ലണ്ടന്‍: ഒരു ഗോള്‍ ജയത്തോടെ ലെസ്റ്റര്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തോട് ഒരു പടികൂടി അടുത്തു. ഈസ്റ്റര്‍ അവധി കഴിഞ്ഞ് ആദ്യമായി കളത്തിലിറങ്ങിയവര്‍ സ്വന്തം ഗ്രൗണ്ടില്‍ സതാംപ്ടനെ 1-0ത്തിന് വീഴ്ത്തിയാണ് മുന്നേറിയത്. കളിയുടെ 38ാം മിനിറ്റില്‍ നായകന്‍ വെസ് മോര്‍ഗന്‍െറ ഹെഡര്‍ ഗോളിലൂടെയാണ് ലെസ്റ്റര്‍ നിര്‍ണായക ജയം സ്വന്തമാക്കിയത്. കിരീടപ്പോരാട്ടത്തില്‍ തങ്ങള്‍ക്കുപിന്നിലായി രണ്ടാമതുള്ള ടോട്ടന്‍ഹാം ശനിയാഴ്ച രാത്രി ലിവര്‍പൂളിനോട് സമനില വഴങ്ങിയതിനു പിന്നാലെ നേടിയ ജയം ലെസ്റ്ററിന് ഏഴു പോയന്‍റ് ലീഡ് നല്‍കി. ആറു കളി ബാക്കിനില്‍ക്കെ 32 മത്സരങ്ങളില്‍ 69 പോയന്‍റാണ് ലെസ്റ്ററിന്. ടോട്ടന്‍ഹാമിന് 62ഉം ആഴ്സനലിന് 58ഉം മാഞ്ചസ്റ്റര്‍ സിറ്റിക്ക് 54ഉം പോയന്‍റുകള്‍.
ക്ളബ് ഉടമ വിഷായ് ശ്രിവധാന്‍പ്രഭയുടെ പിറന്നാള്‍ ദിനത്തിലിറങ്ങിയ ലെസ്റ്ററിനൊപ്പമായിരുന്നു ഭാഗ്യം. കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ റഫറിയുടെ കാഴ്ചക്കുറവ് അനിവാര്യമായ പെനാല്‍റ്റിയില്‍നിന്ന് രക്ഷിച്ചു. സതാംപ്ടന്‍ മുന്നേറ്റത്തിനിടെ ഗോളിലേക്കുള്ള പന്ത് ലെസ്റ്റര്‍ ഡിഫന്‍ഡര്‍ കൈമുട്ടുകൊണ്ട് തടുത്തപ്പോള്‍ കളിക്കാരൊന്നടങ്കം പെനാല്‍റ്റി അപ്പീല്‍ നടത്തിയെങ്കിലും റഫറി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് വിജയഗോള്‍ പിറന്നത്. ഇടതുവിങ്ങില്‍ പോസ്റ്റിന് വാരകള്‍ അകലെനിന്ന് ക്രിസ്റ്റ്യന്‍ ഫിഞ്ച് സെറ്റ്പീസ് കണക്കെ നല്‍കിയ ക്രോസ് ബോക്സിനുള്ളില്‍ ഹെഡറിലൂടെ വലക്കകത്താക്കിയാണ് വെസ് മോര്‍ഗന്‍ വിജയം സമ്മാനിച്ചത്. സീസണില്‍ മോര്‍ഗന്‍െറ ആദ്യ ലീഗ് ഗോളാണിത്.
ജാമി വാര്‍ഡിയും റിയാദ് മെഹ്റസും അടങ്ങിയ മുന്നേറ്റക്കാര്‍ ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും ഗോളായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.