കോഴിക്കോട്: രണ്ടു പതിറ്റാണ്ടിന്‍െറ ഇടവേളക്കു ശേഷം കോഴിക്കോട് വീണ്ടും കാല്‍പന്തിന്‍െറ ആവേശത്തിലേക്ക്. യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ടീമുകളുടെയും കാല്‍പന്തിലെ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോയുടെയും സാന്നിധ്യത്തോടെ തിരിച്ചുവരുന്ന സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ഫെബ്രുവരി അഞ്ചിന് കിക്കോഫ് കുറിക്കും. 1952ല്‍ ആരംഭിച്ച് 21 വര്‍ഷം മുമ്പ് നിലച്ചുപോയ കേരളത്തിന്‍െറ അഭിമാനപ്പോരാട്ടമാണ് പുതുവര്‍ഷത്തില്‍ ലോകതാരത്തിന്‍െറ സാന്നിധ്യത്തോടെ വീണ്ടുമുണരുന്നത്.
ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്ളബും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരക്കുന്നതാണ് ചാമ്പ്യന്‍ഷിപ്. രണ്ട് ഗ്രൂപ്പിലായി 12 ലീഗ് മത്സരങ്ങളും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം വേദിയാവും.
ടൂര്‍ണമെന്‍റിന്‍െറ ബ്രാന്‍ഡ് അംബാസഡറായി റൊണാള്‍ഡീന്യോയുമായി ധാരണയിലത്തെിയതായും അദ്ദേഹം മുഖ്യാതിഥിയായത്തെുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദി അറേബ്യയില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘടിപ്പിക്കുന്ന മൊണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍െറ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് നാഗ്ജി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മൊണ്ട്യാല്‍ സ്പോര്‍ട്സ് ചെയര്‍മാന്‍ ഹിഫ്സു റഹ്മാന്‍, കെ.ഡി.എഫ്.എ ജില്ലാ സെക്രട്ടറി പി. ഹരിദാസ്, കുട്ടിശങ്കരന്‍, അംജദ് ഹസന്‍, പി. പ്രിയേഷ്കുമാര്‍, ടി.പി. ദാസന്‍, അബ്ദുല്‍ റഹ്മാന്‍, ബേബി എന്നിവര്‍ പങ്കെടുത്തു.
രണ്ടുതവണ ഫിഫ ലോക ഫുട്ബാളറും 2002 ലോകകപ്പ് ജേതാക്കളായ ബ്രസീലിയന്‍ ടീമംഗവുമായ റൊണാള്‍ഡീന്യോ ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണിലത്തെുന്നത്.

ടീമുകള്‍ അര്‍ജന്‍റീന മുതല്‍ ബുണ്ടസ് ലിഗ വരെ
തിരിച്ചുവരുന്ന നാഗ്ജിയുടെ ഉദ്ഘാടന ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടാനത്തെുന്നത് മുന്‍നിര ടീമുകളുടെ യുവസംഘങ്ങള്‍. അണ്ടര്‍ 23 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഡീഗോ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും പിന്‍മുറക്കാരായ അര്‍ജന്‍റീന അണ്ടര്‍ 23 സംഘമാണ് പ്രധാനികള്‍. ഇവര്‍ക്കൊപ്പം വാറ്റ്ഫോഡ് എഫ്.സി (ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്), ലെവാന്‍റ യു.ഡി (സ്പാനിഷ ലാ ലിഗ), അത്ലറ്റികോ പരാനയിന്‍സ് (ബ്രസീല്‍), ടി.എസ്.വി 1860 മ്യൂണിക് (ജര്‍മനി), റാപിഡ് ബുകാറ (റുമേനിയ), ഹെര്‍ത്ത ബി.എസ്.സി (ജര്‍മനി) എന്നിവരാണ് വിദേശ ടീമുകള്‍. ഐ ലീഗ് ടീമിനെ തീരുമാനിച്ചിട്ടില്ല.
പ്രധാന താരങ്ങള്‍
1986ല്‍ മറഡോണയുടെ അര്‍ജന്‍റീന ലോകകിരീടമണിഞ്ഞ ടീമിലെ പ്രതിരോധനിരക്കാരന്‍ ജൂലിയോ ജോര്‍ജ് ഒലാര്‍ട്ടികോചെയാവും ശ്രദ്ധേയ സാന്നിധ്യം. അര്‍ജന്‍റീന അണ്ടര്‍ 23 ടീം ടെക്നിക്കല്‍ ഡയറക്ടറായാണ് ജൂലിയോ എത്തുന്നത്. ബ്രസീലിയന്‍ ടീം പരാനിയന്‍സ് സീനിയര്‍ ടീം ഗോളികൂടിയായ ലൂകാസ് മകന്‍ഹാനാണ് കളിക്കാരിലെ സൂപ്പര്‍ താരം.
ജര്‍മനി അണ്ടര്‍ 19 താരം ഫാബിയന്‍ ഹര്‍സിലര്‍ (മിഡ്ഫീല്‍ഡര്‍, 1860 മ്യൂണിക്), ജര്‍മനി അണ്ടര്‍ 20 താരം മൈകല്‍ കൊകോസിന്‍സ്കി (ഡിഫന്‍ഡര്‍, 1860 മ്യൂണിക്), ജര്‍മനി അണ്ടര്‍ 17 താരം ജിമ്മി മാര്‍ടന്‍ (സ്ട്രൈക്കര്‍, 1860 മ്യൂണിക്), സ്കോട്ലന്‍ഡ് അണ്ടര്‍ 17 താരം ജോര്‍ജ് ബയേഴ്സ് (മിഡ്ഫീല്‍ഡര്‍-വാറ്റ്ഫോഡ്), നോര്‍തേന്‍ അയര്‍ലന്‍ഡ് അണ്ടര്‍ 19 താരം ജോഷ് ദോഹര്‍ടി (ഡിഫന്‍ഡര്‍-വാറ്റ്ഫോഡ്) എന്നിവരാണ് ഇതര ടീമുകളിലെ ശ്രദ്ധേയ താരങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.