ബാലൺ ഡി ഒാർ പുരസ്കാരം അഞ്ചാം തവണയും മെസിക്ക്

സൂറിച്: പെലെയും മറഡോണയും ക്ഷമിക്കുക, പുതുകാലത്തിന് കാല്‍പന്തുകളിയില്‍ ഇനി ഒരേയൊരു ഇതിഹാസം മാത്രം. ബാഴ്സലോണയുടെ അര്‍ജന്‍റീന താരം ലയണല്‍ മെസ്സി. ഫിഫ ലോക ഫുട്ബാളര്‍ പട്ടത്തില്‍ അഞ്ചാം മുത്തവുമായി അര്‍ജന്‍റീനയുടെ ഫുട്ബാള്‍ മാന്ത്രികന്‍ യുഗപുരുഷന്മാര്‍ക്കൊന്നും എത്തിപ്പിടിക്കാനാവാത്ത നേട്ടത്തിന്‍െറ നെറുകയില്‍ ഇരിപ്പുറപ്പിച്ചു. നാലാം ഫിഫ ബാലണ്‍ ഡി ഓറും, ഒരു തവണ നേടിയ ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവുമടക്കമാണ് അര്‍ജന്‍റീന താരത്തിന്‍െറ അഞ്ചാം ലോക ഫുട്ബാളര്‍ പട്ടം.

ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ ലോക ഫുട്ബാള്‍ താരങ്ങളും ആരാധകരും തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മെസ്സി രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും ലോക ഫുട്ബാളറായി. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്സലോണയിലെ സഹതാരം ബ്രസീലിന്‍െറ നെയ്മറെയും പിന്തള്ളിയാണ് മെസ്സിയുടെ ചാമ്പ്യന്‍പട്ടം.അവാര്‍ഡ് പ്രഖ്യാപനത്തിനുമുമ്പേ, പ്രമുഖ ഫുട്ബാള്‍ വെബ്സൈറ്റുകളുടെ വോട്ടെടുപ്പില്‍ മെസ്സിക്കായിരുന്നു മുന്‍തൂക്കം. ഒടുവില്‍ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിച്ചപ്പോഴും പ്രവചനം തെറ്റിയില്ല. വോട്ടിങ്ങില്‍ 41.33 ശതമാനം പേരുടെ പിന്തുണ അര്‍ജന്‍റീന താരത്തിന് സ്വന്തം. ക്രിസ്റ്റ്യാനോക്ക് 27.76 ശതമാനവും നെയ്മറിന് 7.86 ശതമാനവും വോട്ടാണ് ലഭിച്ചത്.

2009ല്‍ ഫിഫ പ്ളെയര്‍ ഓഫ് ദി ഇയറും, 2010, 2011, 2012, 2015 വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓറും സ്വന്തമാക്കി അഞ്ചാം വട്ടം ലോക ഫുട്ബാളര്‍ പുരസ്കാരം. 2013, 2014 വര്‍ഷങ്ങളില്‍ ലോക ഫുട്ബാളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മോഹമാണ് മെസ്സി അട്ടിമറിച്ചത്. കഴിഞ്ഞ സീസണില്‍ ബാഴ്സലോണക്ക് അഞ്ച് കിരീടം സമ്മാനിച്ചും അര്‍ജന്‍റീനയെ കോപ അമേരിക്ക ഫൈനലിലത്തെിച്ചുമാണ് മെസ്സി ഇതിഹാസമായത്.

ലൂയിസ് എന്‍റിക്കെ മികച്ച പരിശീലകന്‍
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പരിശീലകനായി ബാഴ്സലോണ കോച്ച് ലൂയിസ് എന്‍റിക്കെയെ തെരഞ്ഞെടുത്തു. ബയണ്‍ മ്യൂണിക്ക് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയെയും ചിലി പരിശീലകന്‍ സംപൗളിയെയും മറികടന്നാണ് എന്‍റിക്കെയുടെ നേട്ടം. വനിതാ വിഭാഗത്തില്‍ മികച്ച പരിശീലകനായി യുഎസിന്‍്റെ ജിലി എല്ലിസിനെ തെരഞ്ഞെടുത്തു.

ഫിഫ്പ്രൊ ലോക ഇലവന്‍
ഗോള്‍ കീപ്പര്‍: മാനുവല്‍ നോയര്‍ (ബയേണ്‍ മ്യൂണിക്)
ഡിഫന്‍ഡര്‍: തിയാഗോ സില്‍വ (പി.എസ്.ജി), മാഴ്സലോ (റയല്‍ മഡ്രിഡ്), സെര്‍ജിയോ റാമോസ് (റയല്‍ മഡ്രിഡ്), ഡാനി ആല്‍വ്സ് (ബാഴ്സലോണ)
മിഡ്ഫീല്‍ഡ്: ആന്ദ്രെ ഇനിയേസ്റ്റ (ബാഴ്സലോണ), ലൂകാ മോഡ്രിച് (റയല്‍ മഡ്രിഡ്), പോള്‍ പൊഗ്ബ (യുവന്‍റസ്)
ഫോര്‍വേഡ്: നെയ്മര്‍ (ബാഴ്സലോണ), ലയണല്‍ മെസ്സി (ബാഴ്സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മഡ്രിഡ്)

ഫിഫ പുഷ്കാസ് അവാര്‍ഡ്
വെന്‍ഡല്‍ ലിറ (ജിയൊനേഷ്യ-ബ്രസീല്‍): 2015 മാര്‍ച്ചില്‍ ബ്രസീല്‍ ലീഗില്‍ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളുമായി ലയണല്‍ മെസ്സിയെയും, എ.എസ് റോമയുടെ അലസാന്ദ്രോ ഫ്ളോറെന്‍സിയെയും മറികടന്നു.

ഫെയര്‍ പ്ളേ പുരസ്കാരം
അഭയാര്‍ഥികളെ സഹായിച്ച ഫുട്ബാള്‍ അസോസിയേഷനുകള്‍ക്കും ക്ളബുകള്‍ക്കും

WINNERS
FIFA Ballon d'Or: Lionel Messi
FIFA Women's World Player of the Year: Carli Lloyd
FIFA Puskás Award: Wendell Lira
FIFA World Coach of the Year (Men's): Luis Enrique
FIFA World Coach of the Year (Women's): Jill Ellis
FIFA FIFPro World XI: Neuer; Thiago Silva, Marcelo, Sergio Ramos, Dani Alves; Iniesta, Modric, Pogba; Messi, Neymar, Cristiano
FIFA Fair Play Award: All football organisations supporting refugees


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.