ഇരു ടീമും വിജയപ്രതീക്ഷയില്‍; ഗംഭീര്‍ (രണ്ട്) വീണ്ടും നിരാശപ്പെടുത്തി

കല്‍പറ്റ: കൃഷ്ണഗിരിയില്‍ കളി ഉദ്വേഗത്തിന്‍െറ കുന്നിന്‍മുകളില്‍. ഡല്‍ഹിയും രാജസ്ഥാനും ഒപ്പത്തിനൊപ്പം പോരാടുന്ന രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരത്തില്‍ പോരാട്ടം അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇരു ടീമും വിജയപ്രതീക്ഷയില്‍. ജയിക്കാന്‍ രണ്ടാമിന്നിങ്സില്‍ 153 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നുവിക്കറ്റിന് 51 റണ്‍സെന്ന നിലയിലാണ്. ഏഴുവിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ ഡല്‍ഹിക്ക് 102 റണ്‍സ് കൂടി വേണം. 

35 റണ്‍സുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാനും അഞ്ചു റണ്‍സുമായി നൈറ്റ്വാച്ച്മാന്‍ വികാസ് തൊകാസുമാണ് ക്രീസിലുള്ളത്. 89 റണ്‍സെടുത്ത രാജേഷ് ബിഷ്ണോയിയുടെ പ്രകടനം തുണക്കത്തെിയപ്പോള്‍ രണ്ടാമിന്നിങ്സില്‍  രാജസ്ഥാന്‍ 221 റണ്‍സെടുത്തിരുന്നു. വിജയലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ഡല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടതായിരുന്നു കൃഷ്ണഗിരിയില്‍ മൂന്നാംദിവസത്തെ സവിശേഷത. ഒന്നാമിന്നിങ്സില്‍ പത്തു റണ്‍സിന് കൂടാരം കയറിയപ്പോള്‍ രണ്ടാമിന്നിങ്സില്‍ നേടിയത് വെറും രണ്ട്. ഇന്നിങ്സിലെ ആദ്യ പന്തിനെ അതിര്‍ത്തി കടത്തി തുടങ്ങിയ ധവാന്‍, പങ്കജ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്നു ബൗണ്ടറി പായിച്ചു. എന്നാല്‍, ഗംഭീര്‍ മടങ്ങിയതിനുപിന്നാലെ ഉന്മുക്ത് ചന്ദും (അഞ്ച്) യുവതാരം ഋഷഭ് പന്തും (പൂജ്യം) എളുപ്പം പുറത്തായത് ഡല്‍ഹിയെ ഞെട്ടിച്ചു. മിന്നും ഫോമിലുള്ള ഋഷഭിനെ ഒരുപന്തുപോലും നേരിടുംമുമ്പ് ധവാന്‍ ശ്രമകരമായ റണ്ണിനോടാന്‍ ക്ഷണിച്ചതാണ് വിനയായത്. തന്‍വീറിന്‍െറ ഏറില്‍ പന്ത് റണ്ണൗട്ടാവുകയായിരുന്നു. 45 പന്തു നേരിട്ട് ആറു ബൗണ്ടറിയടക്കമാണ് ധവാന്‍ 35ലത്തെിയത്. ഡല്‍ഹിക്കുവേണ്ടി പ്രദീപ് സങ്വാനും മനന്‍ ശര്‍മയും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ 238 പുറത്തായ രാജസ്ഥാനെതിരെ ഡല്‍ഹി 307 റണ്‍സെടുത്തിരുന്നു. 

Tags:    
News Summary - ranji cricket kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.