കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയതിനെതിരായ അപ്പീൽ ഹരജിയിൽ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായ്, സമിതി അംഗം ഡയാന എഡുൾജി എന്നിവർക്ക് ഹൈകോടതി നോട്ടീസ് ഉത്തരവായി. അന്തിമവാദത്തിന് ഒക്ടോബർ 17ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
ഒത്തുകളി വിവാദത്തെത്തുടർന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി ബി.സി.സി.ഐ പുറപ്പെടുവിച്ച ഉത്തരവ് ശ്രീശാന്ത് നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ബി.സി.സി.െഎ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ബോർഡിെൻറ അച്ചടക്കസമിതി സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ കോടതിക്ക് റിട്ട് അധികാരമില്ലെന്ന വാദമാണ് ബി.സി.സി.െഎ ഉന്നയിച്ചത്. എന്നാൽ, ഭരണഘടനയുടെ 226ാം അനുച്ഛേദ പ്രകാരം കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടാൻ അധികാരമുണ്ടെന്നും അച്ചടക്ക സമിതിയുടെ തീരുമാനം അന്തിമമാണെന്ന് കരുതരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വാക്കാൽ ചൂണ്ടിക്കാട്ടി. ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെ കുറ്റമുക്തനാക്കിയിട്ടും അച്ചടക്ക നടപടി ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം പോലെയുള്ള ഗുരുതര കേസുകളിലെ പ്രതിയായിരുന്നു ശ്രീശാന്തെന്നും കുറ്റമുക്തനാക്കിയ കോടതി നടപടി അന്തിമമല്ലെന്നും ബി.സി.സി.െഎ മറുപടി പറഞ്ഞു. തുടർന്നാണ് ബോർഡിെൻറ ഇടക്കാല അധ്യക്ഷനും മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ അംഗത്തിനും നോട്ടീസ് അയക്കാൻ ഉത്തരവായത്.
വിദേശത്ത് കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് നൽകിയ വ്യക്തത വരുത്തല്‍ ഹരജി സിംഗിൾ ബെഞ്ചിെൻറ പരിഗണനക്ക് വന്നെങ്കിലും ഡിവിഷൻ ബെഞ്ചിൽ അപ്പീലുള്ളത് ചൂണ്ടിക്കാട്ടി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.