മഡ്രിഡ്: ആത്മവിശ്വാസക്കൊടുമുടിയേറി ഫോക്സ്വാഗണ്‍ അറീനയിലിറങ്ങി നിലംതൊടാതെ പൊട്ടിയ റയല്‍ മഡ്രിഡിന് ചൊവ്വാഴ്ച സ്വന്തം മണ്ണില്‍ ജീവന്മരണ പോരാട്ടം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ ജര്‍മന്‍ വാഹനനിര്‍മാതാക്കളുടെ ടീമായ വോള്‍ഫ്സ്ബുര്‍ഗിനോട് കടം തീര്‍ത്തില്ളെങ്കില്‍ കാത്തിരിക്കുന്നത് 10 തവണ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡില്ലാത്ത യൂറോപ്യന്‍ സെമിപോരാട്ടം. ജര്‍മനിയില്‍ നടന്ന ആദ്യപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് അട്ടിമറിക്കപ്പെട്ടതിന്‍െറ ഞെട്ടല്‍ മാറാതെയാണ് കോച്ച് സിനദിന്‍ സിദാനും പേരുകേട്ട ‘ബി.ബി.സി’ സംഘവും സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇറങ്ങുന്നത്. ലണ്ടനിലെ മാഞ്ചസ്റ്ററില്‍ പാരിസ് സെന്‍റ് ജെര്‍മയ്നെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കും ചൊവ്വാഴ്ച നെഞ്ചിടിപ്പ് കൂട്ടുന്ന പോരാട്ടം. പാരിസില്‍ നടന്ന ആദ്യ പാദത്തില്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ പി.എസ്.ജിയോട് സിറ്റി 2-2ന് സമനില വഴങ്ങിയിരുന്നു.
മുറിവുണക്കാന്‍ ജയം തേടി റയല്‍
നൂകാംപില്‍ ബാഴ്സലോണയെ നിലംപരിശാക്കിയതിന്‍െറ ആവേശത്തിലായിരുന്നു ഒരാഴ്ചമുമ്പ് റയല്‍ വോള്‍ഫ്സ്ബുര്‍ഗിലത്തെിയത്. തുരുതുരാ ഗോളടിച്ചുകൂട്ടുന്ന ബെന്‍സേമ-ബെയ്ല്‍-ക്രിസ്റ്റ്യാനോ കൂട്ടുകെട്ടിന്‍െറ മുന്‍നിര. പ്രതിരോധത്തില്‍ കാട്ടാനയുടെ കരുത്തുമായി നിലയുറപ്പിക്കുന്ന സെര്‍ജിയോ റാമോസും പെപെയും. മധ്യനിരയില്‍ മാഴ്സലോ, ടോണി ക്രൂസ്, കാസ്മിറോ പ്രതിഭകള്‍. കുമ്മായവരക്ക് പുറത്ത് ഊര്‍ജം നിറക്കാനായി സിനദിന്‍ സിദാന്‍ എന്ന വടവൃക്ഷവും. ആഘോഷമായി കളത്തിലിറങ്ങിയ റയലിന് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ എണ്ണംപറഞ്ഞ രണ്ടു ഗോളില്‍ പൂട്ടിക്കെട്ടിയ വോള്‍ഫ്സ്ബുര്‍ഗ് ഫോക്സ്വാഗണ്‍ അറീനയില്‍ ചാമ്പ്യന്‍പടയെ തലയുയര്‍ത്താന്‍ അനുവദിച്ചില്ല. നാണക്കേടിന്‍െറ ഭാരവുമായി നാട്ടിലത്തെിയ റയല്‍ എല്ലാം മറന്നാണ് ഇന്നിറങ്ങുന്നത്. ധൈര്യത്തിന് കൂട്ടായി ലാ ലിഗയില്‍ ഐബറിനെതിരെ നേടിയ നാലുഗോള്‍ ജയവും. മൂന്ന് ഗോളെങ്കിലും അധികം നേടി വിജയമുറപ്പിച്ചെങ്കിലേ തുടര്‍ച്ചയായി ആറാം സീസണിലും സെമിയിലത്തെുകയെന്ന ലക്ഷ്യം റയലിന് സ്വന്തമാവൂ. രണ്ടല്ല, ഒന്നുമാത്രം കല്‍പിച്ചാണ് റയല്‍ ഇന്നിറങ്ങുന്നത്. ജയിക്കണം. ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുമായ്ക്കാന്‍ ഗോളടിച്ചുകൂട്ടി തന്നെ ജയിക്കണം.
ഗാലറിയിലത്തെി നിലക്കാത്ത ആരവം മുഴക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണികളോട് പരസ്യമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാന്ത്രിക രാത്രിയാവും ഇന്നെന്നാണ് സൂപ്പര്‍ താരത്തിന്‍െറ പ്രഖ്യാപനം. കഴിഞ്ഞ അഞ്ചു തവണയും ആദ്യ പാദത്തില്‍ തോറ്റ ശേഷം റയല്‍ തിരിച്ചുവന്നിട്ടില്ളെന്നാണ് ചരിത്രം. പക്ഷേ, ഇത് തിരുത്തുമെന്ന് ക്രിസ്റ്റ്യാനോ ഉറപ്പുനല്‍കുന്നു. പരിക്ക് മാറിയ കരീം ബെന്‍സേമയും റാഫേല്‍ വറാനെയും തിങ്കളാഴ്ച പരിശീലനത്തിനിറങ്ങി. സസ്പെന്‍ഷനെ തുടര്‍ന്ന് ഐബറിനെതിരെ പുറത്തിരുന്ന റാമോസും ഇന്നിറങ്ങും.
മാഞ്ചസ്റ്ററില്‍ ബലാബലം
ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്‍െറ ക്വാര്‍ട്ടറില്‍ ഇടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പാരിസുകാരായ പി.എസ്.ജി. തുല്യശക്തികളുടെ പോരാട്ടമായി ആദ്യ പാദത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. കെവിന്‍ ഡി ബ്രൂയിനിലൂടെ സിറ്റി ആദ്യം വലകുലുക്കി. തൊട്ടുപിന്നാലെ ഇബ്രാഹിമോവിച് പി.എസ്.ജിയെ ഒപ്പമത്തെിച്ചു. അഡ്രിന്‍ റാബിയോതിലൂടെ പി.എസ്.ജി രണ്ടാം ഗോള്‍ നേടി മുന്നിലത്തെിയെങ്കിലും ഫെര്‍ണാണ്ടിന്യോയിലൂടെ സിറ്റി സമനില പിടിച്ചു.
ഡി മരിയ, ഇബ്ര, ഡേവിഡ് ലൂയിസ്, തിയാഗോ സില്‍വ, എഡിന്‍സണ്‍ കവാനി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പി.എസ്.ജിക്കാണ് മുന്‍തൂക്കം. ഫ്രഞ്ച് ലീഗില്‍ കിരീടമണിഞ്ഞ് ടെന്‍ഷനൊഴിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഏക പോരാട്ടവുമാണ് ചാമ്പ്യന്‍സ് ലീഗ്. എന്നാല്‍, പ്രീമിയര്‍ ലീഗിലെ കടുത്ത കിരീടപ്പോരാട്ടത്തിനിടയിലാണ് സിറ്റി. പ്രതിരോധനിരയിലെ പടനായകന്‍ വിന്‍സെന്‍റ് കോംപനിയുടെ അഭാവവും വലിയ ക്ഷീണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.