സാഫ്കപ്പ് : ഇഞ്ചുറി ടൈം ഗോളിലൂടെ ശ്രീലങ്കക്ക് ജയം

തിരുവനന്തപുരം: നിറഗാലറികള്‍ പൂരപ്പറമ്പാക്കി മാറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍നിന്നും ഒഴിഞ്ഞ ഗാലറിയുടെ നിശ്ശബ്ദതയില്‍ രാജ്യാന്തര ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പായ സാഫ് കപ്പിന് കിക്കോഫ് കുറിച്ചപ്പോള്‍ ആദ്യ ജയം ശ്രീലങ്കക്ക്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച് എതിര്‍ഗോള്‍മുഖത്ത് ഭീതിവിതച്ചത് നേപ്പാളായിരുന്നുവെങ്കിലും വീണുകിട്ടിയ നിമിഷം ഗോളാക്കിമാറ്റി വിലപ്പെട്ട മൂന്ന് പോയന്‍റ് പോക്കറ്റിലാക്കി ശ്രീലങ്ക ഒരടിമുന്നിലത്തെി. കളിയുടെ ഗതിക്ക് വിപരീതമായിരുന്നു ലങ്കക്കാരുടെ ഗോളും ജയവും. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ നേപ്പാളിനെതിരേ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് റിഫാന്‍സാണ് ദ്വീപുകാരുടെ വിജയഗോള്‍ നേടിയത്.
കളിക്കളത്തിനകത്തും പുറത്തും ആവേശം നിഴലിക്കാത്ത ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിന്‍െറ താരങ്ങളില്‍നിന്ന് ശ്രീലങ്കന്‍ ഗോള്‍മുഖത്തേക്കുണ്ടായ ചില നീക്കങ്ങള്‍ ഒഴിച്ചാല്‍ കളി വിരസമായിരുന്നു. 4-4-2 ഫോര്‍മേഷനില്‍ ക്യാപ്റ്റന്‍ അനില്‍ ഗുരുങ്കിന്‍െറ കീഴില്‍ കളത്തിലിറങ്ങിയ നേപ്പാള്‍ ടീമായിരുന്നു ഒത്തിണക്കത്തിലും പാസ് കൈമാറുന്നതിനും ഏറെ മുന്നിട്ടുനിന്നിരുന്നത്. അതുകൊണ്ടുതന്നെ, കളിയില്‍ തുടക്കം മുതല്‍ തന്നെ ശ്രീലങ്കന്‍ ഗോള്‍മുഖത്ത് നിരന്തര ആക്രമണമാണ് നേപ്പാള്‍ നടത്തിയത്. പക്ഷേ, ഒന്നും ലക്ഷ്യം കണ്ടില്ളെന്നുമാത്രം. 11 മിനിറ്റില്‍ നേപ്പാളിന്‍െറ മിഡ് ഫീല്‍ഡര്‍ ബിമല്‍ മഗാര്‍ ശ്രീലങ്കന്‍ ബോക്സിനകത്തുവെച്ചുനല്‍കിയ ഒരുഗ്രന്‍ പാസ് രോഹിത് ചന്ദ് ഷൂട്ട് ചെയ്തെങ്കിലും പോസ്റ്റില്‍നിന്നകന്നുപോയി. ഈ ദൗര്‍ഭാഗ്യം അവസാന വിസില്‍ വരെ നേപ്പാളിനെ പിന്തുടരുകയും ചെയ്തു.
22ാം മിനിറ്റില്‍ നേപ്പാളിന്‍െറ 11ാം നമ്പര്‍ താരം ഹേമന്‍ ഗുരുങ് പെനാല്‍റ്റി ബോക്സിനു പുറത്തുനിന്നും തൊടുത്ത ഷോട്ട് തലനാരിഴക്കാണ് ശ്രീലങ്കന്‍ ബാറില്‍ തട്ടി പുറത്തേക്ക് തെറിച്ചത്.  നേപ്പാള്‍ താരങ്ങളുടെ ആക്രമണങ്ങളില്‍ ഭയന്ന ശ്രീലങ്കന്‍ പ്രതിരോധം ഇതോടെ കൈക്കരുത്തിലേക്ക് തിരിഞ്ഞതോടെ ടൂര്‍ണമെന്‍റിലെ ആദ്യ മഞ്ഞക്കാര്‍ഡും പുറത്തുവന്നു.  45ാം മിനിറ്റില്‍ നേപ്പാളിന്‍െറ മിഡ്ഫീല്‍ഡര്‍ രോഹിത് ചന്ദ് ഗോള്‍ പോസ്റ്റിനു 20 വാര അകലെ നിന്നും എടുത്ത ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക് പറന്നതോടെ ആദ്യപകുതിയുടെ വിസില്‍ മുഴങ്ങി.
രണ്ടാം പകുതിയില്‍ മൈതാനമുണര്‍ന്നപ്പോള്‍ നേപ്പാള്‍ നിറംമാറിയത്തെി. ആദ്യ പകുതിയില്‍ ലങ്ക മറൂണും നേപ്പാള്‍ ചുവപ്പുമണിഞ്ഞത് കളത്തിലും ഗാലറിയിലും അസ്വസ്ഥതപടര്‍ത്തിയിരുന്നു. ഇതൊഴിവാക്കാനായിരുന്നു നേപ്പാളിന്‍െറ നീലയിലേക്കുള്ള മാറ്റം. പക്ഷേ, കളി മാറിയില്ല. 51ാം മിനിറ്റില്‍ മൈതാനത്തിന്‍െറ വലതുവിങ്ങില്‍നിന്നും നേപ്പാള്‍ ക്യാപ്ടന്‍ അനില്‍ ഗുരുങ്ക് നല്‍കിയ ക്രോസ് ബിമല്‍ ഹെഡ് ചെയ്ത് ഗോള്‍വലയില്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അടുത്ത നിമിഷങ്ങളിലും അവസരങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ ലക്ഷ്യം കണ്ടില്ല. നേപ്പാളിന്‍െറ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ലങ്കയുടെ വിജയഗോള്‍ മുഹമ്മദ് റിഫാന്‍സ സ്വന്തമാക്കിയത്. ഇതോടെ അവസാന വിസിലും മുഴങ്ങി.
വ്യാഴാഴ്ച ഉച്ചക്ക് 3.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ മാലദ്വീപ് ഭൂട്ടാനെയും വൈകുന്നേരം 6.30ന് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍ ബംഗ്ളാദേശിനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.