മഡ്രിഡ്: ഇതിഹാസ താരം സിനദിൻ സിദാന് റയൽ മഡ്രിഡിൻെറ പരിശീലകക്കുപ്പായത്തിൽ ഉജ്ജ്വലമായ അരങ്ങേറ്റം. ടീമിൻെറ മുഖ്യപരിശീലകനായി സിദാൻ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ഡിപോർട്ടിവോ ഡി ലാ കൊരുനയെ മഡ്രിഡ് ടീം തോൽപ്പിച്ചു.
റയലിനായി ഗാരത് ബെയ്ൽ ഹാട്രിക്ക് നേടിയപ്പോൾ കരീം ബെൻസമ ഇരട്ടഗോൾ സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ഗ്രനേഡയെ നാല് ഗോളുകൾക്കു തോൽപ്പിച്ച ബാഴ്സലോണ ലാലിഗ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സൂപ്പർ താരം ലിയോ മെസി ഹാട്രിക്കും നെയ്മർ ഒരു ഗോളും നേടി.
ഡിപോർട്ടിവോക്കെതിരായ മത്സരത്തിൽ സിദാൻ തന്നെയായിരുന്നു റയലിൻെറ താരം. കളി ഏറെ കണ്ട ഫ്രഞ്ച് താരത്തിൽ നിന്ന് മികച്ച വിജയമാണ് ആരാധകരും കളിക്കാരും പ്രതീക്ഷിച്ചത്. അവർ ആഗ്രഹിച്ചത് നൽകാൻ സിദാന് കഴിഞ്ഞു. റൈറ്റ് ബാക്ക് ഡാനി കർവാഞ്ചലിനെ ഇറക്കിയതാണ് സിദാൻെറ മികച്ച ഒരു നീക്കമായി വിലയിരുത്തപ്പെടുന്നത്. പ്രതിരോധ നിരക്കാർ കൂടുതൽ കയറിക്കളിക്കണമെന്ന സന്ദേശമാണ് അറ്റാക്കിങ് കളിക്കാരനായ കർവാഞ്ചലിനെ ഇറക്കിയതിലൂടെ സിദാൻ നൽകിയത്. ഇതിന് ഫലം കാണുകയും ചെയ്തു. ബെയ് ലിൻെറ ആദ്യ ഗോളിന് കളമൊരുക്കിയത് കർവാഞ്ചൽ ആയിരുന്നു.
22, 49, 63 മിനിറ്റുകളിലായിരുന്നു ഗാരത് ബെയ് ലിൻെറ ഗോളുകൾ പിറന്നത്. 15, 90 മിനിറ്റുകളിലായിരുന്നു ബെൻസെമയുടെ ഗോളുകൾ. സ്പാനിഷ് ലീഗിൽ തൻെറ 100ാം ഗോളാണ് 15ാം മിനിറ്റിൽ ബെൻസെമ അടിച്ചത്.
ഗോൾ ദാഹം തീരാത്ത ലിയോ മെസ്സിയെയാണ് കാംപ് നൗ വീണ്ടും കണ്ടത്. എട്ടാം മിനിറ്റിൽ തന്നെ ഗോളടി തുടങ്ങിയ സൂപ്പർ താരം 14, 58 മിനിറ്റുകളിലായി തൻെറ പട്ടിക തികച്ചു. 83ാം മിനിറ്റിൽ ടീമിൻെറ അവസാന ഗോൾ നെയ്മർ നേടി. മികച്ച പിന്തുണയുമായി ലൂയി സുവാറസും കളം നിറഞ്ഞതോടെ നിലവിൽ ഏറ്റവും അപകടകാരികളായ ആക്രമണസഖ്യം തന്നെയാണ് തങ്ങളെന്ന് മെസ്സി, നെയ്മർ, സുവാറസ് സഖ്യം തെളിയിച്ചു. കഴിഞ്ഞ സീസണിൽ നൗകാംപിൽ ഗ്രനേഡയെ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്.
18 കളികളിൽ 42 പോയിൻറുമായാണ് ബാഴ്സ ലാലിഗ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 18 മത്സരങ്ങളിൽ നിന്നും 41 പോയിൻറുള്ള അത് ലറ്റികോ മഡ്രിഡ് രണ്ടാം സ്ഥാനത്തും ഇവരേക്കാൾ ഒരു കളി അധികം കളിച്ച് 40 പോയിൻറ് നേടിയ റയൽ മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.