ബ്രസീലിയന്‍ മാധ്യമ സുഹൃത്തുക്കളായ ലിയോ ബുര്‍ളും മിഷേല്‍ കാസ്റ്റല്ലറും വ്യാഴാഴ്ച നല്ല സന്തോഷത്തിലാണ്. കഴിഞ്ഞദിവസം കണ്ടപ്പോള്‍ അങ്ങനെയായിരുന്നില്ല. കാരണം തേടേണ്ടതില്ല. രണ്ടുദിവസം മുമ്പ് ബ്രസീല്‍ ഫുട്ബാള്‍ ടീമിന്‍െറ ഒളിമ്പിക് പ്രകടനത്തെക്കുറിച്ച് ഇവരുള്‍പ്പെടെ ചിലരോട് കുറേസമയം സംസാരിച്ചിരുന്നു. വളരെ നിരാശയോടെയാണ് ടീമിന്‍െറ ആദ്യ രണ്ടു മത്സരങ്ങളെക്കുറിച്ച് ഇരുവരും പ്രതികരിച്ചത്. ഈ അവസ്ഥ തുടര്‍ന്നാല്‍ പുതിയ തലമുറ കാല്‍പന്തുകളിയെ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകുമെന്നുവരെ അവര്‍ പറഞ്ഞു. അന്ന് ബ്രസീല്‍ പുറത്താകലിന്‍െറ വക്കിലായിരുന്നു. എന്നാല്‍, ബുധനാഴ്ച രാത്രി ഡെന്മാര്‍ക്കിനെ നാലുഗോളിന് മുക്കി നെയ്മറും കൂട്ടരും ടൂര്‍ണമെന്‍റിലേക്ക് തിരിച്ചുവന്നതിന്‍െറ സന്തോഷമാണ് ഇപ്പോള്‍ ലിയോയുടെയും മിഷേലിന്‍െറയും മുഖത്ത്.
ഇവര്‍ മാത്രമല്ല, ബ്രസീലുകാരായ വളന്‍റിയര്‍മാരും ബസിലും ട്രെയിനിലുംവെച്ച് കണ്ടവരുമൊക്കെ സംസാരിച്ചത് നിരാശയോടെയായിരുന്നു. എന്നാല്‍, ഒറ്റരാത്രികൊണ്ട് കഥയാകെ മാറിയിരിക്കുന്നു. മഞ്ഞക്കുപ്പായമിട്ട് ആഹ്ളാദവാന്മാരായവരെയാണ് വ്യാഴാഴ്ച രാവിലെ പുറത്ത് കൂടുതലും കണ്ടത്. സ്വന്തം മണ്ണില്‍ ആദ്യമായി നടക്കുന്ന ഒളിമ്പിക്സില്‍ ബ്രസീല്‍ ഏറെ മോഹിക്കുന്ന സ്വര്‍ണമാണ് ഫുട്ബാളിലേത്. അഞ്ചുതവണ ലോകകപ്പ് മാറോടണച്ച ടീമിന് ഒളിമ്പിക്സ് സ്വര്‍ണം ഇനിയും കിട്ടാക്കനിയാണ്. സൂപ്പര്‍താരം നെയ്മറിനെ കോപ അമേരിക്ക ശതാബ്ദി പതിപ്പില്‍നിന്ന് മാറ്റിനിര്‍ത്തി ഒളിമ്പിക്സിലേക്ക് കാത്തുവെച്ചത് ഒളിമ്പിക് സ്വര്‍ണം ഷോകേസിലത്തെിക്കാനായിരുന്നു. പക്ഷെ, തുടക്കംതന്നെ പിഴച്ചു. ആദ്യ മത്സരങ്ങളില്‍ ദുര്‍ബലരായ ദക്ഷിണാഫ്രിക്കയോടും ഇറാഖിനോടും സമനിലയില്‍ കുടുങ്ങിയതോടെ 1950ലും 2014ലും ആതിഥ്യം വഹിച്ചിട്ടും ലോകകപ്പടിക്കാനാകാതെ പോയ ദുരന്തം ആവര്‍ത്തിക്കുമെന്ന ഭീതി എല്ലായിടത്തും ഉയര്‍ന്നിരുന്നു. ഒരു ഗോള്‍ പോലും അടിക്കാനാകാതെ ഇടറുന്ന ടീമിനെതിരെ വിമര്‍ശവും ശാപവാക്കുകളും ഉയര്‍ന്നു. നെയ്മറിനെ കണക്കിന് പരിഹസിച്ചു. എന്നാല്‍, ഗോളടിക്കാനാവാത്തവരെന്ന പഴിക്ക് ബുധനാഴ്ച രാത്രി എണ്ണംപറഞ്ഞ നാലു ഗോളുകളിലൂടെയാണ് നെയ്മര്‍ സംഘം മറുപടി പറഞ്ഞത്. മിന്നുന്ന ജയം മാത്രമല്ല ബ്രസീലുകാരെ സന്തോഷിപ്പിക്കുന്നത്.
