത്ത് നിലയുറപ്പിച്ചപ്പോഴും മറുതലക്കൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. ആറാം വിക്കറ്റിൽ മാത്യൂവെയ്ഡും (37), വാലറ്റത്ത് സ്റ്റീവ് ഒകീഫെയും (25) മാത്രമേ ഇരട്ടയക്കം കടന്നുള്ളൂ. പാറ്റ് കുമ്മിൻസ് (0), നതാൻ ലിയോൺ (1), ജോഷ് ഹേസൽ വുഡ് (0) എന്നിവർ എളുപ്പം മടങ്ങി. അതേമസയം, 361 പന്ത് നേരിട്ട് 17 ബൗണ്ടറി പറത്തിയ സ്മിത്ത് 178 റൺസെടുത്ത് ഒാസീസ് ഇന്നിങ്സിെൻറ നെട്ടല്ലായിമാറി. 120 റൺസിനിടെ വീണത് ആറു വിക്കറ്റുകൾ. രവീന്ദ്ര ജദേജ അഞ്ചു വിക്കറ്റുമായി വീണ്ടും വിസ്മയിപ്പിച്ചപ്പോൾ ഫ്ലാറ്റ് പിച്ചിൽ മൂന്ന് വിക്കറ്റുമായി ഉമേഷും തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അടിമുടി സമ്മർദത്തിലായിരുന്നു. ബൗൺസ് കണ്ടെത്തി തുടങ്ങിയ പിച്ചിൽ ഒാസീസ് പേസർമാെര എങ്ങനെ പ്രതിരോധിക്കുമെന്ന ആധി. വിക്കറ്റ് വീണാൽ പരിക്കേറ്റ കോഹ്ലി രണ്ടാം ദിനം തന്നെ ക്രീസിലിറങ്ങേണ്ടിവരുമോയെന്ന ആശങ്ക. പക്ഷേ, ലോകേഷും മുരളി വിജയും കൂടി തങ്ങളുടെ റോൾ ഭംഗിയാക്കി. പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്കോററായ രാഹുൽ പക്വതയോടെയാണ് ബാറ്റ് വീശിയത്. ഒകീഫെയെയും ലിയോണിനെയും ശിക്ഷിച്ചും, കുമ്മിൻസിെൻറയും ഹേസൽവുഡിെൻറയും ബൗൺസറുകളെ കരുതിയിരുന്നും കളി നയിച്ചു. സ്കോർ 91ലെത്തിയപ്പോൾ കുമ്മിൻസിെൻറ പന്തിൽ വെയഡിന് പിടികൊടുത്താണ് രാഹുൽ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.