നെയ്മറും സംഘവും ഇന്നിറങ്ങും

റിയോ ഡെ ജനീറോ: അഞ്ചു ലോകകപ്പുകള്‍ സ്വന്തമാക്കിയിട്ടും കിട്ടാക്കനിയായ ഒളിമ്പിക്സ് സ്വര്‍ണം കൈപ്പിടിയിലൊതുക്കാന്‍ ബ്രസീല്‍ വ്യാഴാഴ്ച ബൂട്ടണിയുന്നു. ഒളിമ്പിക്സ് ഫുട്ബാള്‍ പുരുഷവിഭാഗം ഗ്രൂപ് ‘എ’യില്‍ ദക്ഷിണാഫ്രിക്കയാണ് നെയ്മര്‍ നയിക്കുന്ന ബ്രസീലിന്‍െറ ആദ്യ എതിരാളി. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് മത്സരം. ഇന്ത്യയില്‍ സംപ്രേഷണമില്ല. ഇറാഖ്, ഡെന്മാര്‍ക് എന്നിവര്‍ കൂടിയുള്ള ഗ്രൂപ്പില്‍നിന്നും അനായാസം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടാനാവും ബ്രസീലിന്‍െറ ശ്രമം. ഒളിമ്പിക്സില്‍ നിലവിലെ റണ്ണര്‍ അപ് കൂടിയാണ് ബ്രസീല്‍. ചരിത്രത്തില്‍ മൂന്നുതവണ (1984, 1988, 2012) വെള്ളി നേടിയപ്പോള്‍ രണ്ടുതവണ വെങ്കലത്തിലൊതുങ്ങി. രണ്ടുവര്‍ഷം മുമ്പ് സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പ് ഫുട്ബാളില്‍ കിരീടം നഷ്ടമായതിന്‍െറ സങ്കടംമാറ്റാന്‍ കൂടിയാണ് ബ്രസീലിന്‍െറ ഒളിമ്പിക്സ് പടപ്പുറപ്പാട്. തയാറെടുപ്പെന്നവണ്ണം കോപ അമേരിക്കയില്‍ നെയ്മറെ പോലും കളിപ്പിക്കേണ്ടെന്നും തീരുമാനിച്ചു. മെക്സികോയാണ് നിലവിലെ ജേതാക്കള്‍.

നെയ്മര്‍, റെനോ അഗസ്റ്റോ, റഫിഞ്ഞ, ഗോളി വെവര്‍ട്ടന്‍ സില്‍വ എന്നിവര്‍ മാത്രമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ബാഴ്സലോണയുടെ റഫിഞ്ഞ, സാന്‍േറാസ് താരങ്ങളായ തിയാഗോ മയ, ഗബ്രിയേല്‍ എന്നിവരാണ് ടീമിന്‍െറ കുന്തമുനകള്‍. ഗ്രൂപ് ‘ഡി’യില്‍ അര്‍ജന്‍റീന-പോര്‍ചുഗലിനെ നേരിടും. ഒളിമ്പിക്സില്‍ രണ്ടുതവണ സ്വര്‍ണമണിഞ്ഞ (2004, 2008) അര്‍ജന്‍റീന കഴിഞ്ഞതവണ യോഗ്യത നേടിയിരുന്നില്ല. അത്ലറ്റികോ മഡ്രിഡിന്‍െറ എയ്ഞ്ചല്‍ ഡി കൊറിയ, വിയ്യാറയലിന്‍െറ ക്രിസ്റ്റിന എസ്പിയോന്‍സ, സീനിയര്‍ താരം വിക്ടര്‍ ക്യൂവസ്റ്റ എന്നിവരാണ് ടീമിലെ ശ്രദ്ധേയ താരങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.