ബാഴ്സലോണ: ഫുട്ബാള്‍ ആരവങ്ങള്‍ക്ക് ചൊവ്വാഴ്ച യൂറോപ്യന്‍ പോരാട്ടത്തിന്‍െറ ചന്തം. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തിലെ രണ്ടാംപാദ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍ ബാഴ്സലോണ, മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, ചെല്‍സി, ആഴ്സനല്‍, പോര്‍ട്ടോ തുടങ്ങിയവരാണ് ചൊവ്വാഴ്ച കളത്തിലിറങ്ങുന്ന പ്രമുഖര്‍. ഇ, എഫ്, ജി, എച്ച് ഗ്രൂപ്പുകാരാണ് കൊമ്പുകോര്‍ക്കുന്നത്.
ഗ്രൂപ്പില്‍ ഒന്നാമതാകാന്‍ ബാഴ്സ
ഏറ്റവുംവലിയ എതിരാളികളായ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ പോയി 4-0ത്തിന് വകവരുത്തിയതിന്‍െറ ആഘോഷം അടങ്ങാത്ത ന്യൂകാമ്പിലേക്കാണ് ഇറ്റാലിയന്‍ ക്ളബ് റോമ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഇ രണ്ടാംപാദ പോരാട്ടത്തിന് ചെന്നിറങ്ങുന്നത്. കഴിഞ്ഞ നാലു ഗ്രൂപ് കളികളില്‍ മൂന്നെണ്ണവും ജയിച്ച ബാഴ്സയെ തങ്ങളുടെ തട്ടകത്തില്‍ 1-1ന് സമനിലയില്‍ തളച്ചതിന്‍െറ ആത്മവിശ്വാസം റോമക്കൊപ്പമുണ്ട്. എന്നാല്‍, ലയണല്‍ മെസ്സികൂടി തിരിച്ചത്തെിയതോടെ കൂടുതല്‍ കരുത്താര്‍ജിച്ചുകഴിഞ്ഞ ബാഴ്സ, സ്വന്തം മണ്ണില്‍ തകര്‍പ്പന്‍ ജയവുമായി ഗ്രൂപ്പില്‍ ഒന്നാമതായി നോക്കൗട്ടിലേക്ക് മുന്നേറാനാണ് ലക്ഷ്യമിടുന്നത്. ഒരു സമനില കിട്ടിയാല്‍തന്നെ അത് സാധ്യമാകും. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബയര്‍ലെവര്‍കൂസന്‍, ബെയ്റ്റ് ബോറിസോവിനോട് തോറ്റാല്‍മാത്രമേ, ബാഴ്സയോട് ജയിച്ചാലും റോമക്ക് നോക്കൗട്ട് സാധ്യതയുള്ളൂ. 2010ന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഒരു എവേ ജയം സ്വന്തമാക്കാന്‍ റോമക്ക് സാധിച്ചിട്ടില്ല.
ബയേണിന്‍െറ ദയകാത്ത് ആഴ്സനല്‍
ഗ്രൂപ് എഫില്‍ ബയേണ്‍ മ്യൂണിക്കും ഒളിമ്പ്യാകോസും ഒമ്പത് പോയന്‍റുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആകാംക്ഷ മുഴുവനും ഇംഗ്ളണ്ടിലെ ആഴ്സനല്‍ ക്യാമ്പിനാണ്. ഒരു സമനില പിറന്നാല്‍തന്നെ ബയേണും ഗ്രീക്ക് ക്ളബ് ഒളിമ്പ്യാകോസും നോക്കൗട്ടില്‍ കടക്കും. ഒപ്പം, നിലവില്‍ ഏറ്റവുമൊടുവിലുള്ള ആഴ്സനല്‍ പുറത്തേക്കും. പെപ് ഗാര്‍ഡിയോളയുടെ സംഘം ഗ്രീക്കുകാരെ തോല്‍പിക്കുകയും സ്വയം ഡൈനാമോ സഗ്രേബിനെ തോല്‍പിക്കുകയും ചെയ്താല്‍മാത്രമേ, മുന്നേറ്റം എന്നതിന് അല്‍പമെങ്കിലും സാധ്യത അവശേഷിക്കൂ. നിലവിലെ ഫോമില്‍ ബയേണ്‍, ഒളിമ്പ്യാകോസിനെ തോല്‍പിക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍. ആദ്യപാദത്തില്‍ 3-0ത്തിന് ഒളിമ്പ്യാകോസിനെ വകവരുത്തിയ ബയേണ്‍ സ്വന്തം തട്ടകത്തില്‍ കൂടുതല്‍ ആക്രമണകാരികളാകുമെന്നതുതന്നെ കാര്യം. ആദ്യപാദത്തില്‍ 2-1ന് തങ്ങളെ തോല്‍പിച്ച സഗ്രേബിനെ പേടിയോടെയാണ് ആഴ്സനല്‍ കാത്തിരിക്കുന്നത്.
കരുത്ത് വീണ്ടെടുക്കാന്‍ ചെല്‍സി
തിരിച്ചുവരവിന്‍െറ പാതയിലായ ചെല്‍സിക്ക് മകാബി തെല്‍ അവീവിനെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാനില്ല. പോര്‍ട്ടോക്കുപിറകില്‍ രണ്ടാമതുള്ള ചെല്‍സി, ജയിക്കുകയും മൂന്നാമതുള്ള ഡൈനാമോ കിയവിനെ പോര്‍ട്ടോ തോല്‍പിക്കുകയും ചെയ്താല്‍ നോക്കൗട്ട് ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.