മൈതാനത്ത് കവിത രചിക്കുന്ന മനോഹരമായ കളി ബ്രസീല്‍ ടീമംഗങ്ങളുടെ കാലില്‍ തിരിച്ചത്തെിയിരിക്കുന്നു. കുറിയ പാസുകളിലൂടെ ഒത്തൊരുമയുടെ താളമിട്ട് എതിര്‍മുഖത്തേക്ക് ഒഴുകിപ്പരക്കുന്ന തനത് കാനറി ശൈലി. എതിരാളികളെ വട്ടംകറക്കുന്ന നീക്കങ്ങള്‍, ഉന്നം തെറ്റാത്ത ഷോട്ടുകള്‍. ബുധനാഴ്ച രാത്രി സാല്‍വദോര്‍ സ്റ്റേഡിയത്തില്‍ ഗാലറി നിര്‍ത്താതെ തുള്ളിച്ചാടിയത് ആ കളി കണ്ടിട്ടായിരുന്നു. വര്‍ഷങ്ങളായി അവര്‍ കാത്തിരുന്ന കളി. ഈ കളിയില്‍ ആരെയും തോല്‍പിക്കാനാകുമെന്ന് ഓരോ ബ്രസീലുകാരനും ഉറപ്പിച്ചു പറയുന്നു. ലിയോ ബുര്‍ള് ഈ കളിക്ക് മുമ്പുതന്നെ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു, ബ്രസീലിനെ എഴുതിത്തള്ളേണ്ടെന്ന്. കഴിഞ്ഞ ലോകകപ്പ് സെമിയിലെ നാണംകെട്ട തോല്‍വിക്കുശേഷം ടീമിനുണ്ടായ വലിയ തളര്‍ച്ച നീങ്ങിയിട്ടില്ളെന്ന് സമ്മതിച്ചുകൊണ്ട് ലിയോ പറഞ്ഞത് ഫോം തിരിച്ചുകിട്ടിയാല്‍ പിന്നെ ബ്രസീലിനെ പിടിച്ചാല്‍കിട്ടില്ളെന്നാണ്. സ്വര്‍ണം നേടാന്‍ ഇനിയുള്ള നാലുമത്സരം ജയിച്ചാല്‍ മതിയെന്നും അതു സംഭവിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു. അതിലൊന്നാണ് കഴിഞ്ഞിരിക്കുന്നത്.
ബ്രസീലിന് 11 നെയ്മര്‍മാരെ ആവശ്യമുണ്ടെന്നായിരുന്നു മിഷേലിന്‍െറ അഭിപ്രായം. ഫുട്ബാള്‍ അധോഗതിക്ക് കളിക്കാര്‍ മാത്രമല്ല, കായിക ഭരണാധികാരികളുടെ വ്യക്തിതാല്‍പര്യങ്ങളും ആത്മാര്‍ഥതയില്ലായ്മയും കാരണമാണ്. ഒന്നാകെ ഉടച്ചുവാര്‍ക്കണം. കാല്‍പന്തിനെ പ്രണയിക്കുന്ന ഒരു ജനതയെ ഇവര്‍ കാണുന്നില്ല. എന്നെല്ലാം പറഞ്ഞ് മിഷേല്‍ ക്ഷുഭിതനായിരുന്നു.വളന്‍റിയറായ വ്യാഴാഴ്ച രാവിലെ കണ്ടപ്പോള്‍ എല്ലാ ബ്രസീലുകാരെയും പോലെ മിഷേലും സന്തോഷവാനാണ്. മഴമേഘങ്ങളും റിയോയുടെ ആകാശത്തുനിന്ന് മാറിയിരിക്കുന്നു. ബ്രസീലുകാരുടെ ആഹ്ളാദത്തില്‍ മറ്റൊന്ന് കൂടി ഒളിഞ്ഞിരിപ്പുണ്ടോ? മുന്‍ ചാമ്പ്യന്മാരും സ്ഥിരം വൈരികളുമായ അര്‍ജന്‍റീനയുടെ പുറത്താകലാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.