ബെനറ്റിസിനെ റയൽ പുറത്താക്കി; സിദാൻ പുതിയ കോച്ച്

മഡ്രിഡ്: ഫ്രഞ്ച് ഫുട്ബാളിനെയും റയല്‍ മഡ്രിഡിനെയും നേട്ടങ്ങളുടെ നെറുകയിലത്തെിച്ച കാല്‍പന്തുകളിയുടെ മാന്യന് കുമ്മായവരക്കുപുറത്ത് ഇനി പുതിയ നിയോഗം. പരിശീലക സ്ഥാനത്തുനിന്നും റാഫേല്‍ ബെനിറ്റസിനെ പുറത്താക്കിയതിനുപിന്നാലെ, ലോക ഫുട്ബാളിലെ പ്രതാപസംഘമായ റയല്‍ മഡ്രിഡിന്‍െറ പരിശീലകക്കുപ്പായം സാക്ഷാല്‍ സിനദിന്‍ സിദാന്‍ ഏറ്റെടുത്തു. റയല്‍ മഡ്രിഡ് ക്ളബ് ബോര്‍ഡ് യോഗത്തിലാണ് ബെനിറ്റസിനെ ഒഴിവാക്കി ‘ബി’ ടീം പരിശീലകനായ സിനദിന്‍ സിദാനെ സീനിയര്‍ ടീം കോച്ചായി നിയമിക്കാന്‍ തീരുമാനിച്ചത്. 

ലോകകപ്പും യൂറോകപ്പും ഒപ്പം, ക്ളബ് ഫുട്ബാളില്‍ റയലിനും യുവന്‍റസിനുംവേണ്ടി കിരീടങ്ങളേറെ സ്വന്തമാക്കിയ സിദാന്‍ കരിയറില്‍ ആദ്യമായാണ് ഒരു സീനിയര്‍ ടീമിന്‍െറ പരിശീലക വേഷമണിയുന്നത്. 2006ല്‍ റയല്‍ മഡ്രിഡിലൂടെ കളിമതിയാക്കിയ ഫ്രഞ്ച് ഇതിഹാസത്തിന് 2010ല്‍ പ്രത്യേക ഉപദേഷ്ടാവിന്‍െറ റോളിലായിരുന്നു രണ്ടാംവരവ്. കോച്ചായിരുന്നു ഹൊസെ മൗറീന്യോയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. തൊട്ടടുത്തവര്‍ഷം സ്പോര്‍ട്സ് ഡയറക്ടറായി നിയമനം. മൗറീന്യോക്ക് പിന്‍ഗാമിയായി കാര്‍ലോ ആഞ്ചലോട്ടിയത്തെിയതോടെ 2013ല്‍ അസിസ്റ്റന്‍റ് കോച്ചായി സിദാന്‍ ചുമതലയേറ്റു. 
ആഞ്ചലോട്ടിക്കുകീഴില്‍ മികച്ച പരിശീലകനായി വളര്‍ന്ന സിദാന്‍ തൊട്ടടുത്തവര്‍ഷം റയലിന്‍െറ രണ്ടാം ഡിവിഷന്‍ ടീമായ ‘റയല്‍ മഡ്രിഡ് കാസ്റ്റിയ്യ’യുടെ കോച്ചായി സ്ഥാനമേറ്റു. പരിശീലക ലൈസന്‍സ് ഇല്ലാതെ മുഖ്യകോച്ചിന്‍െറ പണിയെടുക്കുന്നത് സംബന്ധിച്ച് വിവാദമുയര്‍ന്നെങ്കിലും യുവേഫ പ്രഫഷനല്‍ കോച്ചിങ് ലൈസന്‍സ് നല്‍കിയതോടെ ആ കടമ്പയും കടന്നു. രണ്ടാം ഡിവിഷന്‍ ‘ബി’യിലേക്ക് തരംതാഴ്ത്തപ്പെട്ട ‘റയല്‍’ ബി ടീമിനെ രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു ആദ്യ ദൗത്യം. പക്ഷേ, ലീഗ് ടേബ്ളില്‍ ആറാം സ്ഥാനക്കാരായതോടെ ഇത് പരാജയമായി. നടപ്പു സീസണില്‍ 19 കളിയില്‍ 10 ജയവും ഏഴു സമനിലയും രണ്ടു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് ‘റയല്‍ കാസ്റ്റിയ്യ’. സ്ഥാനം നിലനിര്‍ത്തി പ്രമോഷന്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വലിയ ഉത്തരവാദിത്തവുമായി സിദാന്‍ സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന സീനിയര്‍ ടീമിന്‍െറ പരിശീലകക്കുപ്പായത്തിലേറുന്നത്. 

