ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നോക്കൗട്ടുറപ്പിക്കാൻ ഹരിയാനക്കെതിരെ ഇറങ്ങിയ കേരളത്തിന് പ്രതീക്ഷയുടെ ആദ്യ ദിനം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിൽ തകർന്നതോടെ കേരളത്തിെൻറ വിജയമോഹങ്ങൾ തളിർത്തു. ഗ്രൂപ് ‘ബി’ പോയൻറ് പട്ടികയിൽ സൗരാഷ്ട്രയുമായി മത്സരിക്കുന്ന സചിൻ ബേബിക്കും സംഘത്തിനും ഇൗ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ മുന്നോട്ടുള്ള യാത്ര ഉറപ്പിക്കാനാവൂ.
തയാറെടുപ്പോടെ നിർണായക മത്സരത്തിനിറങ്ങിയപ്പോൾ ടോസിലെ ജയം ഹരിയാനക്കായിരുന്നു. ഒാപണർമാരായ ഗുൺതഷ്വീർ സിങ്ങും (40) ശുഭം റോഹില്ലയും (36) നൽകിയ തുടക്കം മുതലെടുത്ത് അവർ സ്കോർബോർഡ് ചലിപ്പിച്ചു. ഹരിയാന ഒന്നാം വിക്കറ്റിൽ 66 റൺസെടുത്തപ്പോൾ കേരളം വിയർത്തു. എന്നാൽ, ഉച്ചപിരിയുംമുേമ്പ സിങ്ങിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ജലക് സക്സേന കേരളം കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചു (66ന് ഒന്ന്). ഉച്ച കഴിഞ്ഞപ്പോൾ വിക്കറ്റ് മഴയായി. ചൈതന്യ ബിഷ്ണോയ് (14), ശിവം ചൗഹാൻ (4), രോഹിത് ശർമ (13) എന്നിവർ ഒന്നിനു പിന്നാലെ പുറത്തായി. അതേസമയം, മറുതലക്കൽ പിടിച്ചുനിന്ന രജത് പലിവാൽ (45) ആതിഥേയ നിരയിലെ ടോപ് സ്കോററായി. നായകൻ അമിത് മിശ്ര റിട്ടയേഡ് ഹർട്ട് വിളിച്ചെങ്കിലും ഇടക്ക് തിരിച്ചെത്തി (31 നോട്ടൗട്ട്) ബാറ്റ് വീശുന്നു. കേരള ബൗളിങ്ങിൽ സന്ദീപ് വാര്യർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിനോദ് കുമാർ രണ്ടും നിധീഷ്, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.
സൗരാഷ്ട്രക്ക് മികച്ച തുടക്കം
കേരളം ഉറ്റുനോക്കുന്ന മത്സരത്തിൽ രാജസ്ഥാനെതിരെ സൗരാഷ്ട്രക്ക് മികച്ച തുടക്കം. ആദ്യം ബാറ്റുചെയ്ത സൗരാഷ്ട്ര എ.എ. ബാരറ്റിെൻറ സെഞ്ച്വറി മികവിൽ (128 നോട്ടൗട്ട്) ഒന്നാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. റോബിൻ ഉത്തപ്പ അർധസെഞ്ച്വറി നേടി (59). ഷെൽഡൽ ജാക്സനാണ് (54) ക്രീസിലുള്ളത്. ഗ്രൂപ് ‘ബി’യിൽ ഗുജറാത്തിന് 27ഉം കേരളത്തിന് 24ഉം സൗരാഷ്ട്രക്ക് 23ഉം പോയൻറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.