ചാമ്പ്യന്‍സ് കപ്പ്; ബാഴ്സ, റയല്‍, ബയേണ്‍ എന്നിവര്‍ക്ക് ജയം

കാലിഫോര്‍ണിയ: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ വമ്പന്മാര്‍ക്കെല്ലാം ജയം. യു.എസ്-യൂറോപ്പ് റൗണ്ടില്‍ റയല്‍ മഡ്രിഡ്, ബാഴ്സലോണ, പി.എസ്.ജി, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍ എന്നിവര്‍ ജയവുമായി മുന്നേറിയപ്പോള്‍ ചെല്‍സിയും ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലെസ്റ്ററും തോല്‍വി വഴങ്ങി. ഡുബ്ളിനില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ 3-1ന് സെല്‍റ്റിക്കിനെയാണ് വീഴ്ത്തിയത്. കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു ശേഷം അര്‍ജന്‍റീന കുപ്പായമുപേക്ഷിച്ച ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലിറങ്ങിയ ബാഴ്സലോണ കളംവാണു.

അര്‍തുറോ ടുറാന്‍, മുനിര്‍ എല്‍ഹദ്ദാദി എന്നിവര്‍ ഓരോ ഗോളും സെല്‍റ്റിക്കിന്‍െറ ആംബ്രോസിന്‍െറ സെല്‍ഫ്ഗോളുമാണ് ബാഴ്സക്ക് വിജയമൊരുക്കിയത്. 29ാം മിനിറ്റില്‍ സെല്‍റ്റിക്കിന്‍െറ ആശ്വാസ ഗോള്‍ ഗ്രിഫിത് നേടി. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് കരുത്തരായ ചെല്‍സിയെ 3-2ന് തോല്‍പിച്ചു. മാഴ്സലോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ (19, 26), മരിയാനോ ഡയസിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍. അന്‍േറാണിയോ കോന്‍െറക്കു കീഴിലിറങ്ങിയ ചെല്‍സിക്കായി എഡന്‍ ഹസാര്‍ഡ് അവസാന പത്ത് മിനിറ്റില്‍ ഇരട്ടഗോള്‍ നേടിയെങ്കിലും തോല്‍വി തടയാനായില്ല. ലെസ്റ്ററിനെ പി.എസ്.ജി 4-0ത്തിന് അട്ടിമറിച്ചു. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് 4-1ന് ഇന്‍റര്‍മിലാനെ തോല്‍പിച്ചു. ജൂലിയന്‍ ഗ്രീന്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ ഫ്രാങ്ക് റിബറിയുടെ വകയായിരുന്നു ഒരു ഗോള്‍. ലിവര്‍പൂള്‍ എ.സി മിലാനെ 2-0ത്തിന് തോല്‍പിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.