ഇത് എന്‍െറ ദിനം
‘പുതിയ ദൗത്യത്തിലേക്ക് എന്‍െറ ഹൃദയവും ശരീരവും സമര്‍പ്പിക്കുകയാണ്. സീസണ്‍ അവസാനിക്കുന്നതോടെ റയലിനെ കിരീടത്തിലത്തെിക്കുകയാണ് ലക്ഷ്യം. ഏറെ വിശേഷപ്പെട്ട ദിവസമാണെനിക്ക്. അത്രത്തോളം വൈകാരികവും. ഒരു കളിക്കാരനായി ക്ളബുമായി ഒപ്പുവെച്ചതിനേക്കാള്‍ പ്രധാന ദിവസം. എന്‍െറ കളിക്കാര്‍ക്കൊപ്പം കഠിനാധ്വാനം ചെയ്യും. എല്ലാവര്‍ക്കും നന്ദി’ -പുതിയ ദൗത്യമേറ്റെടുത്ത ശേഷം സിനദിന്‍ സിദാന്‍ ആരാധകരോടായി പറഞ്ഞു. പരിശീലകവേഷത്തില്‍ ചൊവ്വാഴ്ചതന്നെ സാന്‍റിയാഗോ ബെര്‍ണബ്യൂവിലത്തെിയ സിദാന്‍ കളിക്കാര്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ചു. ശനിയാഴ്ചയാണ് പുതിയ ദൗത്യത്തിലെ ആദ്യ പരീക്ഷണം. ലാ ലിഗയില്‍ ഡിപൊര്‍ട്ടിവ ലാ കൊരുണക്കെതിരെ സിദാന്‍െറ റയല്‍ കളത്തിലിറങ്ങും. 

ബെനിറ്റസ് എന്തിന് പുറത്തേക്ക്?
കഴിഞ്ഞ ജൂണിലാണ് സ്പാനിഷ് കോച്ച് ബെനിറ്റസ് റയലിലത്തെിയത്. ഏഴുമാസത്തെ ബാലന്‍സ്ഷീറ്റില്‍ മികച്ച ട്രാക്ക് റെക്കോഡ്. ലാ ലിഗയില്‍ 18 കളിയില്‍ റയല്‍ തോറ്റത് മൂന്നെണ്ണത്തില്‍മാത്രം. ബെനിറ്റസിനുകീഴില്‍ 25ല്‍ 17 കളിയും ജയിച്ചു. മാല്‍മോക്കെതിരെ 8-0ത്തിനും റയോ വയ്യെകാനോക്കെതിരെ 10-2നും ജയിച്ച് ബെനിറ്റസിന്‍െറ തൂവെള്ളപ്പട മിന്നിത്തിളങ്ങി. പക്ഷേ, ബാഴ്സലോണയോടേറ്റ 4-0ത്തിന്‍െറ തോല്‍വി ആരാധകര്‍ ക്ഷമിച്ചില്ല. ഒപ്പം, ഡ്രസിങ് റൂമില്‍ കോച്ചും-കളിക്കാരും തമ്മിലെ അന്തരീക്ഷം വഷളായതായും വര്‍ത്തകള്‍വന്നു. കരിം ബെന്‍സേമയും ജെയിംസ് റോഡ്രിഗസും കോച്ചുമായുടക്കിയതും ക്രിസ്റ്റ്യാനോയുമായുള്ള തര്‍ക്കവും ബെനിറ്റസിന്‍െറ കസേര അതിവേഗം തെറുപ്പിച്ചു. 

സിദാന് സ്വാഗതവും വിമര്‍ശവും
‘റയലിലെ ജോലിക്കിണങ്ങിയ തെരഞ്ഞെടുപ്പെന്നായിരുന്നു സഹതാരംകൂടിയായ ഡേവിഡ് ബെക്കാമിന്‍െറ പ്രതികരണം. മുന്‍ റയല്‍ താരങ്ങളായ സാബി അലോന്‍സോ, റൊണാള്‍ഡോ, മുന്‍ ചെല്‍സിതാരം ദിദിയര്‍ ദ്രോഗ്ബ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്നാല്‍, സിദാനെ കോച്ചാക്കിയ ക്ളബ് പ്രസിഡന്‍റ് ഫ്ളോറന്‍റിന പെരസിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റ്് റാമോണ്‍ കാള്‍ഡെറോണ്‍ രംഗത്തത്തെി. ‘സിദാന് വിജയാശംസകള്‍ നേരുന്നു. പക്ഷേ, പുതിയ ജോലിയില്‍ അദ്ദേഹത്തിന് വിജയിക്കാനാവില്ല. വരും ജൂണില്‍ ഹൊസെ മൗറീന്യോക്കുള്ളതാണ് ആ കസേര’ -കാള്‍ഡെറോണ്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.