‘റൊ’ ടച്ചിന് കോഴിക്കോട് കാത്തിരിക്കുന്നു

കോഴിക്കോട്: അര്‍ജന്‍റീന ഇതിഹാസം ഡീഗോ മറഡോണയും അദ്ദേഹത്തിന്‍െറ ‘ദൈവസ്പര്‍ശമുള്ള’ ഗോളിന് ദൃക്സാക്ഷിയായ ഇംഗ്ളീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനുമാണ് അടുത്തിടെ മലബാറിന്‍െറ മണ്ണ് തൊട്ട ലോക ഫുട്ബാള്‍ താരങ്ങള്‍. ഇവരെല്ലാം കളിയവസാനിപ്പിച്ച് പതിറ്റാണ്ടു കഴിഞ്ഞാണ് തുകല്‍പന്തിനെ നെഞ്ചോടുചേര്‍ത്ത മണ്ണിന്‍െറ അതിഥിയായി വന്നതെങ്കില്‍ കളിമുറ്റത്തെ വിയര്‍പ്പുമായാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്‍െറ വരവ്. മഞ്ഞക്കുപ്പായം 2013ല്‍ അഴിച്ചുവെച്ച റൊണാള്‍ഡീന്യോ, ബ്രസീലിയന്‍ ടോപ് ഡിവിഷന്‍ ക്ളബ് ഫ്ളുമിനിസെക്കുവേണ്ടി ഞായറാഴ്ചയും കളത്തിലിറങ്ങിയിരുന്നു. 17ന് ഫ്ളോറിഡ കപ്പില്‍ ഷാക്തര്‍ ഡൊണസ്കിനെതിരെ പന്തുതട്ടിയ താരത്തിന്‍െറ സാന്നിധ്യവുമായാവും ഈ മാസം 24ന് കോഴിക്കോടന്‍ മണ്ണ് ഉണരുന്നത്.
21 വര്‍ഷത്തിനുശേഷം തിരിച്ചുവരുന്ന നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ബ്രാന്‍ഡ് അംബാസഡറായാണ് രണ്ടുതവണ ലോക ഫുട്ബാളറും 2002 ബ്രസീല്‍ ലോകചാമ്പ്യന്‍ ടീമംഗവുമായ റൊണാള്‍ഡീന്യോയുടെ വരവ്. ഫെബ്രുവരി അഞ്ചിനാണ് ചാമ്പ്യന്‍ഷിപ്പിന് കിക്കോഫ് കുറിക്കുന്നതെങ്കിലും 10 ദിവസം മുമ്പത്തെ സൂപ്പര്‍ താരത്തിന്‍െറ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പിനെ രാജ്യാന്തര ശ്രദ്ധയിലത്തെിക്കും. ഇതാദ്യമായാണ് റൊണാള്‍ഡീന്യോ ഇന്ത്യന്‍ മണ്ണിലത്തെുന്നതെന്ന പ്രത്യേകതയുമുണ്ട്.
നെടുമ്പാശ്ശേരി വഴി കരിപ്പൂര്‍ വിമാനത്താവളത്തിലത്തെുന്ന താരത്തിന് കോഴിക്കോട് പൗരാവലി വന്‍ സ്വീകരണം നല്‍കും. ഫുട്ബാള്‍ സമാധാനത്തിനുവേണ്ടി എന്ന പ്രമേയത്തില്‍ ഇംഗ്ളണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ റൊണാള്‍ഡീന്യോ 25ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും സന്ദര്‍ശിക്കും. രാവിലെ 11ഓടെ കൊച്ചി വഴി ദുബൈയിലേക്ക് മടങ്ങും. മത്സരം നടക്കുന്ന കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം സന്ദര്‍ശിക്കാനും സമയം കണ്ടത്തെുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മൊണ്ട്യാല്‍ സ്പോര്‍ട്സ് വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അമ്പലപ്പള്ളി, കെ.ഡി.എഫ്.എ ജില്ലാ സെക്രട്ടറി പി. ഹരിദാസ്, അംജദ് ഹസന്‍, ടി.പി. ദാസന്‍ എന്നിവര്‍ പങ്കെടുത്തു.
ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ ടീമുകളുടെ അണ്ടര്‍ 23 സംഘങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഡീഗോ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും പിന്‍മുറക്കാരായ അര്‍ജന്‍റീന അണ്ടര്‍ 23 ടീമാണ് പ്രധാനികള്‍.
ഇവര്‍ക്കൊപ്പം വാറ്റ്ഫോഡ് എഫ്.സി (ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്), ലെവാന്‍റ യു.ഡി (സ്പാനിഷ് ലാ ലിഗ), അത്ലറ്റികോ പരാനയിന്‍സ് (ബ്രസീല്‍), ടി.എസ്.വി 1860 മ്യൂണിക് (ജര്‍മനി), റാപിഡ് ബുകാറ (റുമേനിയ), ഹെര്‍ത്ത ബി.എസ്.സി (ജര്‍മനി) എന്നിവരാണ് വിദേശ ടീമുകള്‍. ഐ ലീഗ് ടീമിനെ തീരുമാനിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.