ഒരു ജയമകലെ ലെസ്റ്ററിന് കിരീടം; അടിതെറ്റി വമ്പന്മാർ

ലണ്ടന്‍: സീസണ്‍ തുടങ്ങും മുമ്പ് സാധ്യത അയ്യായിരത്തിലൊന്നു പോലുമില്ലാതിരുന്ന ഇത്തിരിക്കുഞ്ഞന്‍ ടീം ഇംഗ്ളീഷ് പ്രിമിയര്‍ ലീഗിലെ ഗ്ളാമര്‍ കിരീടവുമായി മടങ്ങുമോ? ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ലെസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍മോഹങ്ങള്‍ നിറമണിയാന്‍ ഒരു ജയം മാത്രം അകലം. കിരീടപ്പോരാട്ടത്തില്‍ കൂടെയുണ്ടായിരുന്ന ടോട്ടന്‍ഹാം ഹോട്സ്പര്‍ നിര്‍ണായക മത്സരത്തില്‍ ദുര്‍ബലരായ വെസ്റ്റ് ബ്രോംവിച്ചുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് ലെസ്റ്ററിന് എളുപ്പമായത്. 

മൂന്നു വീതം കളികള്‍ ഓരോ ടീമിനും ശേഷിക്കെ ഒന്നാമതുള്ള ലെസ്റ്ററിന് 76 പോയന്‍റുണ്ട്. ബഹുദൂരം പിറകിലായ ടോട്ടന്‍ഹാമിന് 69ഉം. മാഞ്ചസ്റ്ററിനു പുറമെ എവര്‍ടണും ചെല്‍സിയുമുള്‍പ്പെട്ട കരുത്തരാണ് ലെസ്റ്ററിന് എതിരാളികളെങ്കില്‍ ചെല്‍സി, സതാംപ്ടണ്‍, ന്യൂകാസില്‍ എന്നിവരെയാണ് ടോട്ടന്‍ഹാം നേരിടേണ്ടത്. ഇതിനകം ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയ ക്ളോഡിയോ റാനിയേരിയുടെ സംഘം അദ്ഭുതങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ ഇത്തവണ കിരീടവുമായി മടങ്ങുമെന്നുറപ്പാണ്. സീസണില്‍ മൂന്നു മത്സരങ്ങള്‍ മാത്രം തോല്‍വി വഴങ്ങിയവര്‍ ഏറ്റവുമൊടുവില്‍ സ്വാന്‍സീ സിറ്റിയെ തകര്‍ത്തുവിട്ടത് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ്. ഇംഗ്ളീഷ് ഫുട്ബാളേഴ്സ് അസോസിയേഷന്‍ പ്ളെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അല്‍ജീരിയന്‍ വിങ്ങര്‍ റിയാദ് മെഹ്റസ്, ജാമി വാര്‍ഡി എന്നിവരുടെ ചിറകിലേറിയാണ് ഇതുവരെയും ടീം സ്വപ്നക്കുതിപ്പ് തുടര്‍ന്നത്.

യുനൈറ്റഡിനെതിരെയും വാര്‍ഡിയില്ല
ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിക്ക് കനത്ത പ്രഹരമായി സ്റ്റാര്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡിക്ക് ഒരു മത്സരത്തില്‍ക്കൂടി വിലക്ക്. വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിനിടയിലെ പെരുമാറ്റദൂഷ്യത്തിന്‍െറ പേരിലാണ് നടപടി. ഇതോടെ, ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ വാര്‍ഡിക്ക് കളിക്കാനാവില്ല. ചുവപ്പുകാര്‍ഡുമായി പുറത്തായ താരത്തിന് സ്വാന്‍സിക്കെതിരായ മത്സരം നഷ്ടമായിരുന്നു. 

ലീഗില്‍ കാലങ്ങളായി കളംവാഴുന്ന മാഞ്ചസ്റ്റര്‍ സിറ്റി, യുനൈറ്റഡ്, ആഴ്സനല്‍, നിലവിലെ ചാമ്പ്യന്‍ ചെല്‍സി എന്നിവരൊന്നും ഇത്തവണ കിരീടപ്പോരാട്ടത്തിനരികില്‍ പോലുമില്ളെന്നതും ആശ്വാസമാണ്. സിറ്റി, ആഴ്സനല്‍ ടീമുകള്‍ക്ക് 64ഉം യുനൈറ്റഡിന് 59ഉം പോയന്‍റാണുള്ളത്. ഒമ്പതാം സ്ഥാനത്തായ ചെല്‍സിക്ക് 47ഉം. കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തലില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ഇത്രയും വലിയ അദ്ഭുതത്തിലേക്ക് ചുവടുവെക്കുന്നതിന്‍െറ ആഘോഷം ഇംഗ്ളീഷ് ലീഗില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.