ബാഴ്സയുടെ തോല്‍വിക്ക് കാരണം നെയ്മറെന്ന്

കായികലോകം ഇങ്ങനെയൊക്കെയാണ്. വിജയിക്കുമ്പോള്‍ വാഴ്ത്തും, പരാജയപ്പെടുമ്പോള്‍ പടിക്കു പുറത്താക്കും. സമാന അവസ്ഥയിലാണ് ബാഴ്സലോണയുടെ സൂപ്പര്‍ താരം നെയ്മറിപ്പോള്‍.നാലു കളിയിലേ ബാഴ്സ തോറ്റിട്ടുള്ളൂ. നെയ്മറാവട്ടെ അഞ്ചു കളിയിലേ ഗോളടിക്കാതിരുന്നിട്ടുമുള്ളൂ. പക്ഷേ, ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സലോണ പുറത്തായതിന്‍െറ പാപഭാരം കയറ്റിവെക്കാന്‍ ആരെയെങ്കിലും തേടുന്ന സ്പാനിഷ് മാധ്യമങ്ങളും ആരാധകരും കുറ്റവാളിയായി അവതരിപ്പിക്കുന്നത് നെയ്മറിനെയാണ്. 

വലന്‍സിയയോട് 2-1ന് തോറ്റ മത്സരത്തില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്കൊപ്പം കളത്തിലെ ചൂടന്‍ പെരുമാറ്റങ്ങള്‍ കൂടിയായതോടെ നെയ്മര്‍ തന്നെയായി കുറ്റക്കാരന്‍. ലയണല്‍ മെസ്സിയും ലൂയി സുവാരസും മാധ്യമവിചാരണയില്‍ നിന്ന് രക്ഷപ്പെട്ടപ്പോഴാണ് നെയ്മറിനെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത്. 
കഴിഞ്ഞ ഒരാഴ്ചയായി സ്പാനിഷ് മാധ്യമങ്ങളും ആരാധക ലോകവും പിന്തുടരുന്ന നെയ്മറിന്‍െറ വക്കാലത്തെടുക്കാന്‍ എതിരാളിയായ വലന്‍സിയയുടെ ഗോള്‍ കീപ്പര്‍ ഡീഗോ ആല്‍വസ് തന്നെ ഒടുവില്‍ രംഗത്തത്തെി. ‘ബാഴ്സയുടെ തോല്‍വിക്ക് നെയ്മര്‍ മാത്രമല്ല ഉത്തരവാദി. അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടുകയാണ്’ - ബ്രസീലുകാരന്‍ കൂടിയായ ഡീഗോയുടെ വാക്കുകളില്‍ നാട്ടുകാരനോടുള്ള അനുകമ്പകൂടിയുണ്ട്.

ബാഴ്സ തോറ്റ കളികളിലെല്ലാം നെയ്മര്‍ പാഴാക്കിയ ഗോളുകളാണ് ആരാധകരെ ചൂടുപിടിപ്പിച്ചത്. ഇതിനിടെയാണ് ഞായറാഴ്ച വലന്‍സിയക്കെതിരായ മത്സരത്തിലെ ചൂടന്‍ പെരുമാറ്റം നെയ്മറെ പ്രതിക്കൂട്ടില്‍ കയറ്റിയത്. മൈതാനത്ത് ബ്രസീല്‍ താരം പന്തില്‍ തൊടുമ്പോളെല്ലാം വിടാതെ പിടികൂടാനായിരുന്നു വലന്‍സിയക്കാരുടെ തീരുമാനം. നെയ്മറുടെ ബൂട്ടില്‍ പന്തത്തെുമ്പോഴെല്ലാം മാരക ഫൗളില്‍ താരം വീണുപുളഞ്ഞു. എതിരാളിയുടെ പ്രകോപനങ്ങളില്‍ എളുപ്പം വീണുപോവുന്ന നെയ്മറാവട്ടെ ഗ്രൗണ്ടില്‍ വെച്ചുതന്നെ പകതീര്‍ക്കലുമായി. ഇതാണ്, വലന്‍സിയ താരം അന്‍േറാണിയോ ബറാഗനെ പിടിച്ചുതള്ളുന്നതില്‍ എത്തിയത്. ഇനിയേസ്റ്റയും മറ്റുമത്തെി രംഗം തണുപ്പിച്ചെങ്കിലും കളികഴിഞ്ഞ് മൈതാനം വിടുന്നതിനിടെ ടണലില്‍ മറ്റൊരു വലന്‍സിയ താരത്തെ കുപ്പികൊണ്ട് എറിഞ്ഞതായും ആരോപണം വന്നു. വിങ്ങര്‍ സാന്‍റി മിനക്കെതിരെ എറിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ബാഴ്സയുടെ തോല്‍വിയിലും ഗോളടിക്കാനാവാത്തതിലും നിരാശപ്രകടിപ്പിച്ച താരം കളിക്കിടെ ടീമംഗം ജോര്‍ഡി ആല്‍ബയോട് കയര്‍ക്കുന്നതും വിവാദമാവുകയാണിപ്പോള്‍. നാലു തോല്‍വികളുമായി ബാഴ്സ വിചാരണ ചെയ്യപ്പെടുമ്പോള്‍ ആരാധകര്‍ എല്ലാം ചേര്‍ത്തുവായിച്ച് നെയ്മറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. 

വിശ്രമമില്ലാതെ നെയ്മര്‍
ഒളിമ്പിക്സ്-കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് വിട്ടുനല്‍കുന്നതു സംബന്ധിച്ച് ബാഴ്സയും ബ്രസീലും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍. താരത്തിന് വിശ്രമം വേണമെന്ന് നിര്‍ബന്ധംപിടിക്കുന്ന ബാഴ്സലോണ കോപയില്‍ കളിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണിപ്പോള്‍. ഈ സീസണില്‍ മാത്രം 42 മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. ആവശ്യത്തിന് വിശ്രമമില്ലാത്തതും എതിരാളികള്‍ കടുത്ത ഫൗളിങ് നടത്തുന്നതും നെയ്മറിനെ ക്ഷീണിപ്പിക്കുന്നുവെന്ന വാദങ്ങള്‍ ശരിവെക്കുന്നതാണ് സമീപകാല പ്രകടനങ്ങളും. 24ാം വയസ്സില്‍ അമിതഭാരമേല്‍പിച്ച് മികച്ചൊരു പ്രതിഭയെ തളര്‍ത്തരുതെന്ന മുന്നറിയിപ്പുമായി കാര്‍ലസ് പുയോള്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും രംഗത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.