ലിവര്‍പൂള്‍: ലീഗ് കപ്പ് സെമിഫൈനലിന്‍െറ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. എവര്‍ട്ടന്‍ 2-1നാണ് സിറ്റിയെ കീഴടക്കിയത്.
ഗൂഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ റാമിറോ ഫ്യൂനസ് മോറിയിലൂടെ ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് എവര്‍ട്ടന്‍ ലീഡ് നേടിയിരുന്നു. എന്നാല്‍, 76ാം മിനിറ്റില്‍ ജീസസ് നവാസ് മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി തിരിച്ചടിച്ചു. ബെല്‍ജിയന്‍ താരം റൊമേലു ലുക്കാകുവാണ് സിറ്റിയുടെ നെഞ്ചുതകര്‍ത്ത ഗോള്‍ നേടിയത്. 78ാം മിനിറ്റിലായിരുന്നു ലുക്കാകുവിന്‍െറ ഗോള്‍നേട്ടം.
1984നുശേഷം ലീഗ് കപ്പിന്‍െറ ഫൈനല്‍ ലക്ഷ്യമിടുന്ന എവര്‍ട്ടന്‍ ഗംഭീരമായ കളിയാണ് തുടക്കത്തില്‍ പുറത്തെടുത്തത്. 41ാം മിനിറ്റില്‍ ലുക്കാകു പന്ത് വലയിലത്തെിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ആദ്യപകുതിയില്‍ സെര്‍ജിയോ അഗ്യൂറോയടക്കമുള്ള സിറ്റി താരങ്ങള്‍ ഗോളിനായി കിണഞ്ഞുശ്രമിച്ചിട്ടും ഫലംകണ്ടില്ല.
ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ലുക്കാകുവിന്‍െറ മുന്നേറ്റത്തിനൊടുവില്‍ കിട്ടിയ കോര്‍ണര്‍കിക്കിനെ തുടര്‍ന്നാണ് ഗോള്‍ വീണത്. റോസ് ബാര്‍ക്ലിയുടെ ഷോട്ട് മാഞ്ചസ്റ്റര്‍ സിറ്റി ഗോളി വില്ലി കാബര്‍ലോ തടുത്തിട്ടതാണ് ഗോളിന് കാരണമായത്. അര്‍ജന്‍റീനക്കാരനായ പ്രതിരോധഭടന്‍ മോറി ക്ളോസ്റേഞ്ചറിലൂടെ ഗോളടിക്കുകയായിരുന്നു.
ലുക്കാകു ഓഫ്സൈഡ് പൊസിഷനിലായിരുന്നെങ്കിലും റഫറിയുടെ ശ്രദ്ധയില്‍പെടില്ല. 76ാം മിനിറ്റില്‍ അഗ്യൂറോയുടെ സഹായത്താലായിരുന്നു ജീസസ് നവാസ് സമനില ഗോള്‍ കണ്ടത്തെിയത്.
എന്നാല്‍, സിറ്റിയുടെ ആഹ്ളാദത്തിന് രണ്ടു മിനിറ്റിന്‍െറ ആയുസ്സേയുണ്ടായിരുന്നുള്ളൂ. ലുക്കാകുവിന്‍െറ ബുള്ളറ്റ് ഹെഡറാണ് വിധിയെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.