കേപ്ടൗൺ: ഏകദിന പരമ്പരക്ക് പിന്നാലെ ട്വൻറി20യും നേടി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ പെൺപടയുടെ തോരോട്ടം. അവസാന ട്വൻറി20 മത്സരത്തിൽ ആതിഥേയരെ 54 റൺസിന് തോൽപിച്ച് പരമ്പര നേടി ഇന്ത്യൻ വനിതകൾ ചരിത്രം കുറിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് പിടിച്ചടക്കിയാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ മുട്ടുകുത്തിച്ചത്.
ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നേരത്തേ, ഏകദിന പരമ്പരയിലും (2-1) ഇന്ത്യ ജേതാക്കളായിരുന്നു. സ്കോർ: ഇന്ത്യ 166/4, ദക്ഷിണാഫ്രിക്ക: 112/10 (18 ഒാവർ). കളിയിലെ താരവും പരമ്പരയിലെ താരവും മിതാലിരാജാണ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒാപണിങ് കൂട്ടുകെട്ടിൽ 32 റൺസ് കൂട്ടിച്ചേർത്ത് സ്മൃതി മന്ദാന (13) മടങ്ങിയെങ്കിലും മിതാലി രാജും ജമിമ റോഡ്രിഗസും ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചു. എട്ടു ഫോറും മൂന്നു സിക്സും അതിർത്തി കടത്തിയ മിതാലി 62 റൺസെടുത്തപ്പോൾ, 34 പന്തിൽ 44 റൺസുമായി ജമിമ റോഡ്രിഗസ് വെറ്ററൻ താരത്തിന് പിന്തുണനൽകി. അവസാനം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (27) പൊരുതിയതോടെ, ഇന്ത്യൻ സ്കോർ 166ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ മുട്ടുവിറച്ചാണ് തുടങ്ങിയത്. ശിഖ പാണ്ഡെ, റൊമലി ധാർ, രാജേശ്വരി ഗെയ്ക്വാദ് എന്നിവർ മൂന്നു വിക്കറ്റുമായി നിറഞ്ഞുനിന്നപ്പോൾ, 112 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി. മാരിസനെ ക്യാപ് (27) മാത്രമാണ് പിടിച്ചുനിന്നത്. രണ്ട് ഒാവർ ബാക്കിയിരിക്കെയാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.