ചാമ്പ്യൻസ് ലീഗ്: ഡൈനാമോ കിയവിനെ മാഞ്ചസ്റ്റര്‍ സിറ്റി കീഴടക്കി - വിഡിയോ

കിയവ്: സ്വന്തം നാട്ടില്‍ യുവനിരയെ പരീക്ഷിച്ച് ശക്തി മുഴുവന്‍ യൂറോപ്യന്‍ പോരിലേക്ക് കാത്തുവെക്കാന്‍ കാണിച്ച ബുദ്ധി മാന്വല്‍ പെല്ളെഗ്രിനിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ഗുണം ചെയ്തു.ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യപാദ പോരാട്ടത്തില്‍ യുക്രെയ്ന്‍ ക്ളബ് ഡൈനാമോ കിയവിനെ 3-1ന് തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മാഞ്ചസ്റ്റര്‍ സിറ്റി സജീവമാക്കി. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇടംപിടിക്കാനുള്ള അവസരമാണ് ഒരു മത്സരമകലെ സിറ്റിയെ കാത്തിരിക്കുന്നത്. സെര്‍ജിയോ അഗ്യൂറോയും ഡേവിഡ് സില്‍വയും യായ ടുറെയുമാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ളബ് അത്ലറ്റികോ മഡ്രിഡും നെതര്‍ലന്‍ഡ്സുകാരായ പി.എസ്.വി ഐന്തോവനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് രണ്ടാം പാദം കൂടുതല്‍ നിര്‍ണായകമാക്കി.

ആരാധകര്‍ കാണാന്‍ കൊതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി തന്നെയായിരുന്നു കിയവിന്‍െറ മണ്ണില്‍ കളംനിറഞ്ഞു കളിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എഫ്.എ കപ്പില്‍ യുവനിരയുമായിറങ്ങി ചെല്‍സിയോട് 5-1ന് തോറ്റതിന്‍െറ ക്ഷീണമെല്ലാം കുടഞ്ഞെറിഞ്ഞ് പൂര്‍ണശക്തരായ താരങ്ങളെ നിറച്ചാണ് പെല്ളെഗ്രിനി പടയൊരുക്കിയത്. തിരിച്ചത്തെിയ സെര്‍ജിയോ അഗ്യൂറോ 15ാം മിനിറ്റില്‍ തന്നെ കോച്ചിന്‍െറ വിശ്വാസം കാത്ത് ഡൈനാമോ വലകുലുക്കി. ആദ്യ പകുതിയില്‍ സിറ്റി നടത്തിയ ആധിപത്യത്തിന് തെളിവായി 40ാം മിനിറ്റില്‍ സില്‍വയുടെ ബൂട്ടില്‍നിന്നും പന്ത് വലയിലേക്ക് പാഞ്ഞു. ഡൈനാമോയുടെ ആക്രമണത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ ഭൂരിഭാഗവും സിറ്റി പ്രതിരോധത്തിന് കഴിഞ്ഞു.
എന്നാല്‍, ക്ളീന്‍ ചിറ്റുമായി തിരിച്ചുപോകാനുള്ള സന്ദര്‍ശകരുടെ ആഗ്രഹത്തിന് തിരിച്ചടി നല്‍കി 58ാം മിനിറ്റില്‍ വിറ്റാലി ബുയാല്‍സ്കി ഡൈനാമോക്കായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് മികച്ച ചാന്‍സുകള്‍ ഇരുവശത്തുനിന്നും അകന്നുനിന്നു. 80ാം മിനിറ്റില്‍ സമനില പിടിക്കാനുള്ള ബുയാല്‍സ്കിയുടെ ശ്രമം സിറ്റി ഗോളി ജോ ഹാര്‍ട്ടിന്‍െറ ഇടപെടലില്‍ ഒഴിഞ്ഞുപോയി. 90ാം മിനിറ്റില്‍ ബോക്സിന്‍െറ കുമ്മായ വരക്ക് പുറത്തുനിന്ന് യായ ടുറെ പറത്തിവിട്ട പന്ത് നേരെ വലയിലത്തെിയതോടെ സിറ്റിയുടെ വിജയം പൂര്‍ണമായി.

കഴിഞ്ഞ രണ്ട് സീസണിലും ഈ ഘട്ടത്തില്‍ ബാഴ്സലോണയോട് തോറ്റ് പുറത്താകുകയായിരുന്നു സിറ്റിയുടെ വിധി. അതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിലും വീണു. എന്നാല്‍, ഇത്തവണ ലഭിച്ച താരതമ്യേന ദുര്‍ബലരായ എതിരാളികളെ മറികടന്ന് അവസാന എട്ടിലേക്ക് മുന്നേറാം എന്ന സിറ്റിയുടെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരുന്നതായി ഈ ജയം.പത്തു പേരായി ചുരുങ്ങിയിട്ടും അത്ലറ്റികോ മഡ്രിഡിന്‍െറ വമ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പി.എസ്.വിയെ സഹായിച്ചത് ഗോള്‍ കീപ്പര്‍ ജെറോന്‍ സോയറ്റ്.

45ാം മിനിറ്റില്‍ അന്‍േറാണി ഗ്രീസ്മാന്‍െറ ഷോട്ട് തകര്‍പ്പനൊരു സേവിലൂടെ തടഞ്ഞ സോയറ്റ്, കോകിന് മുന്നിലും വിലങ്ങുതടിയായി. ഒപ്പം എന്നാല്‍, ഇടവേളക്ക് ശേഷം ഒരു കോര്‍ണറില്‍ നിന്നും ഹെഡറിലൂടെ പി.എസ്.വി വലകുലുക്കാന്‍ ഡിയഗോ ഗോഡിന് കഴിഞ്ഞു. പക്ഷേ, ഹെക്ടര്‍ മൊറേനോക്ക് മേല്‍ നടത്തിയ ഫൗളിലൂടെ നേടിയ ആ ഗോള്‍ റഫറി നിഷേധിച്ചു. അത്ലറ്റികോയുടെ ഗോള്‍ മുഖം വിറപ്പിക്കുന്ന നീക്കങ്ങളും കരുത്തുറ്റ പ്രതിരോധവുമായി നിറഞ്ഞ ആതിഥേയര്‍ അത്ലറ്റികോയെ ശരിക്കും നിരാശപ്പെടുത്തി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.