ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റുകൊണ്ട് കരുത്തുകാട്ടിയെങ്കിലും 31 റൺസ് തോൽവിയെ തുടർന്ന് അഭിപ്രായ പ്രകടനങ്ങളുമായി മുൻ ഇന്ത്യൻ നായകൻ സുനിൽഗവാസ്കറും മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ നാസർ ഹുസൈനും രംഗത്തെത്തി. നാസർ ഹുസൈൻ തോൽവിയുടെ ഉത്തരവാദിത്തം നായകനായ വിരാട് കോഹ്ലിക്ക് ചാർത്തി കൊടുക്കുമ്പോൾ പരീശീലനത്തിെൻറ കുറവാണെന്ന കാരണമാണ് ഗവാസ്കറിന് പറയാനുള്ളത്.
അശ്വിനെ പിൻവലിച്ച തീരുമാനം തെറ്റി-നാസർ ഹുസൈൻ
ക്യാപ്റ്റനെന്ന നിലയിൽ വ്യക്തമായ ഉത്തരവാദിത്തം വിരാട് കോഹ്ലിക്കുണ്ടെന്ന വിമർശനവുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ നാസർ ഹുസൈൻ. കളിയിൽ കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ കോഹ്ലി വിജയികളുടെ പക്ഷത്തായിരുന്നു നിൽക്കേണ്ടിയിരുന്നത്. എങ്കിലും തോൽവിയിൽ കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് എെൻറ പക്ഷം -നാസർ ഹുസൈൻ പറഞ്ഞു.
ആതിഥേയരുടെ രണ്ടാം ഇന്നിങ്സിൽ സാം കറനും ആദിൽ റഷീദും ക്രീസിലുള്ളപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആ സമയത്ത് ഒരു മണിക്കൂറോളം അശ്വിനെ ബൗളിങ്ങിൽനിന്ന് മാറ്റിനിർത്തിയതിെൻറ കാരണം എന്തെന്ന് വ്യക്തമല്ല. അശ്വിൻ തിരിച്ചെത്തിയപ്പോഴേക്കും ഇരുവരും ക്രീസിൽ നിലയുറപ്പിച്ചിരുന്നു. ഇടംൈകയൻ ബാറ്റ്സ്മാൻ ക്രീസിൽ നിൽക്കുമ്പോൾ ഇടംൈകയന്മാർക്കെതിരെ മികച്ച റെക്കോഡുള്ള അശ്വിനെ ബാൾ ചെയ്യിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു. ഇൗ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ക്യാപ്റ്റൻസിയെക്കുറിച്ച് കോഹ്ലി വിലയിരുത്തൽ നടത്തണമെന്നും നാസർ ഹുസൈൻ പറഞ്ഞു.
പരിശീലനം അവഗണിച്ചത് പ്രകടനത്തെ ബാധിച്ചു-ഗവാസ്കർ
ന്യൂഡൽഹി: പരിശീലനം ഗൗരവത്തിലെടുക്കാത്തതും ടെസ്റ്റ് പരമ്പരക്കുമുമ്പ് പരിമിത ഒാവർ ക്രിക്കറ്റ് മാത്രം കളിച്ച് കളത്തിലിറങ്ങിയതുമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ബാധിച്ചതെന്ന് മുൻ നായകൻ സുനിൽ ഗവാസ്കർ.
ടെസ്റ്റ് പരമ്പരക്കുമുമ്പ് ഇംഗ്ലണ്ടിനെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന, ട്വൻറി20 പരമ്പരകളും അയർലൻഡിനെതിരെ രണ്ട് ട്വൻറി20 മത്സരങ്ങളുമായിരുന്നു കളിച്ചത്. മൂന്നു ദിവസത്തെ സന്നാഹമത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാൻ സാധിക്കുകയില്ല. പരിശീലന മത്സരങ്ങളിൽ പെങ്കടുക്കാതെ ദക്ഷിണാഫ്രിക്കയിൽ രണ്ടു ടെസ്റ്റുകൾ തോറ്റത് ചൂണ്ടിക്കാട്ടിയായിരുന്നു ലിറ്റിൽ മാസ്റ്ററുടെ വിമർശനം. ടീം ഒരു മാസമായി ഇംഗ്ലണ്ടിലെത്തിയെന്നു പറഞ്ഞിട്ട് കാര്യമില്ല, കുറഞ്ഞത് രണ്ടു ത്രിദിന മത്സരങ്ങളിലെങ്കിലും പെങ്കടുക്കണമായിരുന്നുവെന്നും ഗവാസ്കർ വ്യക്തമാക്കി.
വിരാട് കോഹ്ലി പ്രതിഭാശാലിയായ കളിക്കാരനാണ്. 50 ദിവസം കളിക്കാതെ തിരിച്ചെത്തി പിറ്റേന്ന് സെഞ്ച്വറിയടിക്കാൻ കോഹ്ലിക്ക് സാധിക്കും. എന്നാൽ, മറ്റു താരങ്ങൾക്ക് കൃത്യമായ പരിശീലനം നൽകാൻ ടീം മാനേജ്മെൻറ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.