തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ലിവര്‍പൂളിന്‍െറ അവിസ്മരണീയ തിരിച്ചുവരവ്

ലണ്ടന്‍: പതിനൊന്നു വര്‍ഷം മുമ്പ് ഇസ്തംബൂളിലായിരുന്നു ഇതുപോലൊരു കാഴ്ച കണ്ടത്. അന്ന് മൈതാനത്തിന്‍െറ മറുപകുതിയില്‍ വിജയനൃത്തമാടിയത് ലിവര്‍പൂളിന്‍െറ ചെമ്പടയായിരുന്നു. 2005 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മിലാനെതിരെ മൂന്ന് ഗോളിന് പിന്നില്‍നിന്ന ശേഷം ലിവര്‍പൂള്‍ തിരിച്ചുവന്ന് കിരീടമണിഞ്ഞ അതേ അവിസ്മരണീയത വ്യാഴാഴ്ച രാത്രിയില്‍ ലിവര്‍പൂളിന്‍െറ കളിമുറ്റമായ ആന്‍ഫീല്‍ഡില്‍ ലോകം വീണ്ടും കണ്ടു.യൂറോപ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാംപാദ മത്സരം. ലിവര്‍പൂളിന് എതിരാളികള്‍ തങ്ങളുടെ പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ് കളിപഠിപ്പിച്ച് വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട്. ജര്‍മനിയില്‍ നടന്ന ആദ്യ പാദത്തില്‍ 1-1ന് സമനില വഴങ്ങിയ നിരാശയില്‍ കരുതലോടെയായിരുന്നു ഇരുവരും രണ്ടാം പാദത്തിന്‍െറ മരണപ്പോരാട്ടത്തിനിറങ്ങിയത്.

പന്തുരുണ്ട് തുടങ്ങി ആദ്യ പത്തു മിനിറ്റിനകം ആന്‍ഫീല്‍ഡ് കണ്ണീര്‍ക്കടലായി. 96 പേരുടെ മരണത്തിനിടയാക്കിയ ‘ഹില്‍സ്ബറോ ദുരന്തത്തിന്‍െറ’ 27ാം വാര്‍ഷികദിനത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് ഗാലറിയില്‍ ഇരിപ്പുറപ്പിച്ച ലിവര്‍പൂള്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു ആദ്യ മിനിറ്റുകളിലെ സീന്‍. അഞ്ചാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളി മിഗ്നൊലെറ്റിന്‍െറ കൈയില്‍ തട്ടി റീബൗണ്ടായ പന്ത് ഗോളാക്കിമാറ്റി ഹെന്‍റിക് മിഖ്താരിന്‍ ബൊറൂസിയയെ മുന്നിലത്തെിച്ചു. നാലു മിനിറ്റിനകം രണ്ടാം ഗോളും പിറന്നു. വലതു വിങ്ങിലൂടെ കുതിച്ചത്തെിയ കൗമാര താരം എംറിക് ഒബുമെയാങ്ങിനെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. എതിരാളിയുടെ മണ്ണില്‍ 2-0ത്തിന് ബൊറുസിയ മുന്നില്‍.

Full View

കൗടീന്യോയും ഫെര്‍മീന്യോയും ഡിവോക് ഒറിജിയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ലിവര്‍പൂളിന് തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. നിരാശയോടെ താരങ്ങള്‍ ഒന്നാം പകുതി പിരിഞ്ഞപ്പോഴായിരുന്നു കോച്ച് യുര്‍ഗന്‍ ക്ളോപ്പിന്‍െറ ഇടപെടല്‍. ഒരു മന$ശാസ്ത്ര വിദഗ്ധനെ പോലെ ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ ക്ളോപ് താരങ്ങള്‍ക്ക് ഊര്‍ജം കുത്തിവെച്ചു. 2005ല്‍ മിലാനെതിരെ നേടിയ വിജയം ഓരോ താരത്തിന്‍െറയും ഓര്‍മയിലേക്ക് നുള്ളിയിട്ടാണ് ക്ളോപ് ഇടവേളക്കു ശേഷം ടീമിനെ ഇറക്കിയത്. ‘ആരാധകര്‍ക്കും ഫുട്ബാള്‍ ലോകത്തിനുമായി ഒരു അവിസ്മരണീയ രാത്രി സൃഷ്ടിക്കാനുള്ള അവസരമാണിത്. നിങ്ങളുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കാവുന്ന ഉജ്ജ്വല കഥ. 2005ല്‍ നമ്മള്‍ സൃഷ്ടിച്ച അതേ തിരിച്ചുവരവ്. നിങ്ങള്‍ക്ക് ആ നിമിഷം പുന$സൃഷ്ടിക്കാനാവും’ -ക്ളോപ് പകര്‍ന്ന ഊര്‍ജത്തെ കുറിച്ച് ഓര്‍ജിയുടെ വാക്കുകള്‍.
 

