തിരുവനന്തപുരം: ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് പന്തടിച്ചുകയറി. കേവലം 48 പന്തില്‍നിന്ന് മൂന്നക്കം കടന്ന 19കാരന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറിയാണ് തന്‍െറ പേരില്‍ എഴുതിച്ചേര്‍ത്തത്. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു ഡല്‍ഹി ഓപണറുടെ നേട്ടം.
28 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് പന്ത് പഴങ്കഥയാക്കിയത്. 1988-89 സീസണിലെ ഇറാനി ട്രോഫി മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ തമിഴ്നാടിന്‍െറ വി.ബി. ചന്ദ്രശേഖറും തൊട്ടുമുമ്പത്തെ സീസണില്‍ ത്രിപുരക്കെതിരെ അസമിന്‍െറ രാജേഷ് ബോറയും 56 പന്തില്‍ നേടിയ ശതകങ്ങളായിരുന്നു ഇതുവരെയുള്ള വേഗമേറിയ സെഞ്ച്വറി.
ലോകതലത്തില്‍ ആസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയക്കെതിരെ സൗത്ത് ആസ്ട്രേലിയയുടെ ഡേവിഡ് ഹൂക്സ് നേടിയ 34 പന്തിലെ സെഞ്ച്വറിയാണ് ഇപ്പോഴും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ അതിവേഗ ശതകം. (ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ അബ്രഹാം ഡിവില്ലിയേഴ്സ് 31 പന്തുകളില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര മത്സരമായതിനാല്‍ ഇത് ഫസ്റ്റ് ക്ളാസ് മത്സരങ്ങളുടെ ഗണത്തില്‍ പെടുത്തില്ല).
67 പന്തില്‍ 135 റണ്‍സ് നേടി പുറത്താവുമ്പോള്‍ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ 13 സിക്സും എട്ടു ഫോറും പറത്തിയിരുന്നു. ആദ്യ ഇന്നിങ്സിലും 106 പന്തില്‍ 117 റണ്‍സുമായി പന്ത് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. സീസണില്‍ ഗംഭീര ഫോമിലാണ് പന്ത് ബാറ്റുവീശുന്നത്. അഞ്ചു മത്സരങ്ങളിലെ ഏഴു ഇന്നിങ്സുകളില്‍നിന്നായി ഒരു ട്രിപ്ളടക്കം നാലു സെഞ്ച്വറിയാണ് പന്തിന്‍െറ ബാറ്റില്‍നിന്ന് പിറന്നത്. 133.16 ശരാശരിയില്‍ 799 റണ്‍സ്. 44 സിക്സുകള്‍ പന്തിന്‍െറ ബാറ്റില്‍നിന്ന് സീസണില്‍ ഇതുവരെ പറന്നുകഴിഞ്ഞു. 146, 308, 24, 9, 60, 117, 135 എന്നിങ്ങനെയാണ് സീസണില്‍ പന്തിന്‍െറ സ്കോറുകള്‍.
ഈവര്‍ഷം ബംഗ്ളാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ പന്ത് ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിരയിലും മികച്ച ഇന്നിങ്സുകള്‍ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞമാസം മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ട്രിപ്ള്‍ സെഞ്ച്വറി നേടിയ പന്ത് ആ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.