കൃഷ്ണഗിരി (വയനാട്): പ്രതീക്ഷകളുടെ ഗിരിശൃംഗങ്ങളിൽനിന്ന് കേരളം ചീട്ടുകൊട്ടാരംപേ ാലെ തകർന്നുവീണു. അഞ്ചു ദിവസത്തെ കളി ഒന്നര ദിവസത്തേക്കും കേരളത്തിെൻറ രണ്ടാമിന്നിങ് സ് 91 റൺസിലേക്കും ചുരുട്ടിക്കെട്ടി വിദർഭ വിസ്മയം കാട്ടിയപ്പോൾ ഒരിക്കൽകൂടി ഉമേഷ ് യാദവിെൻറ പേസ് മാന്ത്രികതക്കു മുന്നിൽ ആതിഥേയർ ഭീതിയോടെ കീഴടങ്ങി. നടാടെ രഞ്ജി േട്ര ാഫി ക്രിക്കറ്റിെൻറ സെമിഫൈനലിൽ കളത്തിലിറങ്ങിയ കേരളം അഭിമാനകരമായ കുതിപ്പു നടത് തിയ സീസണിൽ പടിയിറങ്ങിയത് ഇന്നിങ്സ് തോൽവിയോടെ. വമ്പൻ സ്കോറിലേക്കെന്നുതോന്നിച്ച വിദർഭയുടെ ഒന്നാമിന്നിങ്സ് അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത സന്ദീപ് വാര്യരുടെ മികവിൽ 208 റൺസിലൊതുക്കിയ കേരളം, രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു പിന്നാലെ എളുപ്പം കീഴടങ്ങി. ഇന്നിങ്സിനും 11 റൺസിനും ഗംഭീര ജയം കുറിച്ച വിദർഭനിരയിൽ ഉമേഷ് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ മൂന്നാം ഫസ്റ്റ്ക്ലാസ് മത്സരം മാത്രം കളിക്കുന്ന 19കാരൻ പേസർ യാഷ് ഠാകുർ നാലു വിക്കറ്റ് പിഴുത് പിന്തുണയേകി. കരിയറിലെ മികച്ച ബൗളിങ് പ്രകടനവുമായി മത്സരത്തിൽ 12 വിക്കറ്റ് നേടിയ ഉമേഷാണ് കളിയിലെ കേമൻ. ഉത്തരാഖണ്ഡിെനതിരെ ക്വാർട്ടറിലും ഉമേഷായിരുന്നു മാൻ ഓഫ് ദ മാച്ച്.
ജയിക്കാൻ ബാറ്റുചെയ്യാനുമറിയണം
ഒന്നാമിന്നിങ്സിൽ 102 റൺസ് ലീഡ് വഴങ്ങിയ കേരളം ക്രീസിലെത്തിയത് ബൗളിങ്ങിൽ കാഴ്ചവെച്ച ശൗര്യം നൽകിയ വീറോടെയായിരുന്നു. നിരന്തര മാറ്റങ്ങൾ വരുത്തുന്ന ബാറ്റിങ് ലൈനപ്പിൽ ഇക്കുറി ഓപണറായെത്തിയത് അതിഥിതാരങ്ങളായ അരുൺ കാർത്തിക്കും ജലജ് സക്സേനയും. രജനീഷ് ഗുർബാനിയെ ആക്രമിച്ചുകളിച്ച ഇരുവരും ഉമേഷിനെതിരെ ജാഗ്രയോടെ നിലയുറപ്പിച്ചു. ഉമേഷ് എറിഞ്ഞ ആറാം ഓവറിൽ സക്സേനയുടെ (ഏഴ്) ബാറ്റിലുരസിയ പന്ത് വിക്കറ്റിനു പിന്നിൽ അക്ഷയ് വാദ്കർ രണ്ടാം ശ്രമത്തിൽ കൈയിലൊതുക്കിയപ്പോൾ കേരളത്തിെൻറ സ്കോർ 28. ഒന്നാമിന്നിങ്സിലെ ടോപ്സ്കോറർ വിഷ്ണു വിനോദും കാർത്തികും ചേർന്ന് ഇന്നിങ്സിനെ മുന്നോട്ടുനയിച്ചപ്പോൾ കേരളം പ്രതീക്ഷയിലായിരുന്നു. ആ കൂട്ടുകെട്ടും ഉമേഷ് തകർത്തു. വിഷ്ണുവിനെ (15) സ്ലിപ്പിൽ ഫൈസ് ഫസൽ പിടികൂടി.
ഒരു റൺപോലും കൂട്ടിച്ചേർക്കുംമുമ്പ് കാർത്തികിനെ (33 പന്തിൽ 36) ഠാകുർ വിക്കറ്റിനു മുന്നിൽ കുടുക്കി. ഒന്നിന് 51 റൺസെന്ന നിലയിൽനിന്ന് കേരളം അവിശ്വസനീയമായ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു പിന്നെ. വന്നവരൊക്കെ വരിവരിയായി തിരിച്ചുകയറി. മുഹമ്മദ് അസ്ഹറുദ്ദീനെ (ഒന്ന്) ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയ അഥർവ തെയ്ദെ ഇല്ലാത്ത റണ്ണിനോടിയ ക്യാപ്റ്റൻ സചിൻ ബേബിയെ (പൂജ്യം) നേരിട്ടുള്ള ഏറിൽ കരക്കുകയറ്റി. വിനൂപ് (അഞ്ച്), പി. രാഹുൽ (പൂജ്യം), ബേസിൽ തമ്പി, സിജോമോൻ (17), നിധീഷ് എന്നിവരൊക്കെ എളുപ്പം കീഴടങ്ങിയപ്പോൾ നിലവിലെ ജേതാക്കളായ വിദർഭക്ക് തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശം. ‘ഉമേഷ് ഭീതി’യിൽ വിറച്ച് കേരളം തകർന്നടിഞ്ഞപ്പോൾ സീസണിൽ വിദർഭയുടെ മുൻനിര വിക്കറ്റ്വേട്ടക്കാരായ സ്പിന്നർമാർ ആദിത്യ സർവാതെക്കും അക്ഷയ് വഖാറെക്കും മത്സരത്തിൽ ഒരു ഒാവർപോലും എറിയേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമായി.
തോൽവിയിലും തലയുയർത്തി കേരള പേസർമാർ
അഞ്ചു വിക്കറ്റിന് 171 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ആദ്യ സെഷനിൽ ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് കേരളത്തിെൻറ പേസാക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദിത്യ സർവാതെയെ (ആറ്) സന്ദീപ് വിക്കറ്റിനു പിന്നിൽ അസ്ഹറുദ്ദീെൻറ കൈകളിലെത്തിച്ചപ്പോൾ ഗണേഷ് സതീഷിനെയും അക്ഷയ് വാദ്കറെയും റണ്ണെടുക്കുംമുമ്പെ ബേസിൽ തമ്പി മടക്കി. പിന്നീട് രണ്ടു സിക്സറടക്കം പറത്തി എട്ടു പന്തിൽ പുറത്താകാതെ 17 റൺസെടുത്ത ഉമേഷ് യാദവും മോനിഷ് കാലെയും (12) ചേർന്നാണ് സ്കോർ 200 കടത്തിയത്. 57 റൺസ് വഴങ്ങി സന്ദീപ് അഞ്ചു വിക്കറ്റെടുത്തപ്പോൾ ബേസിൽ മൂന്നും നിധീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.