കൊൽക്കത്ത: സാധ്യതകൾ മാറിമറിയുന്ന രഞ്ജി ട്രോഫി രണ്ടാം സെമി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിനം അവശേഷിക്കെ കലാശപ്പോരിന് യോഗ്യത നേടാൻ വിദർഭക്ക് വേണ്ടത് മൂന്ന് വിക്കറ്റ്, കർണാടകക്ക് വേണ്ടത് 87 റൺസ്. 198 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടക നാലാംദിനം കളി നിർത്തുേമ്പാൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തിട്ടുണ്ട്. നായകൻ വിനയ് കുമാറും (19) ശ്രേയസ് ഗോപാലുമാണ് (ഒന്ന്) ക്രീസിൽ. സ്കോർ: വിദർഭ: 185, 313. കർണാടക: 301, 111/7.
ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയതിെൻറ ക്ഷീണം തീർക്കാൻ രണ്ടാമിന്നിങ്സിനിറങ്ങിയ വിദർഭയെ ഗണേശ് സതീഷും (81) സർവാതെയും (55) വാൻഖാഡെയും (49) ചേർന്നാണ് 300 കടത്തിയത്. നായകൻ ഫൈസ് ഫസലിനെ (പൂജ്യം) രണ്ടാം പന്തിൽ തന്നെ നഷ്ടമായ വിദർഭ നാലിന് 222 എന്ന നിലയിൽ നിന്നാണ് 313 റൺസിന് പുറത്തായത്.
വിനയ് കുമാറും സ്റ്റുവർട്ട് ബിന്നിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. താരതമ്യേന ചെറിയ ലക്ഷ്യത്തിേലക്ക് ബാറ്റേന്തിയ കർണാടക തുടക്കത്തിൽ തന്നെ തകർന്നു. സ്കോർബോർഡിൽ 40 റൺസ് എത്തിയപ്പോഴേക്കും മായങ്ക് അഗർവാൾ (മൂന്ന്), സാമർഥ് (24), നിശ്ചൽ (ഏഴ്) എന്നിവർ തിരിച്ചെത്തി. നാലാം വിക്കറ്റിൽ കരുൺ നായരും (30) ഗൗതമും (24) പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. സ്റ്റുവർട്ട് ബിന്നി റണ്ണൊന്നുമെടുക്കാതെ മടങ്ങി. 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ഗുർബാണിയാണ് കർണാടകയെ തകർത്തത്. കന്നിഫൈനൽ ലക്ഷ്യമിട്ടാണ് വിദർഭ വിജയത്തിനായി പൊരുതുന്നത്. നേരത്തെ, ബംഗാളിനെ തോൽപിച്ച് ഡൽഹി ഫൈനലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.