ലെസ്റ്ററിന് ആദ്യ ജയം; ചെല്‍സി, യുനൈറ്റഡ് ടോപ് ഗിയറില്‍

ലണ്ടന്‍: പുതിയ കോച്ച് ജോസെ മൗറീന്യോയുടെ മനവും കവര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ വണ്ടര്‍ ബോയ് മാര്‍കസ് റാഷ്ഫോഡ് ഗോളടിച്ച് അരങ്ങേറി. സീസണിലെ മൂന്നാം മത്സരത്തിനിറങ്ങിയ യുനൈറ്റഡിന് ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ റാഷ്ഫോഡ് വിജയമൊരുക്കിയപ്പോള്‍ തോല്‍വിയറിയാതെ ചെമ്പടയുടെ കുതിപ്പ്. ഹള്‍സിറ്റിയെ എവേമാച്ചില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുനൈറ്റഡ് വീഴ്ത്തിയത്. മുന്‍നിരയില്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്, വെയ്ന്‍ റൂണി, ആന്‍റണി മാര്‍ഷല്‍, യുവാന്‍ മാറ്റ, ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പൊഗ്ബ-മൗറെയ്ന്‍ ഫെല്ളെയ്നി എന്നിവര്‍ അണിനിരന്നപ്പോള്‍ അരഡസനോളം ഗോളുകളെങ്കിലും കിങ്സ്റ്റണ്‍ കമ്യൂണിക്കേഷന്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍, കളിതുടങ്ങിയപ്പോള്‍ കഥമാറി. മൗറീന്യോയുടെ തന്ത്രങ്ങളെ മറുതന്ത്രം മെനഞ്ഞ് കെട്ടിയിട്ട ഹള്‍സിറ്റിയുടെ പ്രതിരോധക്കരുത്തിനായിരുന്നു മുഴുവന്‍ മാര്‍ക്ക്.

ഇതിനിടെയാണ് 71ാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ പകരക്കാരനായി റാഷ്ഫോഡ് ഇറങ്ങിയത്. 92ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ സൈഡ്ലൈനോടു ചേര്‍ന്ന് കുതിച്ച റൂണി പോസ്റ്റിന് പുറത്തുനിന്ന് നല്‍കിയ ക്രോസ് റാഷ്ഫോഡ് കൃത്യമായി വലയിലാക്കി. സതാംപ്ടനും (2-0) ബേണ്‍മൗതിനും (3-1) എതിരെ മികച്ച ജയം നേടിയ യുനൈറ്റഡിന്‍െറ മൂന്നാം ജയം. മൂന്നാം മത്സരത്തിനിറങ്ങിയ മറ്റൊരു സംഘമായ ചെല്‍സി ബേണ്‍ലിക്കെതിരെയാണ് ജയം നേടിയത് (3-0).
നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി സീസണിലെ ആദ്യ ജയം നേടി. സ്വന്തം ഗ്രൗണ്ടില്‍ സ്വാന്‍സീ സിറ്റിയെ 2-1ന് തോല്‍പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.