ലണ്ടൻ: ക്രിക്കറ്റിെൻറ അത്യുന്നതങ്ങളിൽ സ്വന്തമായി മേൽവിലാസമുള്ള ഇന്ത്യക്ക്, കിട്ടാക്കനിയായ വനിത ലോകകപ്പ് കിരീടത്തിലേക്ക് ഒരേയൊരു വിജയത്തിെൻറ അകലം മാത്രം. 130 കോടി ജനങ്ങളുടെ പ്രതീക്ഷയും നെഞ്ചിലേറ്റി മിതാലി രാജും സംഘവും ക്രിക്കറ്റിെൻറ മക്കയായ ലോർഡ്സ് മൈതാനത്ത് കലാശപ്പോരിന് ഇന്ന് ബാറ്റുമായിറങ്ങുേമ്പാൾ, മൂന്നുതവണ ചാമ്പ്യന്മാരായെന്ന പകിട്ടുമായെത്തുന്ന ഇംഗ്ലണ്ടാണ് എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നിനാണ് മത്സരം.
ബ്രിട്ടീഷുകാർക്ക് പ്രൗഢിയുടെ അടയാളമാണ് ലോഡ്സെങ്കിൽ ഇന്ത്യക്കാർക്ക് രോമാഞ്ചമുണർത്തുന്ന ഒാർമകളുടെ കൂടാരമാണ് ഇൗ കളിയിടം. 1983ൽ കപിലിെൻറ ചെകുത്താന്മാർ ലോകകിരീടമുയർത്തിയതും ഒന്നര പതിറ്റാണ്ട് മുമ്പ് സൗരവ് ഗാംഗുലി ജഴ്സി വീശിയതും ലോഡ്സിലെ മട്ടുപ്പാവിലാണ്. അതേ പുൽമൈതാനിയിലാണ് മിതാലി രാജും സംഘവും പുതുചരിത്രം തേടിയിറങ്ങുന്നത്. രണ്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിലെത്തുന്നത്.
12 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് പോരാട്ടത്തിലാണ് ഇന്ത്യ കലാശപ്പോരിനിറങ്ങിയത്. അന്നും ക്യാപ്റ്റനായിരുന്ന മിതാലി രാജ് ഇന്ത്യൻ സ്വപ്നങ്ങളെ ഫൈനൽ വരെയെത്തിച്ചെങ്കിലും കങ്കാരുപ്പടയുടെ മുന്നിൽ തോൽക്കാനായിരുന്നു വിധി. 98 റൺസിനാണ് ആസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചത്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടത്തിന് കാരണക്കാരായ കങ്കാരുപ്പടയോട് മനസ്സിൽ കൊണ്ടുനടന്ന പക, മിതാലിയും കൂട്ടരും ഇത്തവണ സെമിയിൽ തീർത്തിരുന്നു. 171 റൺസുമായി ഹർമൻപ്രീത് കൗർ കൊടുങ്കാറ്റായിമാറിയപ്പോൾ ആസ്ട്രേലിയയെ 36 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.
12 വർഷം മുമ്പുള്ള ആ ഒാർമകൾതന്നെയായിരുന്നു മിതാലിക്ക് മത്സരശേഷം പറയാനുണ്ടായിരുന്നത്.‘എനിക്കും ജൂലാൻ ഗോസാമിക്കും ഇൗ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. 2005 ലോകകപ്പ് ടീമിലുണ്ടായിരുന്ന രണ്ടേരണ്ടു കളിക്കാരാണ് ഞങ്ങൾ. ഇത്തവണയും ടീം ഫൈനലിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. കിരീടം നേടുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം’ -മിതാലി പറഞ്ഞു.ടൂർണമെൻറിെൻറ പ്രാഥമിക റൗണ്ടിൽ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്.
വനിത ക്രിക്കറ്റ് ലോകത്തെ ത്രിമൂർത്തികളായ ആസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവരെ തോൽപിച്ച് ലോകകപ്പിൽ കുതിച്ച ഒരോയൊരു ടീമാണ് ഇന്ത്യ. ബാറ്റിങ്ങിൽ മിതാലി രാജിനും ഹർമൻപ്രീത് കൗറിനും പുറമെ ഒാപണർമാരായ സ്മൃതി മന്ദയും പൂനം റാവുത്തും ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് മികച്ച റൺസ് പടുത്തുയർത്താനാവും. ടൂർണമെൻറ് ടോപ് സ്കോറർമാരിൽ 392 റൺസുമായി ആസ്ട്രേലിയുടെ എലീസെ പെറിയുടെ (404) തൊട്ടുപിന്നിലാണ് മിതാലി.
മറുവശത്ത് സ്വന്തം നാട്ടിലാണ് കളിയെന്നത് പ്രഥമ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഗുണം ചെയ്യും. 1973, 1993, 2009 വർഷങ്ങളിലാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായത്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ അവസാന ഒാവറിൽ മറികടന്നാണ് ഇംഗ്ലീഷ് പട കലാശക്കൊട്ടിന് യോഗ്യതനേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.