ലെസ്റ്റര്‍, പടിക്കല്‍ കലമുടക്കല്ലേ...

ലണ്ടന്‍: പടിക്കല്‍ കലമുടക്കല്ളേ എന്ന ആരാധകരുടെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനില ഭാഗ്യം. ആദ്യ പകുതിയില്‍തന്നെ ഗോളടിച്ച് വിജയപ്രതീക്ഷ നല്‍കിയ സ്റ്റാര്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡി ചുവപ്പുകാര്‍ഡുമായി പുറത്താവുകയും എതിരാളി വെസ്റ്റ്ഹാം രണ്ട് ഗോളടിച്ച് അട്ടിമറി സൂചന നല്‍കുകയും ചെയ്ത നിമിഷത്തില്‍ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയാണ് ലെസ്റ്ററിനെ രക്ഷിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനോട് 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ കിരീടപ്പോരാട്ടത്തില്‍ ലെസ്റ്റര്‍ എട്ട് പോയന്‍റ് ലീഡ് നിലനിര്‍ത്തി. 

34 കളിയില്‍ ലെസ്റ്ററിന് 73 പോയന്‍റും രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്സ്പറിന് 33 കളിയില്‍ 65 പോയന്‍റുമാണ് സമ്പാദ്യം.സ്വന്തം ഗ്രൗണ്ടില്‍ ജയിച്ച് വിലപ്പെട്ട മൂന്ന് പോയന്‍റുറപ്പിക്കാനുള്ള തീരുമാനവുമായിറങ്ങിയ ലെസ്റ്റര്‍ 18ാം മിനിറ്റില്‍ ജാമി വാര്‍ഡിയുടെ ഗോളിലൂടെ മുന്നിലത്തെി. ഇതിനിടെയായിരുന്നു സൂപ്പര്‍താരം രണ്ട് കടുത്ത ഫൗളിന്‍െറ പേരില്‍ മഞ്ഞക്കാര്‍ഡുമായി മടങ്ങിയത്. ഇതോടെ, 56ാം മിനിറ്റ് മുതല്‍ ലെസ്റ്ററിന്‍െറ അംഗബലം പത്തിലേക്ക് ചുരുങ്ങി. എന്നിട്ടും വീര്യം ചോരാതെ പൊരുതി ലോങ് വിസിലിന് എട്ട് മിനിറ്റ് മുമ്പുവരെ മുന്നില്‍തന്നെയായിരുന്നു. 

84ാം മിനിറ്റില്‍ അനവസരത്തില്‍ വഴങ്ങിയ പെനാല്‍റ്റി ഗോള്‍ ലെസ്റ്ററിന്‍െറ വിജയം തട്ടിപ്പറിച്ചു. കിക്കെടുത്ത ആന്‍ഡി കരോള്‍ അനായാസം വലകുലുക്കിയതോടെ വെസ്റ്റ്ഹാം ഊര്‍ജം വീണ്ടെടുക്കുകയായിരുന്നു. രണ്ട് മിനിറ്റിനകം ക്രെസ്വെല്ലിലൂടെ വെസ്റ്റ്ഹാം വീണ്ടും മുന്നിലത്തെി. അവസാന മിനിറ്റുകളിലെ ഗോളില്‍ പിന്നില്‍ നിന്നിട്ടും തോല്‍ക്കാന്‍ മനസ്സില്ലാതെ ലെസ്റ്റര്‍ നടത്തിയ പോരാട്ടത്തിന് ഇഞ്ചുറി ടൈമില്‍ ഫലംകണ്ടു. കരോളിന്‍െറ ഫൗളിന് ലഭിച്ച പെനാല്‍റ്റി ലെനാര്‍ഡോ ഉലാവോ വലക്കകത്തേക്ക് അടിച്ചുകയറ്റി സമനിലയും വിലപ്പെട്ട ഒരു പോയന്‍റും സമ്മാനിച്ചു. ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ഒരു ജയംകൂടി സ്വന്തമാക്കിയാല്‍ ലെസ്റ്ററിന് ചരിത്രത്തിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടമുറപ്പിക്കാം.ശനിയാഴ്ചത്തെ മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ 3-0ത്തിന് വീഴ്ത്തിയിരുന്നു. ലിവര്‍പൂള്‍ 2-1ന് ബേണ്‍മൗത്തിനെയും തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.