രണ്ടാം പകുതിയില്‍ മറ്റൊരു ലിവര്‍പൂളിനെയാണ് കണ്ടത്. മൂന്നാം മിനിറ്റില്‍ ഓര്‍ജി ഹെഡര്‍ ഗോളിലൂടെ ലിവര്‍പൂളിന്‍െറ സ്വപ്നക്കുതിപ്പിന് ആവേശം നല്‍കി. തിരിച്ചുവരവിന്‍െറ സൂചനകള്‍ നല്‍കി നിമിഷത്തിനിടെ 57ാം മിനിറ്റില്‍ മാര്‍കോ റ്യൂസിലൂടെ ഡോര്‍ട്മുണ്ട് മൂന്നാം ഗോള്‍ നേടിയെങ്കിലും ലിവര്‍പൂള്‍ തളര്‍ന്നില്ല.

കൗടീന്യോ (66ാം മിനിറ്റ്), മമദൗ സാഖോ (78) എന്നിവരിലൂടെ ജര്‍മന്‍ വലകുലുങ്ങിയപ്പോള്‍ ആന്‍ഫീല്‍ഡ് ആഹ്ളാദനൃത്തം ചവിട്ടിത്തുടങ്ങി. സെമിയില്‍ കടക്കാന്‍ സമനിലക്കപ്പുറം ജയത്തിന്‍െറ അനിവാര്യത അറിഞ്ഞുകൊണ്ടായിരുന്നു ലിവര്‍പൂളിന്‍െറ പോരാട്ടം. അരലക്ഷം കണ്ഠങ്ങളില്‍ നിന്നുള്ള ആവേശതാളം പോലെ ഇഞ്ചുറി ടൈമിന്‍െറ ഒന്നാം മിനിറ്റില്‍ ലിവര്‍പൂളിന്‍െറ വിജയം പിറന്നു. കോര്‍ണര്‍ കിക്ക്് ഹെഡറിലൂടെ വലക്കകത്താക്കി ഡെയാന്‍ ലൊവ്റന്‍ വിജയം കുറിച്ചപ്പോള്‍ ആഘോഷം മുഴുവന്‍ കുമ്മായവരക്ക് പുറത്ത് ക്ളോപ്പിലായിരുന്നു.
മത്സരശേഷം വിജയത്തിന്‍െറ വൈകാരികത ഒട്ടും കുറക്കാതെ ക്ളോപ് അത് വ്യക്തമാക്കുകയും ചെയ്തു. ‘അതിവൈകാരികം, നാടകീയം, ആവേശോജ്ജ്വലം, ബ്രില്യന്‍റ് ഫുട്ബാള്‍... ’ ആവേശത്തിനിടെ ക്ളോപ്പിന്‍െറ വാക്കുകളും മുറിഞ്ഞുപോയി. കോച്ചിനോട് ഏറ്റുമുട്ടി പൊരുതിവീണ ശിഷ്യരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ക്ളോപ് യാത്രയയച്ചത്.

മറ്റു മത്സരങ്ങളില്‍ ഷാക്തര്‍ 4-0ത്തിന് ബ്രാഗിനെയും (ഇരുപാദങ്ങളിലുമായി 6-1), വിയ്യാ റയല്‍ 4-2ന് സ്പാര്‍ട്ട പ്രാഗിനെയും (6-3) തോല്‍പിച്ചു. സെവിയ്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (5-4) അത്ലറ്റികോ ബില്‍ബാവോയെ വീഴ്ത്തിയും സെമിയില്‍ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.