ബംഗ്ലാദേശിനെ നാലു ഗോളില്‍ മുക്കി അഫ്ഗാന്‍

തിരുവനന്തപുരം: പച്ചപ്പാടത്ത് വേട്ടയാടാന്‍ ഇറങ്ങിയ അഫ്ഗാന്‍ സിംഹക്കൂട്ടങ്ങളെ വിരട്ടാനത്തെിയ ബംഗ്ളാകടുവകള്‍ ജീവനും കൊണ്ടോടി. ഒരു ദയയും കൂടാതെ സിംഹങ്ങള്‍ വേട്ടയാടി തുടങ്ങിയപ്പോള്‍ എണ്ണം പറഞ്ഞ നാലുഗോളുകള്‍ക്കാണ് കടുവകള്‍ കൂട്ടിലായത്. സാഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഗ്രൂബ് ബിയിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍െറ ജയം. കളി തുടങ്ങിയതുമുതല്‍ എണ്ണയിട്ട യന്ത്രംപോല മൈതാനത്ത് നിറഞ്ഞാടിയ അഫ്ഗാനികള്‍ തങ്ങളുടെ ഗോള്‍മുഖത്ത് ഒരിക്കല്‍പോലും വെല്ലുവിളിയുയര്‍ത്താന്‍ ബംഗ്ളാദേശുകാരെ അനുവദിച്ചില്ല. അതേസമയം, ബംഗ്ളാദേശുകാരാകട്ടെ 90 മിനിട്ടും രാകോഴികളെപ്പോലെ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടേയിരുന്നു.
മാസിഹ് സൈഗാനി (30ാം മിനിറ്റ്), ഫൈസല്‍ ഷായെസ്തെ (32"), സുബൈര്‍ അമിരി (40"), ഖൈബര്‍ അമാനി (69") എന്നിവരുടെ ഗോളിലൂടെയാണ് അഫ്ഗാന്‍ വിജയത്തുടക്കം കുറിച്ചത്.
ആദ്യ കോര്‍ണറില്‍നിന്നാണ് അഫ്ഗാനിസ്താന്‍ ഗോള്‍ നേടിയത്. 30ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കെടുത്ത ഡിഫന്‍ഡര്‍ അമിന്‍ ഹസ്സന്‍െറ പന്ത് നേരെ ചെന്നത് ടച്ച് ലൈനിനു പുറത്തുനിന്ന മധ്യനിരക്കാരന്‍ സുബൈര്‍ അമിരിയുടെ നേര്‍ക്ക്, ഒരു നിമിഷം പോലും പാഴാക്കാതെ അമിരി കൃത്യമായി പന്ത് ഹെഡ്ചെയ്ത് ഗോളിക്ക് മുന്നിലേക്കിട്ടു. പക്ഷേ, പന്ത് കൈപ്പിടിയിലൊതുക്കാനാഞ്ഞ ഗോളിയെപ്പോലും അമ്പരപ്പിച്ച് ഡിഫന്‍ഡര്‍ മാസിഹ് സൈഗാനി മറ്റൊരു ഹെഡറിലൂടെ ബംഗ്ളാദേശ് ഗോള്‍മുഖം കുലുക്കി.
ആദ്യ ഗോളിന്‍െറ അടിയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പേ തൊട്ടടുത്ത മിനിട്ടില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് സുബൈര്‍ അമിരി തന്നെ. 32ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷായെസ്തെയിലൂടെയായിരുന്നു ഗോള്‍ പിറന്നത്. സ്കോര്‍ 2-0.
അഫ്ഗാന്‍െറ രണ്ട്  ഗോളുകള്‍ക്കും വെടിമരുന്നിട്ട സുബൈര്‍ അമിരിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 41ാം മിനുട്ടില്‍ സെന്‍ട്രല്‍ ലൈനിനു പുറത്തുവെച്ച് മധ്യനിരക്കാരന്‍ മുസ്തഫ സാസി നല്‍കിയ ലോങ് പാസ് സമര്‍ഥമായി കാലിലൊതുക്കിയ സുബൈര്‍ ഗോള്‍ മുഖത്തേക്ക് കുത്തിച്ചു. രണ്ടാം പാദത്തില്‍ പേശിവലിവുമൂലം ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തക്ക് പകരമിറങ്ങിയ കൈബാര്‍ അമാനിയുടെ വകയായിരുന്നു 70ാം മിനുട്ടില്‍ സിംഹങ്ങളുടെ നാലാം ഗോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.