???????????? ??????????? ?????? ????????? ???? ???? ?????????????? ???????

പൂണെയെ തകര്‍ത്ത് ഡല്‍ഹി രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: തകര്‍ത്തുകളിച്ച ഡല്‍ഹി ഡൈനാമോസിന് മുന്നില്‍ പുണെ സിറ്റി എഫ്.സിയുടെ പ്രതിരോധം തരിപ്പണമായപ്പോള്‍ റോബര്‍ട്ടോ കാര്‍ലോസിനും സംഘത്തിനും 3-1ന്‍െറ വിജയസ്മിതം. മലയാളി പ്രതിരോധതാരം അനസ് എടത്തൊടിക ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ ഗോള്‍ചരിത്രത്തിലേക്ക് തന്‍െറ പേരും എഴുതിച്ചേര്‍ത്ത മത്സരത്തില്‍ ദയനീയമായി പുണെ തലകുനിക്കുകയായിരുന്നു. ആദില്‍ നബിയും ജോണ്‍ അര്‍നെ റീസെയുമാണ് ആതിഥേയര്‍ക്കായി വലകുലുക്കിയ മറ്റു രണ്ടു പേര്‍. സമ്പൂര്‍ണ കീഴടങ്ങല്‍ ഉറപ്പിച്ച വേളയില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മാര്‍ക്വി താരം അഡ്രിയാന്‍ മുട്ടു നേടിയ ഇഞ്ചുറി ടൈം ഗോളാണ് പുണെയുടെ ‘ആശ്വാസ’ മറുപടിയായത്. നബിയും (35) അനസും (40) കോര്‍ണര്‍കിക്കുകളില്‍നിന്ന് പുണെ വല തുളച്ചപ്പോള്‍ 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അനായാസം ലക്ഷ്യത്തിലത്തെിച്ചാണ് റീസെ ഗോളടിക്കാരില്‍ ഒരാളായത്. പെനാല്‍റ്റിക്ക് കാരണക്കാരനായി പുണെ ഡിഫന്‍ഡര്‍ ഗോവിന്‍ സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്താകുകയും ചെയ്തു. അവസാന നിമിഷം ലഭിച്ച ഫ്രീകിക്കാണ് മുട്ടുവിന്‍െറ ബൂട്ടില്‍നിന്ന് ഗോളായി മാറിയത്.
ജയത്തോടെ പോയന്‍റ് ടേബ്ളില്‍ ഒന്നാമതുള്ള എഫ്.സി. ഗോവക്കൊപ്പം 18 പോയന്‍റ് സ്വന്തമാക്കിയ ഡൈനാമോസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.  മറുവശത്ത് പുണെയാകട്ടെ, സീസണിലെ മികച്ച തുടക്കത്തിനു ശേഷം പിന്നാക്കംപോയ  പ്രകടനത്തില്‍നിന്ന് കരകയറാനാകാതെ ഉഴറുകയാണ്. പോയന്‍റ് പട്ടികയില്‍ നാലാമതുണ്ടെങ്കിലും കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയംപോലും നേടാന്‍ ഡേവിഡ് പ്ളാറ്റിന്‍െറ ശിക്ഷ്യന്മാര്‍ക്കായിട്ടില്ല.

തുടക്കം മുതല്‍ ഡല്‍ഹി ഡൈനാമോസിന്‍െറ ആക്രമണമായിരുന്നു മത്സരത്തില്‍. എന്നാല്‍, ലക്ഷ്യം അകന്നുനിന്നു. കളി പുരോഗമിക്കവെ പുണെ നിരയില്‍നിന്ന് ചില്ലറ നീക്കങ്ങള്‍ ഉണ്ടായെങ്കിലും എതിര്‍പക്ഷത്തിന് ഭീഷണിയാകാന്‍ കഴിഞ്ഞില്ല. 35ാം മിനിറ്റില്‍ മലൂദയുടെ കോര്‍ണര്‍കിക്കില്‍നിന്ന് ആദില്‍ നബി ഗോള്‍ കണ്ടത്തെി. മലൂദയുടെ കിക്ക് റോബിന്‍ സിങ് ഗോള്‍മുഖത്ത് നബിക്കായി മറിച്ചുനല്‍കി. ഗോവിനുയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച നബി വലയിലേക്ക് തൊടുത്തുവിട്ട പന്തിനെ തടുക്കാന്‍ ഇടക്കുകയറിയ മലയാളിതാരം സുശാന്ത് മാത്യുവിനും കഴിഞ്ഞില്ല. അഞ്ചു മിനിറ്റിനപ്പുറം അഭിമാനമായി അനസിന്‍െറ ഗോളുമത്തെി. ഇത്തവണയും കോര്‍ണറില്‍നിന്ന് മലൂദ പറത്തിവിട്ട പന്താണ് അപകടമുണ്ടാക്കിയത്. പുണെ പ്രതിരോധത്തിന്‍െറ കൂട്ടപ്പൊരിച്ചില്‍ മുതലാക്കിയ അനസ് വലയുടെ മധ്യത്തിലേക്ക് തലകൊണ്ട്  പന്ത് ചത്തെിയിടുമ്പോള്‍ താരത്തിന്‍െറ നീക്കം മുന്‍കൂട്ടിക്കാണാതെ പോയതിന് പഴിക്കാനേ പുണെ താരങ്ങള്‍ക്കായുള്ളൂ.

രണ്ട് ഗോളുകളുടെ മുന്‍തൂക്കത്തില്‍ തുടങ്ങിയ രണ്ടാം പകുതിയിലും ഡൈനാമോസ് ആക്രമണം മികച്ചുനിന്നു. എന്നാല്‍, വീണ്ടുമൊരിക്കല്‍കൂടി വലകുലുക്കുക എന്നത് അകന്നുനിന്നു. 85ാം മിനിറ്റിലാണ് പിന്നീട് ആ നിമിഷത്തിന് വഴിയൊരുങ്ങിയത്. സോഡിങ്ലിയാന റാള്‍ട്ടെയെ ബോക്സിനുള്ളില്‍ വീഴ്ത്തിയ ഗോവിന്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ചോദിച്ചുവാങ്ങിയതിനൊപ്പം സ്വന്തം ടീമിന്‍െറ നെഞ്ചില്‍ മൂന്നാം ആണിയുമടിച്ചു.
പെനാല്‍റ്റിയെടുത്ത ജോണ്‍ അര്‍നെ റീസെയുടെ തന്ത്രത്തിന് മുന്നില്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ എതിര്‍ദിശയിലേക്ക് ചാടിയപ്പോള്‍ ഡൈനാമോസ് എതിരില്ലാതെ മൂന്നു ഗോളിന് മുന്നിലായി. എതിരാളികളുടെ തട്ടകത്തില്‍ പുണെക്ക് ആശ്വാസം പകര്‍ന്ന ഒരേ ഒരു നിമിഷത്തിന് മുട്ടുവിന്‍െറ ഫ്രീകിക്ക് കാരണമായി. ഡല്‍ഹി കീപ്പര്‍ ഡൊബ്ളാസിന്‍െറ കൈയില്‍തട്ടിത്തെറിച്ച പന്ത് നേരെ വലയിലേക്ക് കയറിയപ്പോള്‍ 3-1 എന്ന അവസാന സ്കോറിലേക്ക് ലോങ് വിസില്‍ മുഴങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.