ന്യൂഡൽഹി: 2013ൽ ഐ.പി.എല്ലിനിടെ ഒത്തുകളിച്ചെന്നാരോപിക്കപ്പെട്ട് വിവാദ നിഴലിലായ നാളുകളിൽ ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ ഭൂരിഭാഗം പേരും താനുമായി അകന്നുനിൽക്കാനാണ് താൽപര്യം കാണിച്ചതെന്ന് മലയാളി പേസ് ബൗളർ എസ്. ശ്രീശാന്ത്. വീരേന്ദർ സെവാഗും വി.വി.എസ് ലക്ഷ്മണുമാണ് തന്നെ അവഗണിക്കാതിരുന്ന താരങ്ങളെന്നും ‘ഇന്ത്യ ടുഡെ’ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് വെളിെപ്പടുത്തി.
ഒത്തുകളി വിവാദത്തിൽ കുരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ ആജീവനാന്ത വിലക്ക് നേരിട്ടിരുന്നു ശ്രീശാന്ത്. പിന്നീട് 2019 ആഗസ്റ്റിൽ ബി.സി.സി.ഐ ഓംബുഡ്സ്മാൻ ജസ്റ്റിസ് ഡി.കെ. ജയിൻ വിലക്ക് ഏഴു വർഷമായി കുറക്കുകയായിരുന്നു. തുടർന്ന് കളിയിൽ തിരിെച്ചാൻ കൊതിക്കുന്ന 37കാരൻ, ഇന്ത്യക്കുവേണ്ടി വീണ്ടും പന്തെറിയണമെന്ന ആഗ്രഹത്തിലാണിപ്പോൾ. 2011ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങിയത്.
‘ഇപ്പോൾ ഞാൻ ഒരുപാട് കളിക്കാരുമായി സംസാരിക്കാറുണ്ട്. സചിൻ ടെണ്ടുൽകറുമായി ട്വിറ്ററിൽ ഈയിടെ സംസാരിച്ചിരുന്നു. വീരുവും ഞാനും ഇടക്കിടെ സന്ദേശങ്ങളയക്കാറുണ്ട്. ഗൗതം ഗംഭീറിനെ ഈയടുത്ത് കണ്ടിരുന്നു’ -ശ്രീശാന്ത് പറഞ്ഞു.
‘അന്ന് ഒട്ടേറെ കളിക്കാർ എന്നെ ഒഴിവാക്കാറായിരുന്നു പതിവ്. വീരുഭായിയും ലക്ഷ്മൺ ഭായിയും മാത്രമാണ് എന്നോട് മിണ്ടിയിരുന്നത്. പിന്നെ മറ്റു രണ്ടോ മൂന്നോ പേരും. എനിക്കെതിരെ കോടതി നടപടികൾ നടക്കുന്ന സമയമായതിനാൽ മിക്ക താരങ്ങളും എന്നെ അവഗണിക്കുന്നത് അവർക്കുള്ള ആശങ്ക കാരണമാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാൻ അവരോട് ഇടപഴകാനൊന്നും പോയതുമില്ല. പതിയെ കാര്യങ്ങൾ പുരോഗതി പ്രാപിച്ചു. കുറച്ചുനാൾ മുമ്പ് ഭാജ്ജു പാ (ഹർഭജൻ സിങ്) യെ ഞാൻ എയർപോർട്ടിൽവെച്ച് കണ്ടിരുന്നു. ഞാൻ ക്രിക്കറ്റ് വീണ്ടും കളിക്കാൻ തുടങ്ങുേമ്പാൾ ‘ഭാജി സ്പോർട്സ്’ നിർമിച്ച ബാറ്റ് ഉപയോഗിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.’
ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം 37ാം വയസ്സിലും ശ്രീശാന്ത് മറച്ചുവെക്കുന്നില്ല. ‘എന്നെങ്കിലുമൊരിക്കൽ ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാൻ കഴിയുമെന്നാണ് എെൻറ പ്രതീക്ഷ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. അതിൽ കളിക്കുകയാണ് ലക്ഷ്യം. കേരള ടീമിലെത്തുകയാണ് പ്രാഥമികമായി ഞാൻ ഉന്നമിടുന്നത്. അവിടെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് പ്രത്യാശിക്കുന്നു. ഇന്ത്യൻ ടീമിൽ തിരികെെയത്താൻ വേണ്ട മികവിലേക്ക് പന്തെറിയാൻ കഴിയുമെന്നും അതുവഴി വീണ്ടും ആ ജഴ്സിയണിയാൻ കഴിയുമെന്നുമുള്ള ചിന്തകളിലാണിപ്പോൾ.’- ശ്രീശാന്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.