ബ്രിസ്ബേൻ: കൈപ്പിടിയിൽ നിന്നും അകന്നുപോയ കളിയെ ഏന്തിപ്പിടിച്ച് അരികിലെത്തിച്ച ഋഷഭ് പന്ത് -ദിനേഷ് കാർത്തിക് കൂട്ടിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം. ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20യിൽ ആതിഥേയ ലക്ഷ്യം പിന്തുടരുന്നതിനിടെ പതറിപ്പോയ ഇന്ത്യയെ ഇരുവരും അഞ്ചാം വിക്കറ്റിൽ 50 കടന്ന കൂട്ടുകെട്ടുമായി നയിച്ചു. ജയത്തിന് 13 റൺസ് അകലെയെത്തിയപ്പോൾ ഗാലറി ആഘോഷവും തുടങ്ങി.
പക്ഷേ, കാണികളുടെ ആവേശം ക്രീസിൽ പന്തിെൻറ നിലതെറ്റിച്ചു. ആൻഡ്ര്യൂ ടൈയുടെ പന്തിൽ അനാവശ്യഷോട്ടിന് ശ്രമിച്ച ഋഷഭ് തേഡ്മാനിൽ ബെഹ്റൻഡോഫിന് പിടികൊടുത്ത് മടങ്ങി. ഒരു നിമിഷത്തെ അമിതാവേശത്തിന് ഒരു കളി തന്നെ വിലയായിനൽകി. ഒാസീസ് മണ്ണിൽ രണ്ടുമാസം നീളുന്ന പര്യടനത്തിന് നാലു റൺസ് തോൽവിയോടെ ഇന്ത്യയുടെ ഉദ്ഘാടനം.
ടോസ് നേടിയ വിരാട് കോഹ്ലി എതിരാളികളെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. അഞ്ചാം ഒാവറിൽ ഡാർസി ഷോർട്ടിനെ (7) മടക്കി ഖലീൽ അഹമ്മദ് മികച്ച തുടക്കംതന്നെ സന്ദർശകർക്ക് നൽകി. ആരോൺ ഫിഞ്ച് (27), െഗ്ലൻ മാക്സ്വെൽ (24പന്തിൽ 46), ക്രിസ് ലിൻ (20 പന്തിൽ 37) എന്നിവരുടെ ബാറ്റുകൾക്ക് തീപിടിച്ചപ്പോൾ പേസിനെ തുണച്ച പിച്ചിൽ ഒാസീസ് മികച്ച സ്കോറിലെത്തി. 17ാം ഒാവർ തുടങ്ങിയപ്പോഴാണ് മഴയെത്തിയത്. മുക്കാൽ മണിക്കൂർ കളി മുടങ്ങിയതോടെ മത്സരം 17 ഒാവറിൽ ചുരുക്കി. ഒാസീസ് സ്കോർ നാലിന് 158. ഡെക്വർത് ലൂയിസ് നിയമത്തിലൂടെ ഇന്ത്യൻ ലക്ഷ്യം 17 ഒാവറിൽ 173 റൺസാക്കി നിജപ്പെടുത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കിതച്ചും കുതിച്ചും പിന്തുടർന്നെങ്കിലും നാലു റൺസകലെ കീഴടങ്ങി. 17 ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒാപണർ രോഹിത് ശർമ (7), ലോകേഷ് രാഹുൽ (13), വിരാട് കോഹ്ലി (4) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഒറ്റയാെൻറ ശൗര്യവുമായി ഉജ്ജ്വലമായി പോരാടിയ ശിഖർ ധവാനാണ് (42 പന്തിൽ 76) ചെറുത്തുനിൽപ്പിന് ചുക്കാൻ പിടിച്ചത്. ധവാൻ പുറത്തായതോടെ നാലിന് 105 എന്ന നിലയിലായപ്പോഴാണ് ഋഷഭ് പന്തും (15 പന്തിൽ 20), ദിനേഷ് കാർത്തികും (13പന്തിൽ30) ചേർന്നത്. മുൻനിര പുറത്തായതോടെ അസ്തമിച്ച പ്രതീക്ഷകൾക്ക് പന്തും കാർത്തികും ജീവൻ നൽകി. സ്റ്റോയിണിസിനെയും ജാസൻ ബെഹ്റൻഡോഫിനെയും കടന്നാക്രമിച്ച് ഇവർ സ്കോർ ബോർഡിന് വേഗത പകർന്നു. ടൈ എറിഞ്ഞ 14ാം ഒാവറിൽ രണ്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 25 റൺസെടുത്തു.
നോബാളും ഫ്രീഹിറ്റും ബൗണ്ടറികളുമായി സ്േകാർ വീണ്ടും ജീവൻവെച്ചതോടെ 24 പന്തിൽ 51 എന്ന വലിയ വെല്ലുവിളിയിൽ നിന്നും 12 പന്തിൽ 19 റൺസിലേക്ക് ചുരുങ്ങി. ഇതിനിടെയാണ് ടൈ എറിഞ്ഞ 16ാം ഒാവറിലെ മൂന്നാം പന്തിൽ പന്തിെൻറ ആത്മഹത്യ. ലോ ഫുൾടോസിനെ ദിൽഷൻ സ്കൂപ്പിലൂടെ ബൗണ്ടറി കടത്താൻ ശ്രമിച്ച പന്തിന് പിഴച്ചു. ഉയർന്നു പൊന്തിയ പന്ത് തേഡ്മാനിൽ ബെഹ്റൻഡോഫിെൻറ കൈകളിൽ വിശ്രമിച്ചു. പിന്നെ തോൽവി എളുപ്പമായി. സ്റ്റോയിണിസിെൻറ അവസാന ഒാവറിൽ ക്രുണാൽ പാണ്ഡ്യ (2), ദിനേഷ് കാർത്തിക് (30) എന്നിവർ കൂടി കൂറ്റൻ ഷോട്ടിനുള്ള ശ്രമങ്ങൾക്കിടെ പുറത്തായി.
മാരേത്താൺ പരമ്പരയിൽ ആതിഥേയർക്ക് ആത്മവിശ്വാസം നൽകുന്ന ജയം. കോഹ്ലിയെയും രാഹുലിനെയും പുറത്താക്കിയ ആഡംസാംപയാണ് കളിയിലെ കേമൻ. പന്തിെൻറ പുറത്താവൽ കളിയുടെ ഫലം മാറ്റിയെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുടെ പ്രതികരണം. ‘മികച്ച മത്സരമായിരുന്നു. കളിക്കാരും കാണികളും വിജയം ഉറപ്പിച്ചു. നന്നായി തന്നെ ഞങ്ങൾക്ക് തുടങ്ങാനായി. ഋഷഭ് പന്തും ദിനേഷ് കാർത്തികും ചേർന്ന് വിജയിപ്പിക്കുമെന്നുതന്നെ പ്രതീക്ഷിച്ചു. പക്ഷേ, പന്തിെൻറ പുറത്താവൽ ഫലംമാറ്റിയെഴുതി- കോഹ്ലി പറഞ്ഞു. ഒാപണിങ്ങിൽ ധവാെൻറ പ്രകടനത്തെയും നായകൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.